ഗുരുസ്പർശമേറ്റ നവോത്ഥാനക്കര
Tuesday Mar 9, 2021
സുമേഷ് കെ ബാലൻ
തിരുവനന്തപുരം>അഗസ്ത്യവനത്തിന്റെ മലയിടുക്കുകളിൽനിന്നാണ് നെയ്യാറിന്റെ പിറവി. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി. നെയ്യാർ തൊട്ടും തഴുകിയും കടന്നുപോകുന്ന കര നെയ്യാറ്റിൻകരയായി.
തിരുവിതാംകൂറിന്റെ കലവറ ആയിരുന്ന നാഞ്ചിനാടിന്റെ വാതിൽപ്പടി. കേരളത്തിന്റെ പുതുയുഗപ്പിറവിക്ക് തിരികൊളുത്തിയ അരുവിപ്പുറം പ്രതിഷ്ഠയുടെ നാട്. ബ്രിട്ടീഷുകാരുടെ നിറതോക്കിനുനേരെ മുഷ്ടിചുരുട്ടി മരണത്തിലേക്ക് നടന്നുകയറിയ വീരരാഘവൻ ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെയും ദിവാൻ ഭരണത്തിനെതിരെ പേന കൊണ്ട് സമരമുഖം തുറന്ന സ്വദേശാഭിമാനിയുടെയും ജന്മദേശം.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ ആർ ജനാർദനൻ നായർക്കായിരുന്നു നെയ്യാറ്റിൻകരയിൽ ജയം. 1960ൽ പിഎസ്പിയിലെ പി നാരായണൻ തമ്പിയും 1965ൽ ജി ചന്ദ്രശേഖരപിള്ളയും 1967ൽ ആർ ഗോപാലകൃഷ്ണപിള്ളയും വിജയിച്ചു. 1970ൽ സിപിഐ എമ്മിലെ ആർ പരമേശ്വരൻപിള്ളയും 1977ലും 80ലും എൻഡിപിയിലെ ആർ സുന്ദരേശൻനായരും 1982ലും 87ലും എസ് ആർ തങ്കരാജും 91ലും 96ലും 2001ലും തമ്പാനൂർ രവിയും 2006ൽ സിപിഐ എമ്മിലെ വി ജെ തങ്കപ്പനും വിജയിച്ചു. 2011ൽ കോൺഗ്രസിലെ തമ്പാനൂർ രവിയെ പരാജയപ്പെടുത്തിയ ആർ സെൽവരാജ് സ്ഥാനം രാജിവച്ച് കോൺഗ്രസിലേക്ക് ചേക്കേറി. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സെൽവരാജ് യുഡിഎഫ് പ്രതിനിധിയായി വിജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ ആൻസലൻ 9543 വോട്ടിനാണ് സെൽവരാജിനെ പരാജയപ്പെടുത്തിയത്. നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ നെയ്യാറ്റിൻകര നഗരസഭയും തിരുപുറം പഞ്ചായത്തും എൽഡിഎഫാണ് ഭരിക്കുന്നത്. അതിയന്നൂർ, ചെങ്കൽ, കാരോട്, കുളത്തൂർ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. കൃഷിയാണ് പ്രധാന ഉപജീവന മാർഗം. നെയ്ത്ത്, പനകയറ്റം, ചുടുകല്ല് നിർമാണം തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ ഇപ്പോഴുമുണ്ട്. കുളത്തൂർ, കാരോട് പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളും ഏറെയുണ്ട്. മണ്ഡലത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് വലിയ അളവ് പരിഹാരം കാണാനായതും റോഡുകൾ ടാർ ചെയ്ത് മികച്ചതാക്കിയതും ആൻസലന് അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഉൾപ്പടെയുളള ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിച്ചതും സ്കൂളുകൾ ഹൈടെക് സൗകര്യത്തിലേക്ക് ഉയർത്തിയതും ചർച്ചയായിട്ടുണ്ട്.
എല്ലാ നാടാർ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനവും എൽഡിഎഫിന് അനുകൂലമാകും.
മറ്റ് വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാതെ സാമൂഹ്യ നീതി നടപ്പാക്കിയത് വലിയ ജനപ്രീതിയാണ് സൃഷ്ടിച്ചത്.