ഇവരുടെ ജീവിതമാണ് ഉറപ്പ്
Thursday Mar 11, 2021
പള്ളിസെമിത്തേരിയിൽ കുഴിവെട്ടിയും മീൻപിടിച്ച് വിറ്റും വീട്ടുകാര്യവും പഠനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ യുവാവിനെ മാവേലിക്കരക്കാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. പക്ഷെ, പുറംലോകം ഈ യുവാവിനെ അറിയണം.
വേദനകൾ കുഴിവെട്ടിമൂടി ചെങ്കൊടിക്കരുത്തിൽ കുതിച്ച യുവരക്തത്തെ; മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി എം എസ് അരുൺകുമാറിനെ.
കൂലിപ്പണിക്കാരനായ അച്ഛൻ സുന്ദരദാസ് 2002ൽ മരിക്കുമ്പോൾ അരുണിന് വയസ്സ് 13. അമ്മയും സഹോദരിയും പട്ടിണി കിടക്കരുത് എന്നതായിരുന്നു അന്നുമുതൽ അരുണിന്റെ തീരുമാനം. കനാൽ പുറമ്പോക്കിൽ പട്ടയം അനുവദിച്ചു കിട്ടിയ രണ്ടേമുക്കാൽ സെന്റ് ഭൂമിയിലെ ഒറ്റമുറി വീട് മാത്രമാണ് ആകെയുള്ളത്. അന്നുമുതൽ അരുൺ ചെയ്യാത്ത ജോലികളില്ല. കല്ലിമേൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കുഴിവെട്ടടക്കം. അച്ചൻകോവിലാറ്റിൽ മീൻപിടിച്ച് വിറ്റു, വീട്ടുജോലിക്ക് പോകുന്ന അമ്മ വിലാസിനിക്കൊപ്പവും ചേർന്നു. ഈ 31 കാരൻ ഇനിയിറങ്ങുന്നത് തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്.
മാവേലിക്കര തഴക്കര കല്ലിമേൽ മന്നത്തുംപാട്ട് എം എസ് അരുൺകുമാറിന്റെ പഠനകാലവും കനൽവഴി. കൊല്ലകടവ് സിഎംഎസ് എൽപിഎസിലും തഴക്കര എംഎസ്എസ് എച്ച്എസിലും കറ്റാനം പോപ് പയസ് എച്ച്എസ്എസിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചുമുതൽ 12 വരെ പോപ് പയസിൽ പഠിച്ചത് സ്‌കൂളിന്റെ ബഥനി കോൺവന്റിൽനിന്നാണ്. അന്ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് പഠന സഹായപദ്ധതി സഹായിച്ചു.
ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായി മാവേലിക്കര ബിഷപ് മൂർ കോളേജിലെത്തിയതോടെ എസ്എഫ്‌ഐയുടെ നേതൃനിരയിലേക്കുയർന്നു. രണ്ടാംവർഷം കോളേജ് യൂണിയൻ ചെയർമാനായി. തുടർന്ന് വിദ്യാർഥി–--യുവജന സംഘടനാ രംഗങ്ങളിൽ നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: സ്‌നേഹ സുരേഷ്. ഒരു വയസ്സുകാരി പീലി മകൾ. സഹോദരി: അഞ്ജലി.
മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ജി സ്‌റ്റീഫന് പിന്നിൽ കരുത്തുനേടിയ ജീവിതസമരമുണ്ട്. ആറാം വയസ്സിൽ അമ്മയും ഒമ്പതാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ടു. ഒറ്റപ്പെടലിൽ പകച്ചുനിന്ന ബാലനെ കൈപിടിച്ച് ജീവിതത്തിലേക്ക് നയിച്ചത് ചെങ്കൊടി പ്രസ്ഥാനം. ആരെയും അനാഥമാക്കില്ലെന്ന് ഉറപ്പുള്ള ഭരണത്തുടർച്ചയ്‌ക്ക് ഇനി സ്‌റ്റീഫനും ശക്തിപകരും. അരുവിക്കരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജീ സ്‌റ്റീഫൻ പഠിച്ചതും വളർന്നതും ജീവിതം മെനഞ്ഞതും പ്രസ്ഥാനത്തിന്റെ തണലിൽ. അനാഥമായി പോകുമായിരുന്ന ജീവിതം പാർടിയിലൂടെ അർഥപൂർണമായി.
പ്രീഡിഗ്രി കാലംതൊട്ട് അന്തിയുറങ്ങിയത് പാർടി ഓഫീസിൽ. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പഠിക്കവെ, 995-–-96ൽ കേരള സർവകലാശാലാ ജനറൽ സെക്രട്ടറി. വിളനിലം, മെഡിക്കൽ സമരങ്ങളിൽ പങ്കെടുത്ത് ലോക്കപ്പുമർദനവും ജയിൽവാസവും അനുഭവിച്ചു.
1995ൽ 22–-ാം വയസ്സിൽ കന്നിയങ്കത്തിൽ തലമുതിർന്ന കോൺഗ്രസ് നേതാവ് ചെല്ലപ്പൻ ആശാരിയെ കാട്ടാക്കട പഞ്ചായത്തിൽ കിള്ളി വാർഡിൽ 297 വോട്ടിന് തോൽപ്പിച്ചു. വികസന ചെയർമാനും മൂന്നേകാൽ വർഷം പ്രസിഡന്റുമായി. അവിടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2010ൽ 531 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ വീണ്ടും പ്രസിഡന്റായി. വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.
ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ നാടിന്റെ ഹൃദയത്തിൽ ഇടംനേടിയ സ്‌റ്റീഫന്റെ പൊതുപ്രവർത്തനമികവ് എതിരാളികളും അംഗീകരിക്കുന്നതാണ്. സ്റ്റീഫനിലൂടെ അരുവിക്കരയിൽ ചെങ്കൊടിയേറ്റം നടത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്.