സീറ്റ് മോഹികളേറെ ലീഗ് പട്ടിക വൈകും
Friday Mar 5, 2021
മലപ്പുറം
സീറ്റിനായി നേതാക്കൾ കൂട്ടത്തോടെ കുപ്പായം തുന്നിയതോടെ മുസ്ലിംലീഗ് സ്ഥാനാർഥി നിർണയം അനിശ്‌ചിതത്വത്തിൽ. വെള്ളിയാഴ്‌ച പാണക്കാട്ട് നേതൃയോഗം ചേർന്നെങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാനമെടുക്കാനാവാതെ പിരിഞ്ഞു. ഏഴിന് ജില്ലാ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീണ്ടും നേതൃയോഗം ചേരും. ലീഗിന് അധിക സീറ്റുകൾ അനുവദിക്കുന്നതിൽ യുഡിഎഫ് തീരുമാനം വൈകുന്നതും പ്രതിസന്ധിയാണ്.
മുസ്ലിംലീഗ് പാർടി നേതൃത്വമാകെ മത്സരിക്കാൻ രംഗത്തുണ്ട്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ സീറ്റുറപ്പാക്കി. ദേശീയ ട്രഷറർ പി വി അബ്ദുൾ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് എന്നിവരുടെ കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. വഹാബ് നിയമസഭയിലേക്ക് നോട്ടമിട്ടെങ്കിലും നേതൃത്വം വഴങ്ങിയിട്ടില്ല. രാജ്യസഭാ സീറ്റ് നൽകി തൃപ്‌തിപ്പെടുത്താനാണ് നീക്കം. മജീദിനെതിരെ മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തിയത് നേതൃത്വത്തെ കുഴയ്ക്കുന്നു. നിരവധി മണ്ഡലങ്ങളിൽ ഒന്നിലേറെ പേർ സീറ്റ് മോഹവുമായി രംഗത്തുണ്ട്. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ ലോക്‌സഭയിലേക്ക് അബ്ദുസമദ് സമദാനിയെ നിർത്താനാണ് നീക്കം. അതിലും തർക്കമുണ്ട്.
നിലവിൽ കോൺഗ്രസ് മത്സരിക്കുന്ന ബേപ്പൂർ, കൂത്തുപറമ്പ്, പട്ടാമ്പി സീറ്റുകൾ അധികമായി വിട്ടുനൽകണമെന്നാണ് ലീഗ് ആവശ്യം. ഇതിൽ കോൺഗ്രസ് തീരുമാനം അറിയിച്ചിട്ടില്ല. സീറ്റുകൾ വിട്ടുകൊടുക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായഭിന്നത ശക്തം. പട്ടാമ്പി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ലീഗ് നേതൃയോഗം തീരുമാനിച്ചു. ഇതിനായി യുഡിഎഫിൽ സമ്മർദം ശക്തമാക്കും.
സീറ്റുകൾ മുതിർന്ന നേതാക്കൾ വീതംവച്ചെന്ന പരാതി യൂത്ത് ലീഗിനുണ്ട്. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യവുമായി ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്തുണ്ട്. നേതൃയോഗത്തിനിടെ പി കെ ഫിറോസിനെയും സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങളെയും പാണക്കാട്ടേക്ക് വിളിച്ചുവരുത്തി വിട്ടുവീഴ്‌ചക്ക് തയ്യാറാകേണ്ടി വരുമെന്ന സൂചന നൽകി. കെ എം ഷാജിയെ കാസർകോട് സ്ഥാനാർഥിയാക്കുന്നതിനെതിരെ ജില്ലാ ഭാരവാഹികൾ പാണക്കാട്ടെത്തി കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. ഷാജിയുടെ കാര്യത്തിലും തീരുമാനം നീളും.
ലോക്‌സഭാ സ്ഥാനാർഥിയും
കൂടെ: കുഞ്ഞാലിക്കുട്ടി
മുസ്ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനം വൈകുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒമ്പതിനോ, പത്തിനോ പ്രഖ്യാപനം ഉണ്ടായേക്കും. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥിയെയും ഇതിനൊപ്പം പ്രഖ്യാപിക്കും. ഏഴിന് വീണ്ടും യോഗം ചേർന്ന് അന്തിമ പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.