‘ഇരട്ടച്ചങ്കാ ഐ ലൈക് യു, ഉമ്മ’ ; കവിത വിരിയിച്ച "ചങ്ക് ' ഡയലോഗ്
Sunday Mar 7, 2021
ജോബിൻസ് ഐസക്
ആലപ്പുഴ
പ്രതിബന്ധങ്ങളിൽ ഉലയാതെ നാടിനെ കരകയറ്റിയ ക്യാപ്‌റ്റനോട് കവിത പറഞ്ഞ പഞ്ച് ഡയലോഗ് മലയാളികൾ ഏറ്റെടുത്തു; ‘ഇരട്ടച്ചങ്കാ ഐ ലൈക് യു, ഉമ്മ’. മറുപടിയിലെ ആത്മാർത്ഥകണ്ട് ചാനൽ റിപ്പോർട്ടർ തെല്ലൊന്നമ്പരന്നെങ്കിലും അടുത്ത നിമിഷം ആസ്വദിച്ച് ‘അടിപൊളി’ യെന്ന് പറഞ്ഞ് ചിരിച്ചു പോയി. മനോരമന്യൂസ് റിപ്പോർട്ടറോട് കവിത പറഞ്ഞതാണ് ഈ ഡയലോഗ്.
ആലപ്പുഴ ചുങ്കം ഈസ്‌റ്റിലെ സുഭാഷ് ഹോട്ടൽ ഉടമ രാജപ്പന്റെയും കൗമാരിയുടെയും മകൻ സുധീറിന്റെ ഭാര്യയാണ് കവിത. ഭർത്താവിനൊപ്പം ഹോട്ടലിൽ സഹായിക്കുമ്പോഴാണ് കവിത ചാനലിനോട് പ്രതികരിച്ചത്. ഇന്ന് തുടർഭരണമെന്ന നാടിന്റെ ഹൃദയാഭിലാഷത്തിന് അടയാളവാക്യമായി മാറി ആ ഡയലോഗ്.
മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് കവിത പറഞ്ഞു. ‘ മുഖ്യമന്ത്രിയെ നിരീക്ഷിച്ചപ്പോൾ നാൾക്കുനാൾ ബഹുമാനം കൂടുകയായിരുന്നു. നീതിപൂർവം കാര്യങ്ങൾ നടത്തുന്നു. പ്രളയവും കൊറോണയും ഒക്കെ വന്നപ്പോൾ എങ്ങനെ ജീവിക്കും എന്ന് ആശങ്കയായിരുന്നു നമുക്കെല്ലാം. എന്നാൽ മുഖ്യമന്ത്രി മുന്നിൽനിന്ന് നയിച്ചു. ഒരാളെയും പട്ടിണിക്കിട്ടില്ല. ചങ്കൂറ്റത്തോടെ നട്ടെല്ലുയർത്തി പാവങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. ’
ചാനൽ ദൃശ്യം കേരളമാകെ ഏറ്റെടുത്തു. മന്ത്രി കടകംപള്ളിയുൾപ്പെടെ അനവധി പേരാണ് വീഡിയോ ഷെയർ ചെയ്‌തത്. ‘കേരളത്തിന്റെ പൊതുവികാരം ഇതാണ് ”–- മന്ത്രിയുടെ കമന്റ്. വീഡിയോയിൽ കൗമാരിയും സംസാരിക്കുന്നുണ്ട്.
‘ജനങ്ങൾക്ക് നല്ലത് ചെയ്യുന്ന നന്മയുള്ള ഈ സർക്കാരാണ് വരേണ്ടത്.’ വീഡിയോ കണ്ട് ധാരാളം പേർ വിളിച്ചു. നേരിൽ കാണാനായാൽ മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കണമെന്ന് കവിതയ്‌ക്കും സുധീറിനും ആഗ്രഹം. ഇവർക്ക് രണ്ട് മക്കളുണ്ട്: ശങ്കർ മഹാദേവും കൃഷ്‌ണഗോവിന്ദും. കായൽ മത്സ്യവിഭവങ്ങളുടെ പേരുകേട്ട ഭക്ഷണശാലയാണ് സുഭാഷ് ഹോട്ടൽ. സുധീറിന്റെ അനുജൻ സുഭാഷും ഭാര്യ ആശയും സഹായത്തിനുണ്ട്.