ഓർമയില്ലേ 
പാലങ്ങൾ

Friday Mar 5, 2021
ടി ആർ അനിൽകുമാർ


കൊച്ചി
ഒരു പാലം വരുത്തിയ നാണക്കേടിന്റെ കഥ എത്ര പറഞ്ഞാലും തീരില്ല എറണാകുളത്ത്‌. ജയിലിൽ നിന്നിറങ്ങിയതു തന്നെ വീണ്ടും മത്സരിക്കാനാണെന്ന്‌ പാലം വിഴുങ്ങിയ മന്ത്രി ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, ജനം കാണുന്നത്‌ ഈ ജയിൽവാസക്കാരെയല്ല. എറണാകുളം നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഉയർന്ന  ഉറപ്പുള്ള ‘പാലങ്ങൾ’ ആണ്‌.

50 ശതാനം പേർ നഗരങ്ങളിൽ പാർക്കുന്ന ജില്ലയിൽ വികസനം തന്നെയാണ്‌ മുഖ്യചർച്ച.  മെട്രോ റെയിൽ,  വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ,  വാട്ടർ മെട്രോ, മനോഹരമായ റോഡുകൾ,  സിറ്റി ഗ്യാസ്, സിഎൻജി പമ്പുകൾ...  ഒടുവിൽ  ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞും പണിതു തകർത്ത പാലാരിവട്ടം പഞ്ചവടിപ്പാലവും പൊളിച്ചു പണിത്‌ അടുത്തദിവസം തുറക്കുകയാണ്‌.  അങ്കമാലി–-ശബരി റെയിൽപാത കിഴക്കൻ പ്രദേശങ്ങൾക്ക്‌ പ്രതീക്ഷയാണ്‌. സംസ്ഥാന സർക്കാരാണ്‌ പകുതി ചെലവ്‌ ഏറ്റെടുത്ത്‌ പദ്ധതിക്ക്‌ ജീവൻ വയ്‌പ്പിച്ചത്‌. നഷ്‌ടത്തിലായിരുന്ന ടെൽകും ടിസിസിയും കെല്ലും  ട്രാക്കോ കേബിളും ലാഭത്തിലേക്ക്‌.

എറണാകുളം  നിയമസഭാ മണ്ഡലത്തിൽ 2016 ലേതിൽനിന്ന്‌ യുഡിഎഫ്‌ ഏറെ പിന്നോട്ട്‌ പോയത്‌ ജനം മാറി ചിന്തിക്കുന്നുവെന്നതിന്‌ തെളിവ്‌.  അന്ന്‌ ഉണ്ടായിരുന്ന ഭൂരിപക്ഷം 21327 വോട്ട്‌  2019 ലെ  ഉപതെരഞ്ഞെടുപ്പിൽ  3750 ആയി.  തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ മുന്നേറ്റമാണ്‌ എൽഡിഎഫിനുണ്ടായത്‌.  കൊച്ചി കോർപറേഷനിലെ പത്തുവർഷത്തെ യുഡിഎഫ്‌ ഭരണത്തിനും അവസാനം കണ്ടു.  കിഴക്കൻമേഖലയിൽ കൂടുതൽ സ്വാധീനമുള്ള കേരള കോൺഗ്രസ്‌ ഇത്തവണ യുഡിഎഫിനൊപ്പമില്ലെന്നത്‌ രാഷ്‌ട്രീയ ബലാബലത്തിൽ കാര്യമായ മാറ്റം വരുത്തും.  ബിജെപിയുടെ വളർച്ചയും താഴോട്ടാണ്‌.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 248313 വോട്ട്‌ ലഭിച്ച എൻഡിഎയ്‌ക്ക്‌ 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയത്‌ 230559 വോട്ടുമാത്രം.