വിജ്ഞാപനം ഇന്ന്‌; 
പത്രികാ സമര്‍പ്പണവും ; നാമനിർദേശ പത്രികാ സമർപ്പണവും ആരംഭിക്കും

Friday Mar 12, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിർദേശ പത്രികാ സമർപ്പണവും ഇതോടെ ആരംഭിക്കും. 19 വരെ പത്രിക നൽകാം . 20-ന് സൂക്ഷ്മപരിശോധന. 22 വരെ പത്രിക പിൻവലിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

പത്രികാസമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ട്‌ വാഹനങ്ങൾ ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കിൽ നിശ്ചിത അകലംവരെ മാത്രം അഞ്ചു വാഹനം അനുവദിക്കും. ഒരു റാലി കടന്നുപോയി അരമണിക്കൂറിനുശേഷമാണ്‌ അടുത്തതിന്‌ അനുമതി. സ്ഥാനാർഥിയും ഒപ്പം വരുന്നവരും മാസ്ക്, ഗ്ലൗസ്, ഫെയ്‌സ്‌ ഷീൽഡ് എന്നിവ ധരിക്കണം. പത്രിക ഓൺലൈനായും സമർപ്പിക്കാം. ഇതിന്റെ പകർപ്പ് വരണാധികാരിക്ക്‌ നൽകണം.

കെട്ടിവയ്‌ക്കാനുള്ള തുകയും ഓൺലൈനായി അടയ്ക്കാം.  സൂക്ഷ്മപരിശോധനയും ചിഹ്നം അനുവദിക്കലും ഉൾപ്പെടെയുള്ള നടപടികൾ ശാരീരിക അകലം പാലിച്ച് ചെയ്യാൻ സ്ഥലസൗകര്യം ഉണ്ടായിരിക്കും.