ആറൻമുളയിലെ കാറ്റും പറയും വികസനം ഇവിടെയെന്ന്
Friday Mar 5, 2021
വെബ് ഡെസ്‌ക്
കോഴഞ്ചേരി>കലയും, സാഹിത്യവും, സംസ്കാരവും, ആദ്ധ്യാത്മികതയും, ചരിത്രവും സംഗമിക്കുന്ന മണ്ണാണ് ആറൻമുള.
പുനഃസഘടനയ്‌ക്ക് ശേഷം നിലവിലുണ്ടായിരുന്ന കുളനട, മെഴുവേലി, ആറൻമുള, തോട്ടപ്പുഴശ്ശേരി, കോയിപ്രം എന്നിവ കുടാതെ പഴയ പത്തനംതിട്ട മണ്ഡലത്തിലെ കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, നാരങ്ങാനം, ചെന്നീർക്കര, ഓമല്ലൂർ, പത്തനംതിട്ട മുൻസിപ്പാലിറ്റി എന്നിവയും, തിരുവല്ലയുടെ ഭാഗമായിരുന്ന ഇരവിപേരൂരും ചേർത്താണ് ആറൻമുള മണ്ഡലം. രൂപീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടർമാരുള്ള നിയമസഭാ മണ്ഡലവും ഇതു തന്നെ.
ഉത്രട്ടാതി ജലമേള, മാരാമൺ കൺവൻഷൻ, പാർഥസാരഥി ക്ഷേത്രം, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം, മഞ്ഞനിക്കര തീർഥാടന കേന്ദ്രം, പിആർഡിഎസ്, ഐപിസി ആസ്ഥാനങ്ങൾ, പന്തളം കൊട്ടാരം, പടേനി കേന്ദ്രങ്ങൾ, ആറൻമുള കണ്ണാടി, സാഹിത്യ പ്രതിഭകളുടെ സ്മൃതിയിടങ്ങൾ തുടങ്ങി സവിശേഷതകൾ ഏറെ.
എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ പ്രമുഖരെ വിജയിപ്പിക്കുകയും, ചില പ്രമുഖരെ പരാജയപ്പെടുത്തുകയും ചെയ്ത മണ്ഡലം. അതികായകനായിരുന്ന എം വി രാഘവനെ കവി കടമ്മനിട്ട രാമകൃഷ്ണൻ പരാജയപ്പെടുത്തിയ മണ്ണ്.
വീണാ ജോർജിന്റെ നേതൃത്വത്തിൽ അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിന്റെ മുഖഛായ മാറ്റി. റോഡുകൾ, പാലങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എല്ലാം അത്യാധുനികമായി. കൃഷിയിടങ്ങളിലെ തരിശ് കാലം അവസാനിച്ചു. ജലാശയങ്ങൾ വീണ്ടെടുക്കപ്പെട്ടു. അക്ഷരാർഥത്തിൽ ചരിത്ര ഭൂമി വികസനത്തിന്റെ പ്രഭ കൊണ്ടു നിറയുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മുൻസിപ്പാലിറ്റിയും ഇരവിപേരൂർ, മല്ലപ്പുഴശ്ശേരി, മെഴുവേലി, ചെന്നീർക്കര, നാരങ്ങാനം പഞ്ചായത്തുകളും എൽഡിഎഫ് നേടി. കോയിപ്രം, കോഴഞ്ചേരി, ആറൻമുള, ഇലന്തൂർ , ഓമല്ലൂർ പഞ്ചായത്തുകൾ യുഡിഎഫും കുളനടയിൽ ബിജെപിയും ഭരണത്തിലെത്തി. തോട്ടപ്പുഴശ്ശേരിയിൽ സ്വതന്ത്രനാണ് അധികാരത്തിൽ.
പഞ്ചായത്ത്തലത്തിൽ 58,978 വോട്ടുകൾ എൽഡിഎഫ് നേടിയപ്പോൾ 56,782 വോട്ടുകൾ യുഡിഎഫിനു ലഭിച്ചു. 2196 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിനുള്ളത്.
മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ കുളനട, ഇലന്തൂർ, കോഴഞ്ചേരി, കോയിപ്രം എന്നീ നാലു ഡിവിഷനുകളിലും എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.