പരീക്ഷകൾ ജയിച്ച്‌ 
ബിന്ദു

Sunday Mar 7, 2021
സുധീഷ് സുരേഷ്



ശാന്തൻപാറ
ബിന്ദു അന്ന് എഴുതിയ പരീക്ഷ ജയിച്ചോ?...1994 മെയ് 20ന്റെ പത്രങ്ങളിൽ ബിന്ദു എന്ന പെൺകുട്ടി പ്രീഡിഗ്രി പരീക്ഷ എഴുതുന്ന ചിത്രം വന്നിരുന്നു. ആ പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും ബിന്ദു ജയിച്ചു. ഫോട്ടോ കോപ്പി യന്ത്രം ഉപയോഗിച്ചാണ് ഇപ്പോൾ ബിന്ദു ജീവിക്കുന്നത്. അതിലെന്താ ഇത്ര അത്ഭുതം എന്നല്ലേ?

ജന്മനാ കൈയും കാലും ഇല്ലാത്ത ഒരു സ്ത്രീ വീട്ടുകാര്യങ്ങൾ ചെയ്യുന്നതും തൊഴിലെടുത്ത്‌ ജീവിക്കുന്നതും അത്ര നിസ്സാരമല്ലല്ലോ. ഹാപ്പിയല്ലേ? എന്ന് ചോദിച്ചാൽ  ‘‘പിന്നല്ലാതെ, ഞാൻ ഇവിടെ ഹാപ്പിയാണ് ’’ എന്നാണ്‌ മറുപടി.
ബൈസൺവാലി മുട്ടുകാട്ടിലാണ് ബിന്ദുവിന്റെ വീട്. വിധി തോൽപ്പിക്കാൻ നോക്കിയിട്ടും തോറ്റുകൊടുക്കാൻ അവർ തയ്യാറായില്ല. 45 വയസ്സുള്ള ബിന്ദുവും 69 വയസ്സുള്ള അമ്മ രുക്മിണിയുമാണ് വീട്ടിൽ താമസം. മാധ്യമങ്ങളിലെ വാർത്ത കണ്ടും മറ്റും ലഭിച്ച സഹായങ്ങൾകൊണ്ടാണ് വീടുവച്ചത്. സഹായമായി ലഭിച്ച ഫോട്ടോ കോപ്പി യന്ത്രമാണ് വരുമാനമാർഗം. വീട്ടിൽതന്നെയാണ് യന്ത്രം വച്ചിട്ടുള്ളത്.  സംസ്ഥാന സർക്കാർ നൽകുന്ന പെൻഷനും കൂട്ടിയാണ് ഇപ്പോൾ ജീവിതം.

കുടുംബത്തിൽ അഞ്ച്‌ പെൺമക്കളായിരുന്നു. അവരെയെല്ലാം വിവാഹം ചെയ്‌തയച്ചു. 29 വർഷം മുന്നേ അച്ഛൻ ഉപേക്ഷിച്ചുപോയതാണ്‌. ഒരു വനിതാദിനം കൂടി കടന്നുപോകുമ്പോൾ ബിന്ദുവിനെപ്പോലുള്ളവരുടെ കഥ സ്ത്രീസമൂഹത്തിന്‌ കരുത്താകുമെന്ന്‌ തീർച്ചയാണ്‌.