ഗൗരിയമ്മയ്‌ക്ക് കന്നിവോട്ട്
Thursday Mar 11, 2021
ആലപ്പുഴ മണ്ഡലത്തിലെ ചാത്തനാട്ടെ കളത്തിപ്പറമ്പ് വീട്ടിലിരുന്ന് ഗൗരിയമ്മ ഇത്തവണ വോട്ട് ചെയ്യും. വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ പോസ്‌റ്റൽ വോട്ടിനുള്ള അപേക്ഷയിൽ ഗൗരിയമ്മ സന്തോഷത്തോടെ ഒപ്പിട്ടുനൽകി.
‘‘ഇക്കുറി വോട്ടുചെയ്യാൻ പോകാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു ഗൗരിയമ്മ. വീണ് ഇടുപ്പെല്ല് പൊട്ടി ഓപ്പറേഷൻ നടത്തിയതിനാൽ നടക്കാനാകില്ല. പോസ്‌റ്റൽ വോട്ടുചെയ്യാൻ കഴിയുമെന്ന് അറിഞ്ഞപ്പോൾ കന്നി വോട്ടു ചെയ്യുന്നവരുടെ ആവേശമായിരുന്നു.’’–- ഗൗരിയമ്മയ്‌ക്ക് ഒപ്പമുള്ള സഹോദരിയുടെ മകൾ ഡോ. പി സി ബീനാകുമാരി പറഞ്ഞു.
വിറയാർന്ന ശബ്‌ദമെങ്കിലും വാക്കിനും പ്രവൃത്തിക്കും ഇന്നും അവരിൽ കാരിരുമ്പിന്റെ കരുത്തുണ്ട്. പ്രായത്തിന്റെ അവശത; പക്ഷേ, നിലപാടിന്റെ കാര്യത്തിൽ ലവലേശമില്ല. 102–-ാം വയസ്സിലും പറഞ്ഞാൽ പറഞ്ഞതുതന്നെ. സ്നേഹശാഠ്യം കൈയൊഴിഞ്ഞിട്ടില്ല. തൂവെള്ള സാരി നിർബന്ധം. ലേശംകൂടി മെലിഞ്ഞു. താക്കോൽ കൂട്ടം കൈവിട്ടിട്ടില്ല. ടിവിയിൽ വാർത്തശ്രദ്ധിക്കും. പത്രം വായിച്ചുകൊടുക്കണം. പഴയ കാര്യങ്ങൾക്കാണ് സൂക്ഷ്‌മത കൂടുതൽ. കോവിഡായതിനാൽ അധികം സന്ദർശകരെ അനുവദിക്കാറില്ലെങ്കിലും കാണാൻ എത്തിയവർക്ക് പലഹാരമോ ഭക്ഷണമോ ഉറപ്പ്.
ഗൗരിയമ്മ വോട്ടുചെയ്യാൻ തുടങ്ങിയിട്ട് 73 വർഷം കഴിഞ്ഞു. 1948 ജനുവരിയിൽ തിരുവിതാംകുർ നിയമനിർമാണസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് സ്വന്തം പേരിൽത്തന്നെ. ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ പക്ഷേ തോറ്റു. അന്ന് പലയിടത്തും പോളിങ് ഓഫീസുകൾ ജന്മിമാരും കോൺഗ്രസുകാരും പൊളിച്ചെറിഞ്ഞു. ചേർത്തലയിലെ പല ബൂത്തുകളിലും കോൺഗ്രസിന് വോട്ടു ചെയ്യുമെന്ന് ഉറപ്പുനൽകിയാലേ വോട്ടർമാരെ ബൂത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചുള്ളൂ. അതായിരുന്നു അന്നത്തെ അവസ്ഥ. രണ്ടു ദിവസം കഴിഞ്ഞ് ആലപ്പുഴ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ടി വി തോമസിന്റെ ബൂത്ത് ഏജന്റായും ഗൗരിയമ്മ ഇറങ്ങി.
തുടർന്ന് 1951ലും 54ലും തിരുകൊച്ചിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് ഗൗരിയമ്മയ്‌ക്കായിരുന്നു വിജയം. ഐക്യകേരള രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പെല്ലാം തിളങ്ങുന്ന വിജയചരിത്രം. 57ൽ മണ്ഡലം ചേർത്തല തന്നെ. കേരളത്തിന്റെ ആദ്യ കമ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ റവന്യൂ മന്ത്രി. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമേകിയ കേരള കാർഷിക ഭൂപരിഷ്‌കരണ ബില്ലിൽ കൈയൊപ്പുചാർത്തി ഗൗരിയമ്മ നടന്നുകയറിയത് ചരിത്രത്തിലേക്ക്. പിന്നീട് 77 മുതൽ 80 വരെ ചെറിയകാലയളവ് ഒഴിച്ചാൽ 2006 വരെ തുടർച്ചയായി നിയമസഭാംഗം. 60ൽ ചേർത്തലയിൽനിന്നും 66 മുതൽ അരൂരിൽ നിന്നുമായിരുന്നു ജയം. അഞ്ചുതവണ മന്ത്രി. റവന്യൂ വകുപ്പിനു പുറമേ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി.