മട്ടന്നൂർ പറയുന്നു: 
ഇത്‌ കലയെ സ്‌നേഹിക്കുന്ന സർക്കാർ

ശ്രീകാന്തും ശ്രീരാജും പിന്നെ സാക്ഷാൽ മട്ടന്നൂരും‌

Friday Mar 12, 2021
വേണു കെ ആലത്തൂർ
മട്ടന്നൂർ ശങ്കരൻകുട്ടിയും മക്കളായ ശ്രീകാന്തും ശ്രീരാജും സാമ്പിൾ പഞ്ചാരി അവതരിപ്പിക്കുന്നു / സുമേഷ്‌ കോടിയത്ത്


പാലക്കാട്‌
പഞ്ചാരിയും തായമ്പകയും പഞ്ചവാദ്യവും ഒരുമിച്ചു മുഴങ്ങുകയാണ്‌ വെള്ളിനേഴിയിൽ. അവിടെ താളം കൊഴുപ്പിക്കാൻ സാക്ഷാൽ മട്ടന്നൂരും മക്കളായ ശ്രീകാന്തും ശ്രീരാജും. കഥകളിയുടെ തറവാട്ടിൽ കല്ലുവഴിച്ചിട്ടയുടെ ജന്മഗേഹത്തിൽ മേളം കൊഴുപ്പിക്കുന്ന മട്ടന്നൂരിന്റെ താമസസ്ഥലത്തിനടുത്തുള്ള വെള്ളിനേഴി കലാഗ്രാമത്തിലാണ്‌ മൂന്നുപേരും ചെണ്ട തോളിലിട്ട്‌ സാമ്പിൾ പഞ്ചാരി കൊട്ടിയത്‌.

വീടിനടുത്ത്‌ ഇത്രയും വലിയ കലാഗ്രാമം പൂർത്തിയാക്കിയ സർക്കാരിനാകട്ടെ ആദ്യസല്യൂട്ട്‌. കലാഗ്രാമത്തിന്‌ മുന്നിൽനിന്ന്‌ മട്ടന്നൂർ പറഞ്ഞു. ‘ എന്റെ വീട്ടിൽ കുമിഞ്ഞുകൂടിയ ഉപഹാരങ്ങൾ ഞാൻ ഈ സ്ഥാപനത്തിന്‌ നൽകും. വാദ്യവും കഥകളിയും പഠിപ്പിക്കാൻ കഥകളിയുടെ തറവാട്ടിൽത്തന്നെ മൾട്ടി പർപ്പസ്‌ ആർട്ട്‌‌ ഗ്യാലറി സ്ഥാപിച്ചതിലുള്ള സന്തോഷംകൂടിയാണ്‌ തന്റെ ഉപഹാരങ്ങൾ സമർപ്പിക്കാനുള്ള തീരുമാനം’. മട്ടന്നൂർ ശങ്കരൻകുട്ടി സ്ഥലം എംഎൽഎകൂടിയായ പി കെ ശശിയെ നേരിട്ട്‌ കണ്ട്‌ ‌ ഈ വിവരം അറിയിച്ചിട്ടുണ്ട്‌. 

കലയുടെ നാടായ വെള്ളിനേഴിയിൽ കലയും സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയ്‌ക്ക്‌ പകർന്നുനൽകാൻ സംസ്ഥാന സർക്കാർ നിർമിച്ച കലാഗ്രാമത്തിൽ അതിവിപുല സംവിധാനങ്ങളുണ്ട്‌. രണ്ട്‌കോടിരൂപ ചെലവിൽ പൂർത്തിയാക്കിയ ഇവിടെ ആർട്ട്‌‌ ഗ്യാലറി, ഹൈടെക്‌ ഹാൾ, ഓഡിറ്റോറിയം, ഓഫീസ്‌ എന്നിവയും കഥകളി പഠിപ്പിക്കാൻ സംവിധാനവുമുണ്ട്‌‌. ചുറ്റുമതിൽ, റോഡ്‌, തറ ടൈൽ വിരിക്കൽ എന്നിവയ്‌ക്കായി രണ്ട്‌കോടിരൂപകൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്‌. ‘ഇത്‌ കലയെ സ്‌നേഹിക്കുന്ന സർക്കാരാണ്‌, പറഞ്ഞാൽ പറഞ്ഞത്‌ ചെയ്യും–- അതാണ്‌ പിണറായി വിജയൻ, ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾമാത്രമാണ്‌ കലാകാരന്മാർക്ക്‌ അംഗീകാരം ലഭിക്കുന്നത്‌. വീൺവാക്ക്‌ പറയുകയല്ല. പറഞ്ഞത്‌ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന്‌ കാണിക്കുകയാണ്‌ പിണറായി സർക്കാർ’–-മട്ടന്നൂർ പറയുന്നു.  ‘കോവിഡ്‌കാലത്ത്‌ കലാകാരന്മാർ ഒരുപാട്‌ കഷ്‌ടപ്പെട്ടു. അവിടെയും സഹായവുമായി സർക്കാരുണ്ടായി. വാക്കും പ്രവൃത്തിയും ഒന്നായിത്തീരുന്ന മുഖ്യമന്ത്രി പിണറായി വിജയനോട്‌ എന്നും ആദരവുമാത്രം’. ‌ വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടിയുടെ വാക്കുകൾ .

‘കലയെ കൂടുതൽ ജനകീയമാക്കാനും വിവിധ കലകളെ അഭ്യസിപ്പിക്കാനും കലാഗ്രാമത്തിന്‌ കഴിയും. മികവാർന്ന പദ്ധതികൾ നമുക്ക്‌ ഒരുമിച്ച്‌ ആവിഷ്‌ക‌രിക്കാം. അത്‌ സർക്കാർ പരിഗണിക്കുമെന്നുതന്നെയാണ്‌ വിശ്വാസം’