റാന്നിയിൽ വികസനം പറന്നിറങ്ങി
Friday Mar 5, 2021
വെബ് ഡെസ്ക്
റാന്നി>കാർഷിക മേഖല, റബർ പ്രധാന കൃഷി. പ്രവാസികൾ ധാരാളമുള്ള പ്രദേശം.
ശബരിമല ഉൾപ്പെടുന്ന നിയോജകമണ്ഡലം തുടങ്ങി നിരവധി പ്രത്യേകതകൾ റാന്നിക്കുണ്ട്. പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷൻ റാന്നി മണ്ഡലത്തിലാണ്. റാന്നി താലൂക്കും മല്ലപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തും മണ്ഡലത്തിലുൾപ്പെടും. സിപിഐഎമ്മിലെ രാജു എബ്രഹാമാണ് 1996 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011 മുതൽ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകൾ കോന്നിയുടെ ഭാഗമാവുകയും ചെറുകോൽ, അയിരൂർ, കൊറ്റനാട്, കോട്ടങ്ങൽ, എഴുമറ്റൂർ എന്നിവ റാന്നിയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ എഴുമറ്റൂർ, കൊറ്റനാട്, അയിരൂർ, വടശ്ശേരിക്കര, പെരുനാട്, അങ്ങാടി എന്നിവ എൽഡിഎഫും നാറാണംമൂഴി, വെച്ചൂച്ചിറ, പഴവങ്ങാടി എന്നിവ യുഡിഎഫും ഭരിക്കുന്നു. കോട്ടാങ്ങലിൽ എൽഡിഎഫിനും ബിജെപിക്കും 5 സീറ്റു വീതവും റാന്നിയിൽ എൽഡിഎഫിനും യുഡിഎഫിനും 5 സീറ്റു വീതവുമാണ്. ചെറുകോൽ പഞ്ചായത്ത് ഭരണം ബിജെപിയ്ക്കാണ്.
രാജു എബ്രഹാം 1996 ൽ ജനപ്രതിനിധിയാകുമ്പോൾ മണ്ഡലത്തിലെ 30 ശതമാനം ഭാഗങ്ങളിൽ മാത്രമേ വൈദ്യുതി എത്തിയിരുന്നുള്ളൂ. സഞ്ചാരയോഗ്യമായ റോഡും കുറവായിരുന്നു. ജീപ്പില്ലാതെ എങ്ങും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥ. ഇന്ന് സ്ഥിതിഗതികളാകെ മാറി. വൈദ്യുതീകരണത്തിൽ സമ്പൂർണത കൈവരിച്ചു. മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാണ്. മിക്ക റോഡും ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിച്ചു. വൈദ്യുതി ഉൽപാദനത്തിനും നിയോജകമണ്ഡലം സ്വയംപര്യാപ്തത നേടി. ഘോരവനത്തിൽ ഒറ്റപ്പെട്ടു കിടന്ന ഗവിയെ ലോക ടൂറിസം ഭൂപടത്തിൽ എത്തിച്ചു.
ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയ താലൂക്ക് ആശുപത്രി കേരളത്തിലെ ഏറ്റവും വൃത്തിയുള്ള ആശുപത്രിക്കുള്ള അവാർഡ് നേടി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ബൃഹത്തായ പദ്ധതികൾ നടപ്പാക്കി. റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ, സബ് ആർടിഒ ഓഫീസ്, മേജർ മൈനർ ഇറിഗേഷൻ ഓഫീസുകൾ, ഡിവൈഎസ്പി ഓഫീസ്, ലഹരി വിമോചന കേന്ദ്രം, ഐഎച്ച്ആർഡി കോളേജ്, റാന്നി ഗവ. ഐടിഐ തുടങ്ങിയവയെല്ലാം നേടിയെടുക്കാനായി. ഇനി വിമാനത്താവളം വരുന്നതോടെ കൂടുതൽ വികസനം എത്തും.