ഇടതുകുതിപ്പിൽ മാറും മലയോരം

Monday Mar 8, 2021
●കെ ടി ശശി

കണ്ണൂർ>അഞ്ചുവർഷത്തിനിടെ യുഡിഎഫിന്റെ കാൽച്ചുവട്ടിലെ മണ്ണ്‌ ഏറെ ഒലിച്ചുപോയ മണ്ഡലങ്ങളിലൊന്നാണ്‌ പേരാവൂർ. എൽഡിഎഫ്‌ സർക്കാരിന്റെ സർവതലസ്‌പർശിയായ വികസന– ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്‌ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും മലയോര മേഖലയെ ആഴത്തിൽ  സ്വാധീനിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൈവരിച്ച വൻ മുന്നേറ്റം യുഡിഎഫ്‌ വോട്ടിലുണ്ടായ ചോർച്ച കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്‌.
1977ൽ നിലവിൽവന്ന മണ്ഡലത്തിന്‌ എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വരിച്ച ചരിത്രമാണുള്ളത്‌. ആദ്യ അഞ്ച്‌ തെരഞ്ഞെടുപ്പുകളിൽ തുടർവിജയം കരസ്ഥമാക്കിയ കെ പി നുറുദ്ദീൻ ഇതിൽ രണ്ടുതവണ ജയിച്ചത്‌ ഇടതുപക്ഷത്തിനൊപ്പംനിന്നായിരുന്നു. പിന്നീട്‌ യുഡിഎഫിലായ നുറുദ്ദീനെതിരെ 1996ൽ എൽഡിഎഫിലെ കെ ടി കുഞ്ഞഹമ്മദ്‌ അട്ടിമറി വിജയം നേടി. അടുത്ത തെരഞ്ഞെടുപ്പിൽ പ്രൊഫ. എ ഡി മുസ്‌തഫയിലൂടെ വീണ്ടും യുഡിഎഫ്‌ ഒപ്പം നിർത്തിയെങ്കിലും 2006ൽ കെ കെ ശൈലജ തിരിച്ചുപിടിച്ചു. 2011ലും 2016ലും അഡ്വ. സണ്ണി ജോസഫിലൂടെ വീണ്ടും യുഡിഎഫ്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ്‌ വിജയത്തിൽ നിർണായക പങ്കുവഹിച്ച മണ്ഡലം പക്ഷേ, അവിടുന്നിങ്ങോട്ട്‌ ഇടതുപക്ഷത്തിന്‌ വർധിച്ച പ്രതീക്ഷ നൽകുകയാണ്‌.  
ആറളം, അയ്യങ്കുന്ന്‌, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്‌, പായം, പേരാവൂർ എന്നീ എട്ടു പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേർന്നതാണ്‌ മണ്ഡലം. ഇതിൽ അയ്യങ്കുന്ന്‌, കൊട്ടിയൂർ ഒഴികെയുള്ള ആറു പഞ്ചായത്തുകളിലും നഗരസഭയിലും എൽഡിഎഫ്‌ ഭരണമാണ്‌. ആറളവും കണിച്ചാറും ഇക്കുറി പുതുതായി പിടിച്ചെടുത്തു.
തുല്യസീറ്റായിരുന്ന കൊട്ടിയൂരിൽ യുഡിഎഫിന്‌ നറുക്കെടുപ്പിൽ പ്രസിഡന്റുസ്ഥാനം ലഭിച്ചെങ്കിലും വൈസ്‌ പ്രസിഡന്റുസ്ഥാനവും നാലു സ്‌റ്റാൻഡിങ്‌ കമ്മിറ്റി സ്ഥാനങ്ങളും എൽഡിഎഫിനാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നടന്ന തില്ലങ്കേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ബിനോയ്‌ കുര്യന്‌ മികവാർന്ന വിജയം സമ്മനിക്കുന്നതിലും പേരാവൂർ മണ്ഡലം പരിധിയിൽ വരുന്ന പ്രദേശങ്ങൾ നിർണായക പങ്കുവഹിച്ചു.

ആകെ വോട്ടർമാർ: 1,72,739
പുരുഷന്മാർ: 84,648
സ്‌ത്രീകൾ: 88,090
ട്രാൻസ്‌ ജൻഡർ: 1
പുതിയ വോട്ടർമാർ: 4281

നിയമസഭ–2016
യുഡിഎഫ്‌: 65,659
എൽഡിഎഫ്‌:  57,970
എൻഡിഎ: 9,129
യുഡിഎഫ്‌ ഭൂരിപക്ഷം: 7,689

ലോക്‌സഭ– 2019
യുഡിഎഫ്‌: 74,539
എൽഡിഎഫ്‌: 50,874
എൻഡിഎ: 10,054
യുഡിഎഫ്‌ ഭൂരിപക്ഷം: 23,665

തദ്ദേശം– 2020
എൽഡിഎഫ്‌: 62,657
യുഡിഎഫ്‌: 55,257
എൻഡിഎ: 16,098
എൽഡിഎഫ്‌ ഭൂരിപക്ഷം: 7,400