പോരാട്ടത്തിന്റെ ചുവന്ന മണ്ണ്
Friday Mar 5, 2021
●എസ് സിരോഷ
ആലത്തൂർ>വീഴുമലയുടെ താഴ്‌വരയിൽ കതിരണിഞ്ഞ നെൽപ്പാടങ്ങൾക്കിടയിലെ ചുവന്ന മണ്ണ്.
ഗായത്രിപ്പുഴയുടെ സംഗീതം കേട്ടുണരുന്ന ജനത. ഇ എം എസിനെ തെരഞ്ഞെടുത്ത മണ്ഡലം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് ആലത്തൂർ. രൂപീകരിച്ച 1957ൽ ആദ്യത്തെ ജനപ്രതിനിധിയായത് കമ്യൂണിസ്റ്റ് പാർടിയെ പ്രതിനിധീകരിച്ച് ആലത്തൂർ ആർ കൃഷ്‌ണനാണ്. തുടർന്നിങ്ങോട്ട് 1970 വരെ അദ്ദേഹം വിജയക്കൊടി പാറിച്ചു. 1977ൽ ഇ എം എസ് പട്ടാമ്പിയിൽനിന്ന് ആലത്തൂരിലെത്തി ചുവപ്പുകോട്ട ഉറപ്പിച്ചു. 1980ലും 82ലും സിപിഐ എമ്മിലെ സി ടി കൃഷ്‌ണൻ വിജയിച്ചു. 1987ൽ സി കെ രാജേന്ദ്രനായിരുന്നു വിജയി. 1991ൽ മാത്രമാണ് ആലത്തൂരിന് കൈപ്പിഴ പറ്റിയത്. സിപിഐ എമ്മിലെ വി സുകുമാരനെ കോൺഗ്രസിലെ എ വി ഗോപിനാഥ് 338 വോട്ടിന് പരാജയപ്പെടുത്തി. 1996ൽ സി കെ രാജേന്ദ്രനിലൂടെ സിപിഐ എം മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടിങ്ങോട്ട് നടന്ന ഒരു തെരഞ്ഞെടുപ്പിലും ആലത്തൂരിന് പിഴച്ചില്ല. 2001ൽ വി ചെന്താമരാക്ഷനാണ് സാരഥിയായത്. 2006ൽ സിപിഐ എമ്മിലെ എം ചന്ദ്രനെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 47,671 വോട്ടിനാണ് ആലത്തൂരുകാർ തെരഞ്ഞെടുത്തത്. 2011ൽ എം ചന്ദ്രൻ വിജയം ആവർത്തിച്ചു. 2016ൽ കെ ഡി പ്രസേനനെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി മണ്ഡലം വിധിയെഴുതിയെങ്കിലും തൊട്ടുപിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടാഴി, കിഴക്കഞ്ചേരി, മേലാർകോട്, ആലത്തൂർ, എരിമയൂർ, തേങ്കുറുശി പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം നിന്നു. കുഴൽമന്ദം പഞ്ചായത്ത് മാത്രമാണ് യുഡിഎഫിനെ വിജയിപ്പിച്ചത്.
1980 മുതൽ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം
1980
സി ടി കൃഷ്‌ണൻ (സിപിഐ എം) 36,244
കെ പി കലാധരൻ (സ്വതന്ത്രൻ) 30,262
ഭൂരിപക്ഷം: 5982
1982
സി ടി കൃഷ്‌ണൻ(സിപിഐ എം) 39,982
സി കെ ബാലകൃഷ്‌ണൻ (സ്വതന്ത്രൻ) 28,668
ഭൂരിപക്ഷം: 11,314
1987
സി കെ രാജേന്ദ്രൻ (സിപിഐ എം) 44,381
സി എസ് രാമചന്ദ്രൻ മാസ്‌റ്റർ (സ്വതന്ത്രൻ) 43,170
ഭൂരിപക്ഷം:1211
1991
എ വി ഗോപിനാഥ് (കോൺഗ്രസ്) 49,512
വി സുകുമാരൻ മാസ്‌റ്റർ (സിപിഐ എം) 49,174
ഭൂരിപക്ഷം: 338
1996
സി കെ രാജേന്ദ്രൻ (സിപിഐ എം) 53,763
ആർ ചെല്ലമ്മ(കോൺഗ്രസ്) 41,597
ഭൂരിപക്ഷം: 12,166
2001
വി ചെന്താമരാക്ഷൻ (സിപിഐ എം) 59,485
ആർ ചെല്ലമ്മ(കോൺഗ്രസ്) 46,980
ഭൂരിപക്ഷം: 12,505
2006
എം ചന്ദ്രൻ (സിപിഐ എം) 73,231
എ രാഘവൻ (സ്വതന്ത്രൻ) 25,560
ഭൂരിപക്ഷം: 47,671
2011
എം ചന്ദ്രൻ (സിപിഐ എം) 66,977
കെ കുശലകുമാർ (കേരള കോൺ–എം) 42,236
ഭൂരിപക്ഷം: 24,741
2016
കെ ഡി പ്രസേനൻ (സിപിഐ എം) 71,206
കെ കുശലകുമാർ (കേരള കോൺ–എം) 35,146
ഭൂരിപക്ഷം: 36,060.
2019 ലോക്‌സഭ
യുഡിഎഫ് 73,120
എൽഡിഎഫ് 50,407
ഭൂരിപക്ഷം യുഡിഎഫ് 22,713
2010 തദ്ദേശം
എൽഡിഎഫ് 72,460
യുഡിഎഫ് 55,023
ഭൂരിപക്ഷം എൽഡിഎഫ് 17,437.