ഐ എം വിജയന്റെ പേരിൽ ലാലൂരിൽ ഉയരുന്നത്‌ എണ്ണം പറഞ്ഞ ഇൻഡോർ 
സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌

ഇനിയുമുണ്ട്‌ 
‘ഗോൾ’

Friday Mar 5, 2021
ഇ എസ്‌ സുഭാഷ്‌


തൃശൂർ
ഒന്നരപ്പതിറ്റാണ്ടായി ഇടതുപക്ഷ ശക്തിദുർഗമായി മാറിയ  തൃശൂരിൽ പനമ്പിള്ളിയുടെയും കെ കരുണാകരന്റെയും പാരമ്പര്യം പറഞ്ഞിരുന്ന കാലം മാറി.  അതുകൊണ്ട്‌ മുമ്പ്‌ കാണാത്ത മാറ്റവും സാംസ്‌കാരിക ഭൂവിൽ ദൃശ്യമാണ്‌. 

പുത്തൂർ സുവോളജിക്കൽ പാർക്ക്‌ കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽത്തന്നെ കുതിച്ചുചാട്ടമുണ്ടാക്കും. ഇന്ത്യൻ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ  ഇതിഹാസം ഐ എം വിജയന്റെ പേരിൽ ലാലൂരിൽ ഉയരുന്നത്‌ എണ്ണം പറഞ്ഞ ഇൻഡോർ സ്‌റ്റേഡിയം കോംപ്ലക്‌സുകളിലൊന്ന്‌. ഏഷ്യയിലെ ആദ്യ  സ്‌പോർട്‌സ്‌  ആശുപത്രി തുറന്നു‌.

ജമാഅത്തെ ഇസ്ലാമി, വെൽഫെയർപാർടി എന്നിവരുമായി കോൺഗ്രസിനുള്ള ബന്ധം മറനീക്കിയതും തൃശൂർ ജില്ലയിലാണ്‌.  തദ്ദേശ തെരഞ്ഞെടുപ്പിൽ 49 വാർഡിൽ സഖ്യമുണ്ടാക്കി‌.  തങ്ങളുടെ ശക്തികേന്ദ്രമാണ്‌ എന്ന്‌ സ്ഥാപിക്കാനുള്ള ശ്രമം ഐ ഗ്രൂപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്നു. രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യയാത്രയുടെ പ്രചാരണ ബോർഡുകളിൽനിന്ന്‌ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയിരുന്നു.

2016–-ലെ  ഫലത്തിന്റെ തുടർച്ചയെന്നോണമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം. തൃശൂർ കോർപറേഷനിലും ഏഴിൽ അഞ്ച്‌ മുനിസിപ്പാലിറ്റിയിലും  86ൽ 69 ഗ്രാമപഞ്ചായത്തിലും  16 ബ്ലോക്ക്‌ പഞ്ചായത്തിൽ 13–ലും 29 ജില്ല പഞ്ചായത്ത്‌ ഡിവിഷനിൽ 24ലും എൽഡിഎഫ്‌ വെന്നിക്കൊടി പാറിച്ചു‌.

43 വോട്ടിന്‌  വിജയിച്ച അനിൽ അക്കര  വീടില്ലാത്തവരോട്‌ ചെയ്ത വഞ്ചനയ്‌ക്ക്‌ വടക്കാഞ്ചേരിയിലെ ജനങ്ങൾതന്നെ മറുപടി നൽകി. വടക്കാഞ്ചേരി  നഗരസഭയിലുൾപ്പെടെ എല്ലാ മേഖലയിലും എൽഡിഎഫിന്‌ വൻ കുതിപ്പ്‌ നൽകി.  കോൺഗ്രസിനകത്തും  അക്കരെയ്‌ക്കെതിരായ വികാരം ശക്തമാണ്‌‌.

 ലാലൂരിലെ ഐ എം വിജയൻ സ്‌പോർട്‌സ്‌  കോംപ്ലക്‌സ്‌

ലാലൂരിലെ ഐ എം വിജയൻ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌

ആഭ്യന്തരകലഹം രൂക്ഷമായ ബിജെപിയുടെ ജില്ലാ കമ്മിറ്റികളിൽ ഒന്നാണ്‌  തൃശൂർ. എല്ലാ മണ്ഡലത്തിലും മത്സരിക്കാൻ ഒരുങ്ങുന്ന ബിജെപിക്ക്‌  തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.