വേണുഗോപാൽ പറയുന്നതാണ്‌ ഹൈക്കമാൻഡ്‌ നിർദേശമെന്ന്‌ താരിഖ്‌ 
അൻവർ

ഡൽഹി പോരിൽ ഉലഞ്ഞ് കോൺഗ്രസ്‌

Thursday Mar 11, 2021
പ്രത്യേക ലേഖകൻ


തിരുവനന്തപുരം
ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒരു വശത്തും മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും മറുപുറത്തും അണിനിരന്ന്‌ ഡൽഹിയിൽ വാക്പോരും വെട്ടിനിരത്തലും. കോൺഗ്രസ്‌ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ഡൽഹി ചർച്ച കൊഴുക്കുന്നതിനിടെ കേരളത്തിൽ എംപിമാരടക്കമുള്ള മുതിർന്ന നേതാക്കളുടെ പ്രതിഷേധം കനത്തു.  ഗ്രൂപ്പ്‌ വീതം വയ്‌പ്പിലെ രോഷം പരസ്യപ്രതികരണമായി പുറത്തേക്ക്‌.

എ, ഐ ഗ്രൂപ്പുകളുടെ സീറ്റ്‌ പങ്കുവയ്‌പ്പിന്‌ ഭീഷണിയുമായി ഹൈക്കമാൻഡ് രംഗത്തിറങ്ങിയതോടെ എല്ലാം കുഴഞ്ഞുമറിഞ്ഞെന്നാണ്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിശ്വസ്‌തരുമായി പങ്കിട്ട വികാരം. സ്ഥാനാർത്ഥികളെ കുറിച്ചുള്ള ഗ്രൂപ്പ്‌ നിർദേശത്തെ സർവെ റിപ്പോർട്ട്‌ ഉയർത്തി കെസി വേണുഗോപാൽ എതിർത്തു. വേണുഗോപാലിനെ പിന്താങ്ങി മുല്ലപ്പള്ളിയും മുന്നോട്ടുവന്നതോടെ വാഗ്വാദം മുറുകി. സർവെയിൽ ഇല്ലാത്ത പേര്‌ അംഗീകരിക്കാൻ പറ്റില്ലെന്ന്‌  വേണുഗോപാലും മുല്ലപ്പള്ളിയും നിലപാട്‌ എടുത്തതോടെ തർക്കം രൂക്ഷമായി.

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്‌ക്കിടെ നടന്ന വാഗ്വാദം പുറത്തറിഞ്ഞതോടെ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഹൈക്കമാന്റ്‌ ദൂതനായി രംഗ പ്രവേശം ചെയ്‌തു.  വേണുഗോപാൽ പറയുന്നതാണ്‌ ഹൈക്കമാന്റ്‌ നിർദേശമെന്ന്‌ താരിഖ്‌ അൻവറിന്റെ വെളിപ്പെടുത്തലിനെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച്‌ എതിർത്തു.‌ നിർദേശമുണ്ടെങ്കിൽ അത്‌ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പറയട്ടെ എന്നായി ഉമ്മൻചാണ്ടി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്‌ താനെന്ന്‌ ഓർക്കണമെന്ന്‌ വേണുഗോപാൽ തിരിച്ചടിച്ചു.

ഇതിനിടെ എഐസിസിയുടെ രഹസ്യ സർവെ തട്ടിപ്പാണെന്ന്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും സംശയം പ്രകടിപ്പിച്ചു. ഏതൊക്കെ മണ്ഡലങ്ങളിൽ സർവെ നടത്തിയെന്ന്‌ വെളിപ്പെടുത്തണമെന്നായി ഇരുവരും. എത്ര ബൂത്ത്‌ പ്രസിഡന്റുമാരുമായി ആശയവിനിയമം നടത്തിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കണം‌. സർവെ റിപ്പോർട്ട്‌ എന്നുപറഞ്ഞ്‌ ഉമ്മാക്കി കാണിക്കരുതെന്ന്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ വേണുഗോപാൽ മുറിയിൽ നിന്ന്‌ ഇറങ്ങിപ്പോയി.

