വിമോചനസമരത്തിലുംവീഴാത്ത നാട്

Saturday Mar 6, 2021
അഖിൽ ഉളിയൂർ

നെടുമങ്ങാട്‌>അഗസ്‌ത്യമലയെയും കടലോരത്തെയും പകുത്തുനിർത്തുന്ന ഇടനാടാണ്‌‌ നെടുമങ്ങാട്‌. മലഞ്ചരക്ക്‌ വ്യാപാരത്തിന്റെയും നാണ്യവിളകളുടെയും ഈറ്റില്ലം.‘നെടുവൻ’കാടുകളിലെ ചെമ്മണ്ണിൽ ചോരനീരാക്കി ജനപഥം കെട്ടിപ്പടുത്ത കർഷകരുടെ നാട്‌. ദുഷ്‌പ്രഭുത്വത്തെ കലാപംകൊണ്ട്‌ അടരാടി തോൽപ്പിച്ച സമരഭൂമി. ചന്തസമരത്തിന്റെയും കൊയ്ത്തു സമരത്തിന്റെയും നിണം പടർന്ന ചരിത്രം ഈ തനിനാടൻ മണ്ഡലത്തിന്റെ  ചായ്‌വ് ഇടത്തേക്ക് ഊട്ടിയുറപ്പിച്ചു. 


ആദ്യ തെരഞ്ഞെടുപ്പ്‌മുതൽ അത്‌ പ്രകടം. 1957ൽ രൂപംകൊണ്ട മണ്ഡലം 11 തവണയാണ്‌ ഇടതുപക്ഷത്തെ സ്വീകരിച്ചത്‌. നാല്‌ തവണ കോൺഗ്രസിനും ഇടം നൽകി. കമ്യൂണിസ്റ്റ്‌ പാർടിയിലെ എൻ എൻ പണ്ടാരത്തിലിന്‌ 12000 വോട്ടിന്റെ ഭൂരിപക്ഷം നൽകി നിയമസഭയിലെത്തിച്ചാണ്‌‌ നെടുമങ്ങാട്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലേക്കിറങ്ങുന്നത്‌‌. കുപ്രസിദ്ധമായ വിമോചനസമരത്തിനും ഇ എം എസ്‌ സർക്കാരിന്റെ പിരിച്ചുവിടലിനുംശേഷം 1960ൽ നടന്ന തെരഞ്ഞെടുപ്പിലും നെടുമങ്ങാട്ടുകാർ ഇടതുപക്ഷത്തിനൊപ്പം നിന്നു. എൻ എൻ പണ്ടാരത്തിൽത്തന്നെ വീണ്ടും ജനപ്രതിനിധിയായി. അടുത്ത്‌ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ്‌ വരദരാജൻ ജയിച്ചെങ്കിലും മന്ത്രിസഭ രൂപീകരിക്കാത്തതിനാൽ നിയമസഭ കാണാനായില്ല. 1967 മുതൽ 1987 വരെ മലയോരത്ത്‌ ഇടത്‌ തേരോട്ടമായിരുന്നു. രണ്ട്‌ തവണ സിപിഐയിലെ കെ ജി കുഞ്ഞുകൃഷ്‌ണപിള്ള, ഒരുവട്ടം കണിയാപുരം രാമചന്ദ്രൻ, മൂന്ന്‌ തവണ നെടുമങ്ങാടിന്റെ ‘ആശാൻ’ കെ വി സുരേന്ദ്രനാഥിനെയും നിയമസഭയിലേക്കെത്തിച്ചു. 1987ലെ കന്നിയങ്കത്തിൽ ആശാനോട്‌ തോറ്റ കോൺഗ്രസിലെ പാലോട്‌ രവി 1991 ൽ 939 വോട്ടി​ന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 1996ലും പാലോട്‌ രവി തന്നെ. 2001ൽ മാങ്കോട്‌ രാധാകൃഷ്‌ണനെ ഇറക്കി ഇടതുപക്ഷം നെടുമങ്ങാട് പിടിച്ചെടുത്തു. 2006ലും മാങ്കോട്‌ രാധാകൃഷ്‌ണൻ അമരക്കാരനായി. 2011ലെ തെരഞ്ഞെടുപ്പിൽ പാലോട്‌ രവി മൂന്നാംതവണ ഇവിടെ ജയിച്ചു. 2016ൽ മുൻമന്ത്രി കൂടിയായിരുന്ന സി ദിവാകരൻ പാലോട് രവിയെ‌ മലർത്തിയടിച്ച്‌ മണ്ഡലം വീണ്ടും ഇടത്‌ കോട്ടയാക്കി.
തരംഗത്തിലും 
തകരാത്ത കോട്ട
യുഡിഎഫ്‌ 19 സീറ്റ്‌ നേടിയ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും നെടുമങ്ങാട്ടെ ഇടതുകോട്ടയ്‌ക്ക്‌ വിള്ളലേറ്റിട്ടില്ല. ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലത്തിൽ ഉൾപ്പെട്ട മറ്റ്‌ ഏഴ്‌ നിയമസഭാ മണ്ഡലത്തിലും യുഡിഎഫ്‌ ലീഡ്‌ ചെയ്‌തപ്പോൾ 759 വോട്ടിന്റെ ഭൂരിപക്ഷമേകി നെടുമങ്ങാട്‌ ഇടതിനൊപ്പം നിന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ അത്‌ 26000 ആയി. എസ്‌ഡിപിഐ പിന്തുണയോടെ യുഡിഎഫ്‌ ഭരിക്കുന്ന വെമ്പായം ഒഴികെ‌ എല്ലായിടത്തും ഭരണത്തിലും എൽഡിഎഫ്‌ തന്നെയാണ്‌‌.
കിള്ളിയാറിന്റെ കരപറ്റി
നെടുമങ്ങാടിന്റെ ഭാഗമായിരുന്ന അരുവിക്കര, വെള്ളനാട്‌ പഞ്ചായത്തുകൾ അരുവിക്കരയിലേക്കും ആനാട്,‌ പനവൂർ പഞ്ചായത്തുകൾ വാമനപുരത്തേക്കും പോയി. നെടുമങ്ങാട്‌ നഗരസഭ, മാണിക്കൽ, കരകുളം, അണ്ടൂർക്കോണം, പോത്തൻകോട്‌, വെമ്പായം പഞ്ചായത്തുകൾ ചേർന്നതാണ്‌ നെടുമങ്ങാട്‌ മണ്ഡലം.
പഴയ വേണാട്‌ രാജവംശത്തിന്റെ ഇടത്താവളവും നിലവിൽ ഫോക് ലോർ മ്യൂസിയവുമായ കോയിക്കൽ കൊട്ടാരമാണ് പ്രധാന ആകർഷണം. ചരിത്രപ്രധാന്യമുള്ള കിള്ളിയാറിന്റെ അരികുചേർന്നാണ്‌ മണ്ഡലത്തിന്റെ കിടപ്പ്‌‌.
തമ്പുരാൻ തമ്പുരാട്ടി പാറ, വെള്ളാണിക്കൽ പാറ തുടങ്ങിയ പ്രകൃതിവിസ്‌മയങ്ങളും ഇവിടെയുണ്ട്‌‌.