‘‘ആഴ്‌ചയിൽ നാലു ദിവസംപോലും തൊഴിൽ കിട്ടാത്ത കാലമുണ്ടായിരുന്നു, ഇപ്പോൾ സ്ഥിതി മാറി
Thursday Mar 11, 2021
സുപ്രിയ സുധാകർ
കണ്ണൂർ
‘‘ആഴ്‌ചയിൽ നാലു ദിവസംപോലും തൊഴിൽ കിട്ടാത്ത കാലമുണ്ടായിരുന്നു. പലരും മറ്റു ജോലിക്കുപോയാണ് കുടുംബംപോറ്റിയത്. ഇപ്പോൾ സ്ഥിതി മാറി’’–- കണ്ണൂർ സഹകരണ സ്‌പിന്നിങ് മില്ലിലെ തൊഴിലാളി എ റീനയുടെ വാക്കുകളിൽ തെളിയുന്നത് ഇച്ഛാശക്തിയുള്ള സർക്കാരിലൂടെ ജീവിതം വീണ്ടും തളിർത്ത തൊഴിലാളികളുടെ സന്തോഷം.
വർഷങ്ങളോളം വൈദ്യുതിബിൽപോലും അടയ്‌ക്കാനാകാതെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. പഴകിദ്രവിച്ച യന്ത്രസംവിധാനങ്ങൾ. തൊഴിലാളികളുടെ പിഎഫ്, ഇഎസ്‌ഐ വിഹിതങ്ങളെല്ലാം കുടിശ്ശിക. പിരിഞ്ഞുപോകുന്നവരുടെ ആനുകൂല്യങ്ങളും നൽകിയിരുന്നില്ല. ഇപ്പോൾ സ്ഥിതിയാകെ മാറി.
മില്ലിൽ ഉൽപ്പാദിപ്പിച്ച നൂൽ ഉപയോഗിച്ച് തൊഴിലാളികൾക്ക് യൂണിഫോം നൽകി. 31 തൊഴിലാളികളെ കഴിഞ്ഞവർഷം സ്ഥിരപ്പെടുത്തിയതോടെ ആകെ 230 പേരായി. അറുപത് വർഷം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റി ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്‌ത ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചു. ഇതോടെ ഉൽപ്പാദനത്തിൽ കുതിച്ചുചാട്ടമുണ്ടായി. മ്യാന്മറിലേക്കും ശ്രീലങ്കയിലേക്കും ഇതുവരെ രണ്ടരക്കോടി രൂപയുടെ നൂൽ കയറ്റിഅയച്ചു. രണ്ടു കോടിരൂപയുടെ നൂൽ കയറ്റുമതിക്ക് ഓർഡറുമുണ്ട്. കൈത്തറി യൂണിഫോം പദ്ധതിയിലേക്ക് ഷർട്ടിന് വേണ്ട 60 ശതമാനം നൂലും നിർമിച്ചു നൽകി.
സ്‌പിന്നിങ്മില്ലുകൾ പ്രവർത്തന
ലാഭത്തിലേക്ക്
നവീകരണ പദ്ധതി അതിവേഗം പൂർത്തിയാക്കിയതിനൊപ്പം സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഗുണഫലവും ലഭിച്ചതോടെ സംസ്ഥാനത്തെ സ്‌പിന്നിങ്മില്ലുകൾ നേട്ടത്തിലേക്ക് കുതിക്കുന്നു. പൂട്ടിയിട്ട മില്ലുകൾ തുറന്ന് പ്രവർത്തന ലാഭത്തിലാക്കി. അത്യാധുനിക ഓട്ടോകോണർ യന്ത്രങ്ങൾ സ്ഥാപിച്ച കണ്ണൂർ, ആലപ്പുഴ, മാൽകോടെക്‌സ് തുടങ്ങിയ സഹകരണ മില്ലുകളിൽനിന്ന് വിദേശത്തേക്ക് നൂൽ കയറ്റുമതി ആരംഭിച്ചു. മലപ്പുറം കോ–-ഓപ്പറേറ്റീവ് സ്‌പിന്നിങ് മിൽ കഴിഞ്ഞ ഒക്‌ടോബർ മുതലും പ്രിയദർശിനി മിൽ ഡിസംബർ മുതലും അറ്റാദായത്തിലാണ്.
വസ്‌ത്രനിർമാണ മേഖലയിലേക്കും ചുവടുവയ്‌ക്കുന്നു
സംസ്ഥാനത്തെ വസ്ത്രനിർമാണ മേഖലയെ സ്വയംപര്യാപ്‌തമാക്കാൻ വൻകിട പദ്ധതിയുമായി കേരള ടെക്‌സ്‌റ്റൈൽ കോർപറേഷൻ. തളിപ്പറമ്പ് നാടുകാണി കിൻഫ്ര ടെക്‌സ്റ്റൈൽ സെന്ററിലാണ് ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റ് ആരംഭിക്കുന്നത്. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷന് കീഴിൽ കോമളപുരം സ്‌പിന്നിങ് ആൻഡ് വീവിങ് മിൽ, ഉദുമ ടെക്‌സ്‌റ്റൈൽ മിൽ, പിണറായി ഹൈടെക് വീവിങ് മിൽ എന്നിവിടങ്ങളിലും ഉൽപ്പാദനം ആരംഭിച്ചു.
കേന്ദ്രം മില്ലുകൾ
വിൽക്കുന്നു
സംസ്ഥാനത്ത് നൂൽനൂൽപ്പ് വ്യവസായം പുരോഗതി കൈവരിക്കുമ്പോൾ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷൻ രാജ്യത്തെ മില്ലുകൾ വിൽപ്പനയ്‌ക്ക് വച്ചിരിക്കുകയാണ്. ലോക്‌ഡൗണിൽ അടച്ചുപൂട്ടിയ സ്ഥാപനം തുറക്കാതിരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ദീർഘകാലത്തെ സമരത്തിനുശേഷം കണ്ണൂരിലെ കക്കാട് സ്‌പിന്നിങ് മിൽ തുറന്നെങ്കിലും അസംസ്‌കൃതവസ്‌തുക്കൾ ലഭിക്കാത്തതിനാൽ തൊഴിലാളികൾക്ക് പണിയില്ല.
ലോക്‌ഡൗൺ സമയത്ത് രാജ്യത്തെ 23 സ്‌പിന്നിങ് മില്ലും അടച്ചുപൂട്ടി. ഇതിൽ സംസ്ഥാനത്തെ നാല് മില്ലും മയ്യഴിയിലെ മില്ലും ഉൾപ്പെടും. മെയ് ആദ്യവാരം വ്യവസായങ്ങൾ തുറക്കുന്നതിന് ഇളവുകൾ ലഭിച്ചതോടെ സംസ്ഥാനത്തെ സ്‌പിന്നിങ് മില്ലുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. അപ്പോഴും എൻടിസി മില്ലുകളിലെ തൊഴിലാളികൾ തൊഴിലും വേതനവും ഇല്ലാതെ വലയുകയായിരുന്നു. ഒടുവിൽ 114 ദിവസം സമരം നടത്തിയതിനെതുടർന്ന് കണ്ണൂർ സ്‌പിന്നിങ്മിൽ മാത്രം തുറന്നു. പേരിനു തുറന്നെങ്കിലും പണിയില്ലാത്തതിനാൽ തൊഴിലാളികൾക്ക് പട്ടിണിക്കൂലി മാത്രമേയുള്ളൂ–- വേതനത്തിന്റെ 40 ശതമാനം. താൽക്കാലിക തൊഴിലാളികൾക്ക് പണിയുമില്ല, കൂലിയുമില്ല.