ജില്ലയിലെ ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളിലൊന്നാണ് കായംകുളം. 2006 മുതൽ തുടർച്ചയായി ചെങ്കൊടിമാത്രം പാറിയമണ്ണ്.
പേരിനൊരു മത്സരമായി മാത്രമാണ് എതിരാളികൾ പോലും കായംകുളത്തെ കാണുന്നത്. വിദൂരസ്വപ്നങ്ങളിൽ പോലും അട്ടിമറിനടത്താമെന്ന് എതിർപക്ഷം കരുതുന്നില്ല. 2006ലും 2011ലും സി കെ സദാശിവൻ, 2016ൽ യു പ്രതിഭ എന്നിവരിലൂടെ എൽഡിഎഫ് കായംകുളത്തെ സ്വന്തംപേരിൽ എഴുതിച്ചേർത്തു. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിലെ കെ ഒ ഐഷാബായിയാണ് ജയിച്ചത്. അവർ ഡെപ്യൂട്ടി സ്പീക്കറുമായി. 1960ലും ഐഷാബായി വിജയമാവർത്തിച്ചു. 1965ൽ സിപിഐ എമ്മിലെ സുകുമാരൻ, 1967ൽ പിഎസ്പിയിലെ പി കെ കുഞ്ഞ്, 1970ൽ കോൺഗ്രസിലെ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള എന്നിവർ മണ്ഡലം പിടിച്ചു. 1977ലും കുഞ്ഞുകൃഷ്ണപിള്ള ജയം തുടർന്നു. 1980ൽ ഇടതുപക്ഷത്തോട് ചേർന്ന് മത്സരിച്ച കോൺഗ്രസിലെ തച്ചടി പ്രഭാകരൻ അട്ടിമറിജയം നേടി. 1982ൽ എൽഡിഎഫ്വിട്ട് മത്സരിച്ച തച്ചടി വിജയമാവർത്തിച്ചു. 1987ൽ സിപിഐ എമ്മിലെ എം ആർ ഗോപാലകൃഷ്ണൻ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1991ൽ തച്ചടിയോട് എം ആർ ഗോപാലകൃഷ്ണൻ തോറ്റത് 33 വോട്ടിന്. 1996ൽ തച്ചടിയെ വീഴ്ത്തി സിപിഐ എമ്മിലെ ജി സുധാകരൻ ചെങ്കൊടി പാറിച്ചു. 2001ൽ കോൺഗ്രസിലെ എം എം ഹസൻ ജയിച്ചു. തുടർന്ന് എൽഡിഎഫാണ് വിജയത്തേരിൽ. കായംകുളം നഗരസഭയും ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്ണപുരം, ഭരണിക്കവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. യുഡിഎഫിന് കണ്ടല്ലൂർ, കൃഷ്ണപുരം പഞ്ചായത്തുകൾ മാത്രം. ബ്ലോക്കുകളടക്കം ബാക്കി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫാണ് ഭരിക്കുന്നത്.
ഭരണിക്കാവ്, കൃഷ്ണപുരം, പത്തിയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എൽഡിഎഫാണ്. 2016 നിയമസഭ വോട്ടുനിലയു പ്രതിഭ (സിപിഐ എം) 72,956എം ലിജു (കോൺഗ്രസ്) 61,099ഷാജി എം പണിക്കർ (ബിഡിജെഎസ്) 20,000ഭൂരിപക്ഷം 11,857