ഇടതോരം നെയ്തെടുത്ത സഞ്ചാരപഥം

Friday Mar 5, 2021
സുമേഷ് കെ ബാലൻ

തിരുവനന്തപുരം >വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച കോവളവും പൂവാറും ആഴിമലയും കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരവും ഉൾപ്പെടുന്ന മണ്ഡലമാണ്‌ കോവളം.

കുറഞ്ഞ വിസ്‌തൃതിയും ഉയർന്ന ജനസാന്ദ്രതയുംകൊണ്ട്‌ ഗിന്നസ്‌ ബുക്കിൽ ഇടംപിടിച്ച കരുംകുളം പഞ്ചായത്തും സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി കായലും വിഴിഞ്ഞം തുറമുഖ പദ്ധതിയും ഉൾപ്പെടുന്ന മണ്ഡലം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രംകൂടിയാണ്‌.
 
നേമം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി 1965ലാണ്‌ മണ്ഡലം രൂപം കൊള്ളുന്നത്‌. 1977, 1987, 1991, 2001 വർഷങ്ങളിൽ ജനതാദളിലെ ഡോ. എ നീലലോഹിതദാസൻ നാടാരാണ്‌ വിജയിച്ചത്‌. 2011ൽ കോൺഗ്രസിലെ ജോർജ്‌ മേഴ്‌സിയറെ പരാജയപ്പെടുത്തി ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവ്‌ ആർ പ്രകാശത്തിന്റെ മകളും നീലലോഹിതദാസൻ നാടാരുടെ ഭാര്യയുമായ ജമീല പ്രകാശം നിയമസഭയിലെത്തി.
 
2016ൽ 2615 വോട്ടിനാണ്‌ യുഡിഎഫിലെ എം വിൻസന്റ്‌  ജമീല പ്രകാശത്തെ പരാജയപ്പെടുത്തിയത്‌. ബിഡിജെഎസ്‌ സ്ഥാനാർഥി ടി എൻ സുരേഷ്‌ 30987 വോട്ട്‌ നേടിയിരുന്നു. ടി എൻ സുരേഷ്‌ ഇപ്പോൾ എൽജെഡിയിൽ ചേർന്നത്‌ എൽഡിഎഫിന്റെ വിജയസാധ്യത കൂട്ടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ മറ്റ്‌ മണ്ഡലങ്ങൾ മുന്നേറിയതുപോലെ കഴിഞ്ഞ അഞ്ച്‌ വർഷം കോവളത്തിന്‌ കുതിക്കാനായില്ലെന്ന പരാതി ജനങ്ങൾക്കുണ്ട്‌. നേരത്തെ ജമീല പ്രകാശം തുടങ്ങിവച്ച വികസന പദ്ധതികളുടെ തുടർച്ചയ്‌ക്കായി നിലവിലെ എംഎൽഎ ഒന്നും ചെയ്‌തില്ലെന്ന വിമർശനവുമുണ്ട്‌. നേരത്തെ സംവരണാനുകൂല്യം ലഭിക്കാതിരുന്ന നാടാർ ക്രിസ്‌ത്യൻ വിഭാഗത്തിന്‌ സംസ്ഥാന സർക്കാർ സംവരണം ഏർപ്പെടുത്തിയത്‌ എൽഡിഎഫിന്‌ അനുകൂലമായ പ്രതികരണം സൃഷ്‌ടിച്ചിട്ടുണ്ട്‌.
 
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ കോട്ടുകാൽ, കാഞ്ഞിരംകുളം, ബാലരാമപുരം, വെങ്ങാനൂർ, പൂവാർ, കരുംകുളം, കല്ലിയൂർ പഞ്ചായത്തുകളും വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടപ്പുറം, ഹാർബർ, മുല്ലൂർ എന്നീ കോർപറേഷൻ വാർഡുകളും ഉൾപ്പെടുന്നതാണ്‌ കോവളം മണ്ഡലം. മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തെഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു മേൽക്കൈ.
കല്ലിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തും വിഴിഞ്ഞം, വെങ്ങാനൂർ കോർപറേഷൻ വാർഡും എൽഡിഎഫാണ്‌ ഭരിക്കുന്നത്‌. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ്‌ കല്ലിയൂരിൽ ബിജെപി ഭരണം പിടിച്ചത്‌. കോട്ടപ്പുറം, ഹാർബർ വാർഡുകളിൽനിന്ന്‌ സ്വതന്ത്രരാണ്‌ ജയിച്ചത്‌. മുല്ലൂർ മാത്രമാണ്‌ യുഡിഎഫിനുള്ളത്‌. പൂവാറിൽ കോൺഗ്രസിനും കരുംകുളത്ത്‌ ബിജെപിക്കും പേരിനുപോലും ജനപ്രതിനിധിയില്ല.