പൊളളുന്ന ജീവിതം കരുത്താക്കിയ സുമോദ്
Friday Mar 12, 2021
ജോണ്സണ് പി വര്‍ഗീസ്
പാലക്കാട് > 'ലൈഫ് പദ്ധതി'യില്‍ വീടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുണ്ട്, പി പി സുമോദ്. തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുമോദിന്റെ തൃത്താല ആലൂരിലെ റോഡരികിലെ ഇടുങ്ങിയ തറവാട് വീടിന്റ ചുമരാകെ പായല്‍ വീണു. അച്ഛനും അമ്മയും അനുജനും അനുജന്റെ ഭാര്യയുമാണ് ഇവിടെ താമസം. മുത്തച്ഛന്റെ കാലത്ത് പണിത ഈ കുഞ്ഞുവീട്ടില്‍നിന്നാണ് സുമോദിന്റെ ജീവിതം തുടങ്ങുന്നത്.
അച്ഛന് കൃഷ്ണന്‍കുട്ടിയുടെയും അദ്ദേഹത്തിന്റെ നാലു സഹോദരങ്ങളുടെയുംപേരിലുള്ള ആറുസെന്റിലാണ് വീട്. വസ്തു നാലായി വീതംവയ്ക്കണം. കടബാധ്യതയേറിയതോടെ വസ്തുവിന്റെ ആധാരം ബാങ്കിലായി. കിണര്‍ കുത്താന്‍പോലുമിടമില്ലാത്ത ആറു സെന്റില്‍നിന്ന് പരിമിതികളോട് പടവെട്ടിയ സുമോദിന് കരുത്ത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം.
ഭാര്യയും കുട്ടികളുമായപ്പോള്‍ സുമോദ് അടുത്തുതന്നെ വാടകവീട്ടില്‍ താമസമാക്കി. സ്വന്തമായി റേഷന്കാര്ഡുണ്ടെങ്കിലേ ലൈഫില്‍ വീട് ലഭിക്കൂ. അതിന് അപേക്ഷിച്ചു. സ്വന്തമായി ഒരുതുണ്ടു ഭൂമിയും ആസ്തിയുമില്ലാത്ത സുമോദിന് ബിപിഎല്‍ കാര്‍ഡ് കിട്ടി. അതുവച്ച് പട്ടികജാതി വികസനവകുപ്പില്‍ അപേക്ഷിച്ചു. എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ലഭിക്കുന്നതുപോലെ അഞ്ച് സെന്റ് സ്ഥലം സുമോദിനും അനുവദിച്ചു. ഇനി വീടിനുള്ള കാത്തിരിപ്പ്.
സാമ്പത്തികമായി പ്രയാസമുണ്ടെങ്കിലും വിദ്യാഭ്യാസം മുടക്കിയില്ല. അച്ഛന് കൃഷ്ണന്‍കുട്ടി സിഐടിയു യൂണിയനില്‍ അംഗമായ ചുമട്ടുതൊഴിലാളിയായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞതോടെ അഞ്ചുവര്‍ഷമായി ജോലിക്ക് പോകാനാകാതായി. അമ്മ ലക്ഷ്മി തൊഴിലുറപ്പ് ജോലിക്ക് പോകുന്നു. അഞ്ചാംക്ലാസ് മുതല്‍ എസ്എഫ്ഐക്കാരനായി തുടങ്ങിയ സംഘടനാപ്രവര്‍ത്തനത്തിനുമാത്രം വിട്ടുവീഴ്ചകളില്ല.
'സാഹചര്യങ്ങളൊക്കെ മാറും. അല്ലെങ്കിലും നമ്മേക്കാള്‍ ഇല്ലായ്മയില്‍ കഴിയുന്നവര്‍ക്ക് ആദ്യം വീട് ലഭിക്കട്ടെ എന്നിട്ട് മതി നമുക്ക്. സുമോദിനും അച്ഛനുമെല്ലാം ഇതേ അഭിപ്രായമായിരുന്നു.
ആലൂര് ഗവ. എല്‍പി സ്കൂള്‍, തൃത്താല ഹൈസ്കൂള്‍, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജ്, കോട്ടപ്പുറം ശ്രീനാരായണ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം എ, ബിഎഡ് ബിരുദധാരിയാണ്.
1980ലെ മനുഷ്യച്ചങ്ങല മുതല്‍ ഈ വീട്ടില്‍ എല്ലാവരും ഇടതുപക്ഷമാണ്. അച്ഛന് കൃഷ്ണന്‍കുട്ടിയും അമ്മ ലക്ഷ്മിയും പട്ടിത്തറയിലെ വീടിന് മുന്നില്‍ നില്ക്കുമ്പോള് മകന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അമിതാഹ്ലാദമില്ല. ഇരുവര്‍ക്കും കമ്യൂണിസ്റ്റുകാരുടെ പക്വത. ധന്യയാണ് സുമോദിന്റെ ഭാര്യ. മക്കള്‍: ഇതിഹാസ്(നാല് വയസ്സ്), മാനസ്(ആറുമാസം).