രണ്ടുതവണ സ്ഥാനാർഥിയായി; മത്സരിച്ചില്ല
Tuesday Mar 9, 2021
രണ്ടുതവണ സ്ഥാനാർഥിയായി നിശ്ചയിച്ചെങ്കിലും മത്സരിക്കാൻ കഴിയാതിരുന്നതാണ് ജസ്റ്റിസ് കെ ടി തോമസിന് ആദ്യം ഓടിയെത്തുന്ന തെരഞ്ഞെടുപ്പോർമ. പഠനകാലം മുതൽ കോൺഗ്രസ് അനുഭാവിയായിരുന്നു. ആഭ്യന്തര കലഹത്തിൽ 1969ൽ പാർടി പിളർന്നപ്പോൾ കെ ടി തോമസ് കാമരാജ് നയിച്ച സംഘടനാകോൺഗ്രസിനൊപ്പം നിന്നു. 1970ൽ പുതുപ്പള്ളിയിൽ കന്നിപ്പോരാട്ടത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കെതിരെ കെ ടി തോമസിനെ മത്സരിപ്പിക്കാൻ സംഘടനാകോൺഗ്രസ് തീരുമാനിച്ചു.
‘അതിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി, പക്ഷെ വോട്ടർപട്ടികയിൽ പേരില്ലാതിരുന്നതിനാൽ മത്സരിക്കാനായില്ല, കോട്ടയത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയമായിരുന്നു അത്’–-ജസ്റ്റിസ് ഓർമിച്ചു.
അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായി കോട്ടയത്ത് പരിഗണിച്ചു. അടിയന്തരാവസ്ഥക്കെതിരെ പ്രസംഗിച്ചും പ്രക്ഷോഭം നടത്തിയും കെ ടി തോമസ് അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ ഇ എം എസ് തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. എറണാകുളത്ത് ചെന്ന് ഇഎംഎസിനെ കണ്ടു. ‘മുന്നണി ധാരണയനുസരിച്ച് കോട്ടയം സീറ്റ് വിട്ടുകൊടുക്കേണ്ടിവരും, തോമസിന് വിഷമമുണ്ടോയെന്ന് ഇ എം എസ് ചോദിച്ചു’. ഇ എം എസിന്റെ അഭ്യർഥന താൻ അനുസരിച്ചു. പിന്മാറാൻ മടിയില്ലെന്നും ഇഎംഎസിനോട് പറഞ്ഞു. വക്കീൽപ്പണിയിൽനിന്ന് ന്യായാധിപന്റെ കുപ്പായമണിഞ്ഞതോടെ രാഷ്ട്രീയം സ്വാധീനിച്ചിട്ടില്ല.