ഉഷേച്ചീ, ഇവിടെ സൂപ്പറായി

Friday Mar 5, 2021
പി സുരേശൻ


കണ്ണൂർ
ആദിത്യ ഒന്നും മറന്നിട്ടില്ല. കിട്ടിയതും  കഴിച്ച്‌  അടുക്കളയിൽ ചുരുണ്ടുറങ്ങിയ കാലം. പിന്നെ കെടിഡിസിയുടെ  ഹോട്ടലിലേക്ക്‌  ആട്ടിയോടിക്കപ്പെട്ടത്. പരിശീലന സമയത്തുപോലും  മെച്ചപ്പെട്ട ഭക്ഷണമില്ല, താമസസൗകര്യവും. അഞ്ചു വർഷംമുമ്പ്‌  കണ്ണൂർ സ്‌പോട്‌സ്‌ ഡിവിഷന്റെ അവസ്ഥ,‌ വോളിബോളിൽ രാജ്യത്തിന്റെ പ്രതീക്ഷയായ താരത്തിന്റെ പൊള്ളുന്ന വാക്കുകളിൽ. 

സ്‌പോർട്‌സ്‌   ഡിവിഷനിൽ പ്രവേശനം നേടിയ മക്കളെ ഓർത്ത്‌ രക്ഷിതാക്കൾ ആധി പൂണ്ട കാലമായിരുന്ന്‌ അത്‌. പി ടി ഉഷയെപ്പോലുള്ള രാജ്യാന്തര താരങ്ങളുടെ കളിത്തൊട്ടിലിൽ കായിക താരങ്ങളുടെ അവസ്ഥ ദയനീയമായിരുന്നു. അക്കാലവും ഇക്കാലവും നല്ലപോലെ അറിയുന്നവരാണ്‌ ‌പ്ലസ്‌ടു വിദ്യാർഥികളായ ആദിത്യ വേണുഗോപാലും  വൈഷ്‌ണയും. ആൻ തെരേസ,  പി പി നന്ദന,  പി പി ശാരിക,  വി പി വിസ്‌മയ, കീർത്തന എന്നിവർക്ക്‌ പറയാനുള്ളത്‌ പുതിയ കാലത്തെ കുറിച്ചാണ്‌.

എല്ലാം സൂപ്പറായ 
കാലം
പരിശീലനത്തിന്‌ മുമ്പ്‌ പുലർച്ചെ 5.30ന്‌ ബെഡ്‌കോഫിയും ബിസ്‌കറ്റും. പരിശീലനത്തിനുശേഷം രണ്ട്‌ മുട്ടയും ഏത്തപ്പഴവും ഒരു ഗ്ലാസ്‌ പാലും.  ഇതിനൊപ്പം ബൂസ്‌റ്റ്‌ അല്ലെങ്കിൽ  ഹോർലിക്‌സ്‌. ഉച്ചയ്‌ക്ക്‌ തോരൻ ഉൾപ്പെടെ നാല്‌ കറി. ഒപ്പം മീൻ വറുത്തതും‌.  വൈകിട്ട്‌  പരിശീലനത്തിനുശേഷം ചായയും പഴംപൊരി ഉൾപ്പെടെ ലഘുഭക്ഷണവും. രാത്രി ചോറ്‌, ചപ്പാത്തി, ചിക്കൻ, മട്ടൻ, ബീഫ്‌ ഇതിലേതെങ്കിലും.  രാത്രി ഭക്ഷണത്തിനൊപ്പം ഫ്രൂട്ട്‌സും‌ ശേഷം നട്ട്‌സും.  ആഴ്‌ചയിൽ രണ്ടു ദിവസം  ബിരിയാണി.

എല്ലാവർക്കും സ്വന്തമായി ബെഡ്ഡും മറ്റ്‌ സൗകര്യങ്ങളും‌. ഡയറ്റീഷ്യൻ പറയുന്ന പ്രകാരമാണ്‌ ഭക്ഷണം.  വർഷത്തിൽ  സ്‌പോട്‌സ്‌ കിറ്റിനത്തിൽ ഓരോ കുട്ടിക്കും 25,000 രൂപ സർക്കാർ ചെലഴിക്കുന്നു. 243 കുട്ടികളാണ്‌ ഇവിടെയുള്ളത്‌.
10 കോടി രൂപയുടെ വികസന പ്രവർത്തനം.  പുതിയ  സ്‌പോട്‌സ്‌ ഹോസ്‌റ്റൽ കെട്ടിടം.  രണ്ട്‌ സിന്തറ്റിക്‌ സെമി ഇൻഡോർ  ബാസ്‌കറ്റ്‌ബോൾ കോർട്ട്‌, രണ്ട്‌ സെമി ഇൻഡോർ  വേളിബോൾ കോർട്ട്‌. പരിശീലകരുടെ എണ്ണം നാലിൽനിന്ന്‌ 13 ആക്കി. 

ജി വി രാജ 
തിളങ്ങുന്നു
പിണറായി സർക്കാർ വന്ന‌ശേഷം 30 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. ഹോസ്‌റ്റൽ കെട്ടിടം,  ആറ്‌ ലൈൻ 400 മീറ്റർ സിന്തറ്റിക്‌ ട്രാക്ക്‌, ആസ്‌ട്രോടർഫ്‌  ഹോക്കി  ഗ്രൗണ്ട്‌, ആർട്ടിഫിഷ്യൽ ഫുട്‌ബോൾ കോർട്ട്‌, മൾട്ടി പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം, രണ്ട്‌ സിന്തറ്റിക്‌ ബാസ്‌കറ്റ്‌  ബോൾ ഓപ്പൺ കോർട്ട്‌. രണ്ട്‌ വോളിബാൾ കോർട്ട്‌, അത്യന്താധുനിക ഹോസ്‌റ്റൽ സൗകര്യം. സ്‌കൂളിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ലാബ്‌. പരിശീലകരുടെ എണ്ണം എട്ടിൽനിന്ന്‌ 24 ആക്കി.  വർഷം 25,000 രൂപയുടെ സ്‌പോട്‌സ്‌ കിറ്റ്‌.  1974ൽ തുടങ്ങിയ ജി വി രാജയിൽ 400 വിദ്യാർഥികളുണ്ട്‌.

കുന്നംകുളം  പുതുവഴിയിൽ
കുന്നംകുളം ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി  സ്‌കൂളിൽ സ്പോർട്സ് ഡിവിഷൻ ആരംഭിക്കാൻ നടപടി തുടങ്ങി.  അടുത്തത്‌ കാസർകോട്ടും പത്തനംതിട്ടയിലും.‌