  തുടർന്നാണ്‌ നേമം, വട്ടിയൂർക്കാവ്‌ വെല്ലുവിളി ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഏറ്റെടുക്കണമെന്ന നിർദേശം ഉരുത്തിരിഞ്ഞത്‌. ഹൈക്കമാന്റിന്റെ നിർദേശം എന്ന രൂപേണയാണ്‌ ഇക്കാര്യം താരിഖ്‌ അൻവർ മുന്നോട്ടുവച്ചത്‌. കെ മുരളീധരനും നേമത്ത്‌ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഇതോടെ കുരുക്ക്‌ കൂടുതൽ മുറുകി.  മുരളീധരനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും എതിർത്തു.  മുരളീധരൻ വടകര എംപി സ്ഥാനം രാജിവയ്‌ക്കട്ടെ എന്നായിരുന്നു കെസി വേണുഗേപാലിന്റെയും മുല്ലപ്പള്ളിയുടെയും അഭിപ്രായം. ബുധനാഴ്‌ച രാത്രിയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച അതോടെ അവസാനിച്ചു.

വ്യാഴാഴ്‌ച രാവിലെ ചേർന്ന യോഗത്തിലാണ്‌ നേമം, വട്ടിയൂർക്കാവ്‌ നിർദേശം വീണ്ടും ഉയർന്നത്‌. ഉമ്മൻചാണ്ടി നേമത്ത്‌ മത്സരിക്കുന്നതിൽ ചെന്നിത്തലയ്‌ക്ക്‌ ഉള്ളാലേ സന്തോഷമാണ്‌. പക്ഷെ അത്‌ തനിക്കും പാരയാകുമോയെന്ന ഭീതിയിലാണ്‌ ചെന്നിത്തല.

വ്യാഴാഴ്‌ച വൈകീട്ട്‌ വരെ ചർച്ചാ നാടകം അരങ്ങേറിയെങ്കിലും പകുതി സീറ്റിൽ പോലും തീരുമാനമായിട്ടില്ല. ഗ്രൂപ്പ്‌, സർവെ പരിഗണന വച്ച്‌ വെട്ടും തിരുത്തും നടത്തിയിട്ടുണ്ട്‌. ഇത്‌ അംഗീകരിക്കാനായി വെള്ളിയാഴ്‌ച വീണ്ടും സ്‌ക്രീനിങ്‌ കമ്മിറ്റി കൂടും.

സ്ഥാനാർഥി
നിർണയരീതി തെറ്റ്‌
യുഡിഎഫിന്റെ സ്ഥാനാർഥി നിർണയരീതി തെറ്റെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പി ജെ കുര്യൻ. കേരളത്തിൽ തീരുമാനം എടുക്കുന്നത്‌ ഗ്രൂപ്പ്‌ നേതാക്കളാണ്. സ്ഥാനാർഥി നിർണയവും ഗ്രൂപ്പടിസ്ഥാനത്തിലാണ്. ‘തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എന്റെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. പരിഗണിക്കപ്പെടുമോ എന്നറിയില്ല. പി സി ചാക്കോ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. അദ്ദേഹം രാജിവച്ചതിൽ ദുഃഖമുണ്ടെന്നും’  കുര്യൻ പറഞ്ഞു. 

തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ പി ജെ കുര്യൻ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിനിടെ കോൺഗ്രസിലെ ഒരുവിഭാഗം പി ജെ കുര്യനെതിരെ നവമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി‌.

കോൺഗ്രസ് വഞ്ചിച്ചു: 
ആർഎസ്‌പി
കോൺഗ്രസ്‌ വിശ്വാസവഞ്ചന കാണിച്ചതായി ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്‌. കയ്‌പമംഗലത്തിനു പകരം മറ്റൊരു സീറ്റ് തരാമെന്ന‌ ഉറപ്പു പാലിച്ചില്ല. ഇക്കൂട്ടരെ എങ്ങനെ വിശ്വസിക്കുമെന്നും എ എ അസീസ്‌ ചോദിച്ചു. ഏഴു സീറ്റാണ്‌ ചോദിച്ചത്‌. എന്നാൽ, ലഭിച്ചത്‌ പഴയതുപോലെ അഞ്ചെണ്ണം മാത്രം. കയ്‌പമംഗലത്തിനു പകരം മറ്റൊരു മണ്ഡലം തരാമെന്നു‌ സമ്മതിച്ചതിനാലായിരുന്നു അഞ്ചെന്ന്‌ സമ്മതിച്ചത്‌. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും യുഡിഎഫ്‌ കൺവീനർ എം എം ഹസനുമാണ്‌ ഈ ഉറപ്പുതന്നത്‌. അമ്പലപ്പുഴയാണ്‌ പകരം ആവശ്യപ്പെട്ടത്‌. നിരാശാജനകവും പ്രതിഷേധാർഹവുമാണ്‌ ഈ നിലപാട്‌. ഇക്കൂട്ടരെ എങ്ങനെ വിശ്വസിക്കും. മറ്റു കക്ഷികളെ അലോസരപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌. ഇതു‌ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.