ചോറ്‌... ജോറ്‌

Sunday Mar 7, 2021
അശ്വതി ജയശ്രീ


തിരുവനന്തപുരം
ലക്ഷ്‌മിയും കൂട്ടുകാരികളും അറിഞ്ഞു; ജീവിതത്തിന്‌ സ്വാദുണ്ട്‌.  ജനകീയ ഹോട്ടലിൽനിന്ന്‌ 20 രൂപയ്ക്ക്‌ ഊണ്‌ വാങ്ങി കഴിച്ച്‌ സംതൃപ്തിയടയുന്നവരുടെ മുഖങ്ങൾ. തങ്ങളുടെ സ്വന്തം വീടുകളിൽ മെല്ലെ വിരുന്നുവന്ന നല്ലനാളുകൾ.  പത്ത്‌ കുടുംബശ്രീ അംഗങ്ങൾ, ഒരു വർഷമായി നാടിന്റെയൊന്നാകെ വിശപ്പകറ്റുന്നു ഈ പെൺകരുത്ത്‌.

തിരുവനന്തപുരം എസ്‌എംവി ജങ്‌ഷനിലെ ജനകീയ ഹോട്ടലിൽ ദിവസം 70 പൊതികൾ വിറ്റിരുന്ന ആദ്യ നാളുകളിൽനിന്ന്‌ 2000 ലേക്കെത്തി‌. കോവിഡ്‌ അടച്ചുപൂട്ടലോടെ ജീവിതത്തിന്‌ കൂടി താഴുവീണുവെന്ന്‌ കരുതിയ ഒരുകൂട്ടം കുടുംബങ്ങൾക്ക്‌ കുടുംബശ്രീ വഴി സർക്കാർ പുതുവഴി കാട്ടിയ മാതൃക‌. ലക്ഷ്‌മിക്ക്‌ പുറമെ സരോജം, അംബിക, മുരുകമ്മ, ശ്യാമള, എ വനജ, കെ വനജ, രത്നമ്മ, ശ്രീദേവി, സരളകുമാരി എന്നിവരുടെ പുലർച്ചെ തുടങ്ങുന്ന അധ്വാനത്തിന്റെ രുചിയാണ്‌ ഓരോ പൊതിയിലും.

പുലർച്ചെ 2.30ന്‌ ആരംഭിക്കുന്ന ജോലി അവസാനിക്കുന്നത്‌ വൈകിട്ടോടെ. അവധി ഞായറാഴ്ച മാത്രം. കുര്യാത്തി വാർഡിലെ മൂന്ന്‌ യൂണിറ്റുകളിൽപ്പെട്ട 34 മുതൽ 55 വയസ്സുവരെയുള്ളവരാണ്‌ രുചി വിളമ്പുന്നത്‌.

ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ,  സെയിൽസ്‌ ഗേൾസ്‌, സർക്കാർ ജീവനക്കാർ തുടങ്ങി  പൊതി‌ക്കായി എത്തുന്ന മിക്കവരും സ്ഥിരം ഉപഭോക്താക്കൾ. രാവിലെ ഏഴുമുതൽ പകൽ രണ്ടുവരെയാണ്‌ വിതരണം. ദിവസവും 200 കിലോ അരിയും അനുബന്ധ ഉൽപ്പന്നങ്ങളും പാചകത്തിനുപയോഗിക്കും. മുളക്‌, മല്ലിപ്പൊടികൾ ഇവർ തന്നെയാണ്‌ തയ്യാറാക്കുന്നത്‌‌.

പൊതി തീർന്നശേഷവും ആവശ്യക്കാർ വരുമ്പോൾ ഇല്ലെന്ന്‌ പറയാനുള്ള  ബുദ്ധിമുട്ട്‌ ചെറുതല്ലെന്ന്‌ സംഘാംഗങ്ങൾ പറഞ്ഞു‌. കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ഒരുപോലെ പിന്തുണ നൽകുന്നു. ഒരു വരുമാനവും ഇല്ലാതെയിരുന്ന ഞങ്ങൾക്ക്‌  മാസവരുമാനവുമുണ്ട്‌. അതിലുപരി,  പൊതുജനങ്ങൾ നൽകുന്ന സ്‌നേഹം വലിയ പ്രചോദനം‌–-സെക്രട്ടറി ലക്ഷ്‌മി പറഞ്ഞു.