തടയാനാവില്ല മക്കളേ...
Saturday Mar 6, 2021
വെബ് ഡെസ്ക്
കോന്നി >അച്ചൻകോവിലാറും കല്ലാറും പമ്പയാറും സമൃദ്ധമായ വനമേഖലയും ഒക്കെയായി ഒരു മലയോര മണ്ഡലം കോന്നി. രാജാക്കന്മാർ താമസിക്കുന്ന സ്ഥലം എന്നർഥം വരുന്ന കോന്തിയൂർ എന്ന തമിഴ് വാക്കിൽനിന്ന് കോന്നിയൂരും കോന്നിയൂർ ലോപിച്ച് കോന്നിയും ആയെന്ന് ഗവേഷകർ.
ആനക്കൂടും ആന മ്യൂസിയവും അടവിയും ഗവിയും കുട്ട വഞ്ചി സവാരിയും എല്ലാമായി ലോക ടൂറിസം ഭൂപടത്തിൽ ഇടം. സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കോന്നി പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1957ൽ തോപ്പിൽ ഭാസി ( സിപിഐ), 1960 ൽ സി കെ ഹരിചന്ദ്രൻ നായർ (പിഎസ്പി) എന്നിവരായിരുന്നു നപ്രതിനിധികൾ.
1965 ൽ ആണ് മണ്ഡലം രൂപീകരിച്ചത്. 2011 ൽ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകൾ മണ്ഡലത്തിന്റെ ഭാഗമായി. ഇതുൾപ്പെടെ മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി, പ്രമാടം, വള്ളിക്കോട്, ഏനാദിമംഗലം, കലഞ്ഞൂർ, അരുവാപ്പുലം എനനീ 11 പഞ്ചായത്തുകൾ മണ്ഡലത്തിന്റെ ഭാഗമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് കോന്നിയും തണ്ണി തോടും ഒഴികെ ഒമ്പത് പഞ്ചായത്തും എൽഡിഎഫാണ് ഭരിക്കുന്നത്.23 വർഷം യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ അഡ്വ. കെയു ജനീഷ് കുമാർ (സിപിഐ എം ) അട്ടിമറി വിജയം നേടി . 23 വർഷം പിറകോട്ട് പോയ കോന്നിയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് അഡ്വ.കെ യു ജനീഷ് കുമാർ നടപ്പാക്കിയത്. തൂണുകളിൽ മാത്രം സ്ഥിതി ചെയ്ത കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്ത് കിടത്തി ചികിത്സ ആരംഭിച്ചു. കിഫ്ബിയിൽനിന്ന് 241 കോടി രൂപ അനുവദിച്ച് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു ദിവസം തന്നെ 100 റോഡുകളുടെ ഉദ്ഘാടനം നടത്തി ചരിത്രത്തിൽ ഇടം നേടി. ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി.
എട്ട് സർക്കാർ ആശുപത്രികൾക്ക് എംഎൽഎ ഫണ്ടിൽനിന്ന് ആംബുലൻസ്, കോന്നി താലൂക്ക് ആശുപത്രി വികസനത്തിന് 10 കോടി, ചിറ്റാറിൽ സ്പെഷാലിറ്റി ആശുപത്രി, സീതതോട്ടിൽ പ്രൊഫഷണൽ മെഡിക്കൽ കോളേജ്, ടൂറിസം രംഗത്ത് വിസ്മയമായി ആനമ്യൂസിയം, അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് സീതത്തോട് പാലം ഉൾപ്പെടെ 86.5 കോടി രൂപ, കലഞ്ഞൂരിൽ ഗവ. പോളിടെക്നിക് കോളേജ്, കൂടലിൽ ഫിറ്റ്നസ് സെൻ്റർ ഇങ്ങനെ പദ്ധതികളുടെ നീണ്ടനിര.
ഒന്നര വർഷം കൊണ്ട് എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് ജനീഷ് കുമാർ നടത്തിയത്. സംസ്ഥാന ബജറ്റിൽ കോന്നിയുടെ സമഗ്ര വികസനത്തിന് 800 കോടി രൂപ അനുവദിച്ചു.