വിജയമെത്താൻ വികസന വഴി

Friday Mar 5, 2021
●പി ദിനേശൻ


കൂത്തുപറമ്പ്‌>എൽഡിഎഫ്‌ ഭരണത്തിൽ വികസനക്കുതിപ്പ്‌ നേടിയ മണ്ഡലമാണ്‌ കൂത്തുപറമ്പ്‌.


 പ്രതിസന്ധി ഘട്ടത്തിൽ മലയാളിക്ക്‌ കരുതലിന്റെ കരുത്തും അതിജീവനത്തിന്റെ ആശ്വാസവും പകർന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ സ്വന്തം മണ്ഡലത്തിനും നൽകി കൈനിറയെ. നാടിന്റെ വികസന സ്വപ്‌നങ്ങൾ സാക്ഷാൽക്കരിച്ച ഭരണമികവിന്‌ രാഷ്‌ട്രീയഭേദമില്ലാതെയാണ്‌ സ്വീകാര്യത. ആശുപത്രികൾ, സ്‌കൂളുകൾ, റോഡുകൾ, പാലങ്ങൾ... ജനജീവിതത്തിന്റെ എല്ലാ മേഖലയിലും മാറ്റമുണ്ടാക്കിയ അഞ്ചുവർഷമാണ്‌ കടന്നുപോയത്‌.
    കൂത്തുപറമ്പ്‌ സ്‌റ്റേഡിയവും കോട്ടയം, കനകമല കുടിവെള്ള പദ്ധതികളും ഉൾപ്പെടെ 627.23 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്‌. പാനൂർ ഗവ. എൽപി സ്‌കൂളും പാട്യം ഗവ. ഹയർസെക്കൻഡറി സ്‌കൂളും മികവിന്റെ പാതയിലാണ്‌. പാനൂർ മിനി സിവിൽസ്‌റ്റേഷന്‌ ശിലയിട്ടു. കൂത്തുപറമ്പ്‌ താലൂക്ക്‌ ആശുപത്രിയും പുരോഗതിയിലാണ്‌.
     കൂത്തുപറമ്പിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിയെഴുതിയത്‌ അരനൂറ്റാണ്ടുമുമ്പ്‌‌ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. 1970–ൽ അദ്ദേഹത്തിന്റെ വിജയത്തിലൂടെ പാറിയ ചെങ്കൊടി ഇടതുപക്ഷത്തിന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു. മൂന്നുതവണ പിണറായി കൂത്തുപറമ്പിൽനിന്ന്‌ വിജയിച്ചു.
     ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ പിഎസ്‌പിയുടെ പി ആർ കുറുപ്പിനായിരുന്നു ജയം. കെ കെ അബു രണ്ടു‌തവണയും എം വി രാഘവൻ, പി വി കുഞ്ഞിക്കണ്ണൻ, കെ പി മമ്മുമാസ്‌റ്റർ എന്നിവർ ഓരോതവണയും തെരഞ്ഞെടുക്കപ്പെട്ടു. 1996–ൽ കൂത്തുപറമ്പിൽനിന്നാണ് കെ കെ ശൈലജ ആദ്യമായി നിയമസഭയിലെത്തിയതും.
    2001–ൽ സിപിഐ എം നേതാവ് പി ജയരാജൻ 18,620 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കിയതിനെതുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ 45,377 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷം നേടി ജയരാജൻ. 2006–ൽ 38,327 വോട്ടിന്റെ ഭൂരിപക്ഷത്തോടെ‌ ജയം ആവർത്തിച്ചു.
     1965–ൽ മണ്ഡല വിഭജനത്തോടെ നിലവിൽവന്ന പെരിങ്ങളത്തെ ആദ്യ വിജയവും പി ആർ കുറുപ്പിന്റെ പേരിലാണ്‌. കൂത്തുപറമ്പിന്റെ ഒരുഭാഗം അന്ന്‌ പെരിങ്ങളം മണ്ഡലത്തിലായി. പെരിങ്ങളത്തുനിന്ന്‌ അഞ്ച്‌ തവണയും കൂത്തുപറമ്പിൽനിന്ന്‌ രണ്ടു‌തവണയും പി ആർ കുറുപ്പ്‌ നിയമസഭയിലെത്തി. പെരിങ്ങളത്ത്‌ എ കെ ശശീന്ദ്രൻ, എൻ എ മമ്മുഹാജി, ഇ ടി മുഹമ്മദ്‌ ബഷീർ എന്നിവർ ഓരോ തവണയും കെ എം സൂപ്പി രണ്ടു‌ തവണയും ജയിച്ചു. 2001ലും 2006ലും ജനതാദൾ നേതാവ് കെ പി മോഹനന്റെ ഊഴമായിരുന്നു. മണ്ഡല പുനർനിർണയത്തിനുശേഷമുള്ള 2011ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ  വിജയം കെ പി മോഹനനൊപ്പം. 2016–ൽ എൽഡിഎഫിലെ കെ കെ ശൈലജ 12,243 വോട്ടിന്‌ ചെങ്കൊടി പാറിച്ചു.

     കൂത്തുപറമ്പ്‌ രക്തസാക്ഷികളുടെ സ്‌മരണകളിരമ്പുന്ന മണ്ഡലത്തിന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണ്‌. എൽജെഡിയും കേരള കോൺഗ്രസ്‌–എമ്മും എത്തിയതോടെ കൂടുതൽ കരുത്താർജിച്ച മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാനാണ്‌ എൽഡിഎഫ്‌ ശ്രമം.

ആകെ വോട്ടർമാർ: 1,88,523
പുരുഷന്മാർ: 90,081
സ്‌ത്രീകൾ: 98,442

നിയമസഭ– 2016
...............................................
എൽഡിഎഫ്:‌ 67,013
യുഡിഎഫ്‌: 54,722
എൻഡിഎ: 20,787
എൽഡിഎഫ്‌ ഭൂരിപക്ഷം: 12,291

ലോക്‌സഭ– 2019
..................................................
എൽഡിഎഫ്‌: 64,359
യുഡിഎഫ്‌: 68,492
എൻഡിഎ: 15,303
യുഡിഎഫ്‌ ഭൂരിപക്ഷം: 4,133

തദ്ദേശം– 2020
................................................
എൽഡിഎഫ്:‌ 73,905
യുഡിഎഫ്‌: 50,074
എൻഡിഎ: 27,120
എൽഡിഎഫ്‌ ഭൂരിപക്ഷം: 23,831