മലയോരത്ത് ഉറച്ച ചെമ്മണ്ണ്
Saturday Mar 6, 2021
●സ്വന്തം ലേഖിക
തോട്ടംതൊഴിലാളികളുടെ അവകാശങ്ങൾക്കായി നടത്തിയ കരിമ്പു സമരവും കുടിയൊഴിപ്പിക്കലിനെതിരെ നടത്തിയ തെന്മല ഡാം സമരവും ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ തീച്ചൂളയിൽ ചുമന്നുതുടുത്ത പുനലൂരിന് എടുത്തുപറയാൻ വൈവിധ്യമേറെയുണ്ട്.
കാർഷിക – തോട്ടവിള – വന ഭൂമിയായ ഇവിടെ വിനോദസഞ്ചാരത്തിനും വാണിജ്യത്തിനും ഏറെ പ്രാധാന്യമുണ്ട്. തോട്ടം, കശുവണ്ടി, പരമ്പരാഗത വ്യവസായ തൊഴിലാളികൾ നിർണായക ഘടകമാകുന്ന ഇവിടെ ഇടതുപക്ഷത്തിന് വലിയ വേരോട്ടമുണ്ട്. ഹാട്രിക്ക് കരുത്തിലാണ് ഇക്കുറി എൽഡിഎഫ് ജനവിധി തേടുന്നത്. പുനലൂർ മുനിസിപ്പാലിറ്റി, അഞ്ചൽ, ഇടമുളയ്‌ക്കൽ, കരവാളൂർ, കുളത്തൂപ്പുഴ, എരൂർ, തെന്മല, ആര്യങ്കാവ്, പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പുനലൂർ മണ്ഡലം. പുനലൂർ മുനിസിപ്പാലിറ്റി, അഞ്ചൽ, ഇടമുളക്കൽ, ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ എൽഡിഎഫാണ് ഭരിക്കുന്നത്.
പി ഗോപാലൻ ആദ്യ എംഎൽഎ
1957ലെ ഒന്നാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നെ ഇടതോരം ചേർന്ന പാരമ്പര്യമാണ് കല്ലടയാറിന്റെ തീരപ്രദേശത്തിന് പറയാനുള്ളത്. കമ്യൂണിസ്‌റ്റ് പാർടിയിലെ പി ഗോപാലൻ 4089 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ കെ കുഞ്ഞുരാമനെ ആദ്യ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. 1960ൽ സിപിഐയിലെ കെ കൃഷ്‌ണപിള്ള 3353 വോട്ടിന് കോൺഗ്രസിലെ സതീഭായിയെ തോൽപ്പിച്ചു. 1965ൽ കോൺഗ്രസിലെ സി എം സ്റ്റീഫൻ കെ കൃഷ്‌ണപിള്ളയെ 812 വോട്ടിന് തോൽപ്പിച്ചെങ്കിലും സഭ ചേർന്നില്ല. 1967ൽ സിപിഐ നേതാവ് എം എൻ ഗോവിന്ദൻനായർ 5137വോട്ടിന് കോൺഗ്രസിലെ പി സി ബേബിയെ പരാജയപ്പെടുത്തി. 1970ൽ കെ കൃഷ്‌ണപിള്ള 3426 വോട്ടിനും 1977ൽ സിപിഐയിലെ പി കെ ശ്രീനിവാസൻ 3202 വോട്ടിനും സിപിഐ എമ്മിലെ വി ഭരതനെ തോൽപ്പിച്ചു.
1980ൽ കേരളകോൺഗ്രസ് (ജെ) പ്രതിനിധി സാം ഉമ്മനെ പി കെ ശ്രീനിവാസൻ 2213 വോട്ടിന് പരാജയപ്പെടുത്തി. 1982ൽ സാം ഉമ്മൻ വിജയിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1984ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് ജെയിലെ സുരേന്ദ്രൻപിള്ള എംഎൽഎആയി. 1987ൽ സിപിഐ നേതാവ് ജെ ചിത്തരജ്ഞൻ 11076 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേന്ദ്രൻപിള്ളയെ തോൽപിച്ചു. 1991ൽ കോൺഗ്രസിലെ പുനലൂർ മധു സിപിഐയിലെ മുല്ലക്കര രത്നാകരനെ 1312 വോട്ടിന് തോൽപ്പിച്ചു. 1996ൽ സിപിഐയിലെ പി ജെ ശ്രീനിവാസൻ 6698 വോട്ടിന് പുനലൂർ മധുവിനെ തോൽപ്പിച്ചു. 2001ൽ സിപിഐയിലെ പി എസ് സുപാൽ 1543വോട്ടിന് കോൺഗ്രസിലെ ഹിദുർ മുഹമ്മദിനെ തോൽപിച്ചു. 2006ൽ സിപിഐയിലെ കെ രാജു 7925വോട്ടിന് സിഎംപിയിലെ എം വി രാഘവനെ തോൽപിച്ചു. തുടർന്ന് 2011 ലും 2016 ലും കെ രാജു വിജയം ആവർത്തിച്ചു.
2011 ൽ കോൺഗ്രസിലെ ജോൺസൺ എബ്രഹാമിനെ 18005വോട്ടിനും 2016ൽ മുസ്ലീംലീഗിലെ എ യൂനുസ് കുഞ്ഞിനെ 33582വോട്ടിനുമാണ് അടിയറവ് പറയിച്ചത്.
വിജയികൾ ഇതുവരെ
1957 – പി ഗോപാലൻ (കമ്യൂണിസ്‌റ്റ് പാർടി)
1960 – കെ കൃഷ്‌ണപിള്ള (സിപിഐ)
1965 – സി എം സ്‌റ്റീഫൻ (കോൺ.)
1967 – എം എൻ ഗോവിന്ദൻനായർ (സിപിഐ)
1970 – കെ കൃഷ്‌ണപിള്ള (സിപിഐ)
1977 – പി കെ ശ്രീനിവാസൻ (സിപിഐ)
1980 – പി കെ ശ്രീനിവാസൻ (സിപിഐ)
1982 – സാം ഉമ്മൻ (കേരള കോൺ. ജെ)
1984 – സുരേന്ദ്രൻപിള്ള (കേരള കോൺഗ്രസ് ജെ.)
1987 – ജെ ചിത്തരജ്ഞൻ (സിപിഐ)
1991 – പുനലൂർ മധു (കോൺ.)
1996 – പി കെ ശ്രീനിവാസൻ (സിപിഐ)
2001 – പി എസ് സുപാൽ (സിപിഐ)
2006 – കെ രാജു (സിപിഐ)
2011 – കെ രാജു (സിപിഐ)
2016 – കെ രാജു (സിപിഐ)
2016 തെരഞ്ഞെടുപ്പ് ഫലം
കെ രാജു (സിപിഐ) – 82136
എ യൂനുസ് കുഞ്ഞ് (ഐയുഎംഎൽ) – 48554
ഭൂരിപക്ഷം – 33582