കുതിപ്പ്‌ തുടരാൻ 
എൽദോ എബ്രഹാം വീണ്ടും

Thursday Mar 11, 2021


കൊച്ചി
മൂവാറ്റുപുഴയുടെ വികസനക്കുതിപ്പ്‌ തുടരാൻ എൽദോ എബ്രഹാം വീണ്ടും. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം എൽദോ എബ്രഹാം ജന്മനാടായ തൃക്കളത്തൂരിലെ മുപ്പതോളം വീടുകൾ ബുധനാഴ്‌ച രാവിലെ സന്ദർശിച്ചു. കോതമംഗലം രൂപതാ ബിഷപ്‌ മാർ ജോർജ്‌ മഠത്തിക്കണ്ടത്തിൽ, സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്‌ ആലഞ്ചേരി എന്നിവരെ നേരിട്ടു കണ്ട്‌ പിന്തുണ അഭ്യർഥിച്ചു. മലങ്കര കത്തോലിക്കസഭ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തെയോഡോഷ്യസ്, എസ്എൻഡിപി മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ്‌ വി കെ നാരായണൻ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ ശ്യാംദാസ്, വിശ്വകർമ സർവീസ്‌ സൊസൈറ്റി താലൂക്ക് പ്രസിഡന്റ് സനോജ്, സെക്രട്ടറി കെ കെ ദിനേശ് തുടങ്ങിയവരെ സന്ദർശിച്ചു. വൈകിട്ട്‌ മൂവാറ്റുപുഴ കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ ജങ്‌ഷനിൽനിന്ന്‌ ചാലിക്കടവിലേക്ക്‌‌ റോഡ്‌ഷോയും നടത്തി. ഇരുചക്രവാഹനങ്ങളും ചെങ്കൊടിയേന്തിയ പ്രവർത്തകരും റോഡ്‌ ഷോയ്‌ക്ക്‌ അകമ്പടിയേകി.

തൃക്കളത്തൂർ മേപ്പുറത്ത് വീട്ടിൽ എം പി എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനായ എൽദോ എബ്രഹാം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്‌‌‌. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം, എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.  
കല്ലൂർക്കാട്‌ മണ്ണാംപറമ്പിൽ ഡോ. ആഗി മേരി അഗസ്‌റ്റിനാണ്‌‌ ഭാര്യ.