മത്സരിക്കാനോ... ഞ്യാനോ; ഹീശ്വരാ!!
Thursday Mar 11, 2021
മിൽജിത്ത് രവീന്ദ്രൻ
തിരുവനന്തപുരം
കെട്ടിവച്ച കാശുപോലും കിട്ടാതെ തോറ്റാലും പ്രശ്‌നമില്ല, സ്ഥാനാർഥിയായാൽ മതി നിലവിളിയാണ് എല്ലാകാലത്തും യുഡിഎഫിലും എൻഡിഎയിലും. എന്നാലിത്തവണ ഇതാ അത്‌ഭുതം സംഭവിച്ചിരിക്കുന്നു.. ഇല്ല, മത്സരിക്കാനില്ല!
ഞെട്ടിയോ? ഞെട്ടും. യുഡിഎഫിലും എൻഡിഎയിലും പ്രമുഖർ തന്നെ സീറ്റ് വേണ്ടായേ എന്ന മട്ടിൽ പടയ്‌ക്ക് മുമ്പേ തിരിഞ്ഞോടുകയാണ്. കോൺഗ്രസിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, ബിജെപിയിൽ നടൻ സുരേഷ് ഗോപി, ബിഡിജെഎസിൽ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, സിഎംപിയിൽ സി പി ജോൺ തുടങ്ങിയവരെല്ലാം കളം കാലിയാക്കിയ മട്ടാണ്. സ്വന്തം മുന്നണി ഭരണത്തിലെത്തില്ലെന്ന് ഉറപ്പായതിനാലും തോൽവി ഭയന്നുമാണ് ഒളിച്ചോട്ടം. പക്ഷെ എന്തിനുമുണ്ടല്ലോ, ന്യായം; മത്സരിക്കാനില്ലാ എന്നാണ് ഇവർ പറയുന്ന ഭംഗിവാക്ക്.
ലിസ്‌റ്റിൽ ഒന്നാമൻ മുല്ലപ്പള്ളിയാണ്. മുല്ലപ്പള്ളിയെ മത്സരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കെ സുധാകരനും സംഘവും. ലക്ഷ്യം, കെപിസിസി പ്രസിഡന്റ് കസേരയായതിനാൽ ആവുന്ന ശ്രമം നടത്തുന്നുമുണ്ട്. കക്ഷത്തിലുള്ളതും പോകും ഉത്തരത്തിലുള്ളത് കിട്ടുകയുമില്ലെന്നറിയാവുന്ന മുല്ലപ്പള്ളിയാകട്ടെ പിടികൊടുക്കുന്നേയില്ല. സീറ്റുകൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പങ്കിടുമെന്ന് അറിയാവുന്ന വി എം സുധീരനും മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കി.
സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പിന്നാലെ നടക്കുകയാണ് ബിജെപി നേതൃത്വം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ ‘എടുത്ത’ സുരേഷ് ഗോപിക്ക് ഇക്കുറി മണ്ഡലങ്ങളൊന്നും വേണ്ട. ഒരു പരാജയംകൂടി താങ്ങാനാകാത്തതിനാൽ ഷൂട്ടിങ് ഉണ്ടെന്നതാണ് അതിനു കാരണമായി പറയുന്നത്. കുന്നംകുളത്ത് രണ്ടു തവണ തോറ്റ സി പി ജോൺ ഇക്കുറിയില്ലെന്ന് ആദ്യമേ വ്യക്തമാക്കി.
മത്സരിക്കാനല്ല, പാർടിയെ സംസ്ഥാനത്തെ പ്രധാനകക്ഷിയാക്കാനുള്ള പോരാട്ടത്തിലാണ് താനെന്നാണ് വാദം. വിജയസാധ്യതയുള്ള സീറ്റ് കിട്ടാത്തതാണ് ജോണിന്റെയും പ്രശ്‌നം. മത്സരിക്കാൻ അതിയായ മോഹമുണ്ടായിരുന്ന ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനാകട്ടെ, കിട്ടുമെന്ന് കേൾക്കുന്ന സീറ്റ് കേട്ടപ്പോഴെ ഞെട്ടി. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. ഇതുകേട്ടതും ദേവരാജൻ സ്‌കൂട്ടായി. തുഷാർ വെള്ളാപ്പള്ളിയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനു പോകണമെന്നതാണ് ന്യായം.
അതിനിടയിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്‌ക്കും നൈസായൊരു പണി മുല്ലപ്പള്ളി തിരിച്ചുകൊടുത്തു. നേമത്ത് ഉന്നത നേതാക്കളിൽ ഒരാൾ മത്സരിക്കുമെന്നാണ് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്. ഈ ചൂണ്ടയിൽ കൊത്താതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഗോൾ മടക്കി. ഹരിപ്പാടിനോടും പുതുപ്പള്ളിയോടും അലിഞ്ഞുചേർന്ന മനസ്സാണത്രെ അവർക്ക്.