സമരവേദിയിൽനിന്ന് പര്യടനം തുടങ്ങി ജോസ് തെറ്റയിൽ
Thursday Mar 11, 2021
അങ്കമാലി
മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള കപ്പക്കൃഷി വിളവെടുത്തും ഇന്ധനവിലവർധനയ്‌ക്കെതിരായ ബസ് ഉടമകളുടെ സമരം ഉദ്‌ഘാടനം ചെയ്‌തും അങ്കമാലി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് തെറ്റയിലിന്റെ പ്രചാരണത്തിന് ബുധനാഴ്ച തുടക്കമായി. ഇന്ധന കൊള്ളയ്ക്കെതിരെ നഗരത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിരാഹാരസമരം രാവിലെ അങ്കമാലി ജങ്‌ഷനിൽ ഉദ്ഘാടനം ചെയ്‌തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി നോർത്ത് കമ്മിറ്റി ചെത്തിക്കോട് നടത്തിയ കപ്പക്കൃഷിയുടെ വിളവെടുപ്പും നിർവഹിച്ചു. അങ്കമാലി, മഞ്ഞപ്ര, നായത്തോട് പ്രദേശങ്ങളിൽ വോട്ടർമാരെ നേരിട്ടു കണ്ടും വോട്ട് അഭ്യർഥിച്ചു.
അങ്കമാലി തെറ്റയിൽ തോമസിന്റെയും ഫിലോമിനയുടെയും മകനായ ജോസ് തെറ്റയിൽ എംഎൽഎ ആയിരുന്നപ്പോഴും മന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും എന്നും അങ്കമാലിയിൽെ പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. കാലടി ശ്രീശങ്കരാ കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈക്കോടതി അഭിഭാഷകൻ, സീനിയർ ഗവ. പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ, കേന്ദ്ര ഗവ. സ്റ്റാൻഡിങ് കോൺസൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1989–-90ൽ അങ്കമാലി മുനിസിപ്പൽ ചെയർമാനായിരുന്നു.
2006 മുതൽ തുടർച്ചയായി രണ്ടുവട്ടം അങ്കമാലി എംഎൽഎ. 2009ൽ ഗതാഗതമന്ത്രിയായി. തൊഴിലാളി യൂണിയൻ നേതാവ്, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. "സിനിമയും രാഷ്ട്രീയവും', "ദുഷ്ടനെ ദൈവം പനപോലെ വളർത്തുമോ' എന്നീ പുസ്തകങ്ങൾ രചിച്ചു. ഭാര്യ: ഡെയ്സി. മക്കൾ: ആദർശ്, ആസാദ്. മരുമകൾ: ജ്യോതിസ്.