കോൺഗ്രസായി ഉറങ്ങി ബിജെപിയായി ഉണർന്നു ; പന്തളം പ്രതാപൻ യുഡിഎഫിനെ ഞെട്ടിച്ചു
Monday Mar 8, 2021
എം സുജേഷ്
പന്തളം
മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരനും പത്തനംതിട്ട ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം പ്രതാപൻ ബിജെപിയിൽ ചേക്കേറുന്നതിന് തലേദിവസവും കോൺഗ്രസ്, യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്തു. ശനിയാഴ്ചവരെ കോൺഗ്രസിൽ ഉറച്ചുനിന്ന പ്രതാപൻ അടൂർ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുമെന്ന് ഉറപ്പായതോടെയാണ് ഞായറാഴ്‌ച ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രതാപന്റെ ബിജെപി പ്രവേശം കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
‘ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ’യെന്നാണ് സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം സുധാകരൻ ഫെയ്‌സ്‌ബുക്കിലൂടെ പ്രതികരിച്ചത്.
മുൻ കെപിസിസി സെക്രട്ടറി, മുൻ പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ ജില്ലയിൽ അകത്തും പുറത്തും കോൺഗ്രസിന്റെ വക്താവായിരുന്നു പ്രതാപൻ. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചാൽ കാലുവാരുമെന്ന ഭയം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടു. ഇക്കുറി ആദ്യം പ്രതാപനായിരുന്നു പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും കളം മൂത്തപ്പോഴേക്കും എം ജി കണ്ണനും എഴുകോൺ നാരായണനും കളത്തിലിറങ്ങുകയായിരുന്നു. അതോടെ പാർടി മാറാനുള്ള തീരുമാനമെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ഡിസിസി അംഗം ഐവാൻ ഡാനിയേൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം എത്തിയിരുന്നു.