വഴിതെളിച്ച മണ്ണും മനസ്സും
Monday Mar 8, 2021
●മിൽജിത് രവീന്ദ്രൻ
തിരുവനന്തപുരം>ചെളിയും മണ്ണും നീക്കി വർക്കല തുരങ്കം വഴിയുള്ള ജലപാത വീണ്ടും തെളിയുകയാണ്. രണ്ടു നൂറ്റോണ്ടോളം മുമ്പ് പണികഴിപ്പിച്ച തുരങ്കം വഴി ഇടതടവില്ലാതെ ചരക്കുവള്ളങ്ങളും യാനങ്ങളും നീങ്ങിയ കാലം പഴയ തലമുറയുടെ മനസ്സിലിപ്പോഴുമുണ്ട്.
പതിറ്റാണ്ടുകൾക്കു മുമ്പ് ഗതാഗതം നിലച്ച ഈ ജലപാതയാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ വീണ്ടും ഗതാഗതത്തിന് ഒരുങ്ങുന്നത്. ജലപാത മാത്രമല്ല, ചേറും ചെളിയും തടസ്സങ്ങളും ചുവപ്പുനാടകളും നീങ്ങി വികസനവഴികൾ തെളിഞ്ഞ അഞ്ചുവർഷമാണ് വർക്കല പിന്നിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ആ വികസന കുതിപ്പിന്റെ തുടർച്ച വർക്കല ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്.
നവോത്ഥാന കേരളത്തിന് വഴിതെളിച്ച ശ്രീനാരായണ ഗുരുവിന്റെ ഈ മണ്ണ് അതിന്റെ പിന്തുടർച്ചാവകാശികളായ കമ്യൂണിസ്റ്റ് പാർടിയെയാണ് തുടർന്നും മനസ്സോട് ചേർത്തത്. കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും ദ്വയാംഗ മണ്ഡലമായിരുന്നു വർക്കല. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയുടെ ടി എ മജീദിനെയും കെ ശിവദാസനെയുമാണ് നിയമസഭയിലേക്കയച്ചത്. 1960ൽ കമ്യൂണിസ്റ്റ് പാർടിയിലെ സി കെ ബാലകൃഷ്ണനും കോൺഗ്രസിലെ പാറയിൽ ഷംസുദ്ദീനും വിജയികളായി. 1965ൽ കെ ഷാഹുൽ ഹമീദിലൂടെ കോൺഗ്രസിനൊപ്പംനിന്നു. തുടർന്നുള്ള മൂന്നു തെരഞ്ഞെടുപ്പിലും സിപിഐയിലെ ടി എ മജീദായിരുന്നു വിജയി.
1980 മുതൽ തുടർച്ചയായി നാലു ടേമിൽ വർക്കലക്കാരുടെ സ്വന്തം ‘അണ്ണൻ’ സിപിഐ എമ്മിലെ വർക്കല രാധാകൃഷ്ണൻ വിജയക്കൊടി പാറിച്ചു. 1996ൽ സിപിഐ എമ്മിലെ എ അലിഹസ്സനും. 2001ലാണ് വർക്കല എന്ന ഉറച്ച കോട്ട എൽഡിഎഫിനെ കൈവിട്ടത്. തുടർന്ന് 2006ലും 11ലും കഹാറിനൊപ്പംനിന്ന മണ്ഡലം 2016ൽ തെറ്റു തിരുത്തി. കഹാറിനെ 2386 വോട്ടുകൾക്കാണ് സിപിഐ എമ്മിലെ വി ജോയി പരാജയപ്പെടുത്തിയത്.
ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച പാപനാശവും ശിവഗിരിയും ജനാർദന സ്വാമി ക്ഷേത്രവും ഉൾപ്പെടുന്ന വർക്കല മണ്ഡലം എൽഡിഎഫ് സർക്കാരിനു കീഴിൽ കൈവരിച്ച വികസന കുതിപ്പുതന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രം എന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും സർവതല സ്പർശിയായ വികസനം എത്തിക്കാനും എംഎൽഎ എന്ന നിലയിൽ വി ജോയിക്ക് കഴിഞ്ഞു.
വർക്കല നഗരസഭയും ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വർക്കല മണ്ഡലം.
മനോഹരമായ കായൽപ്പരപ്പുകളും ബീച്ചുകളും ഉൾപ്പെടുന്ന തലസ്ഥാന ജില്ലയുടെ ഈ അതിർത്തി മണ്ഡലം തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിനോടുള്ള ആഭിമുഖ്യം അരക്കിട്ടുറപ്പിച്ചു. നഗരസഭ അടക്കം മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫാണ് അധികാരത്തിലെത്തിയത്