തട്ടീം മുട്ടീം ഉടയില്ല ഡബിൾ സ്ട്രോങ്ങാ
Friday Mar 12, 2021
സിബിജോർജ്
കോട്ടയം
‘മുപ്പതോളം കുടുംബങ്ങൾ ചെയ്‌തിരുന്ന തൊഴിലാ, വരുമാനം നിലച്ചപ്പോൾ എല്ലാവരും മറ്റ് തൊഴിൽ തേടിപ്പോയി. ഇപ്പോൾ ചെറിയ തോതിൽ വരുമാനം ലഭിച്ചുതുടങ്ങി, പുതിയ ആളുകളെ പരിശീലിപ്പിക്കുന്നുമുണ്ട്’–- കളിമൺപാത്രം നിർമിക്കുന്ന വൈക്കം തോട്ടകം ഇണ്ടംതുരുത്തിൽ രാജേഷിന്റെ വാക്കുകളിൽ ആത്മവിശ്വാസമേറെ.
വരുമാനം നിലച്ച് പൊട്ടി ഉടഞ്ഞ ജീവിതം ഉത്തരവാദിത്ത ടൂറിസം മിഷന്റെ(ആർടി മിഷൻ) തൊഴിൽ സംരംഭക യൂണിറ്റിലൂടെ വീണ്ടും കൂട്ടിച്ചേർക്കുകയാണ്. ടൂറിസ്റ്റുകളെ പരിശീലിപ്പിക്കുന്നതിനൊപ്പം വാങ്ങാനും അവർ തയ്യാറാകുന്നു. വരുമാനം ലഭിച്ചതോടെ കൂടുതൽ പേരെ പരിശീലിപ്പിക്കുകയാണ് ആർടി മിഷൻ. വിദഗ്‌ധരായവർക്ക് സ്വന്തം നിലയിൽ യൂണിറ്റുകളിടാം. കരകൗശല ഉൽപ്പന്ന നിർമാണം, തുണി–-പേപ്പർ ബാഗ് നിർമാണം, ഹോട്ടലുകൾ, പാൽ–-മുട്ട–-പച്ചക്കറി തുടങ്ങിയ നിരവധി യൂണിറ്റുകൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്താകെ ഒരുലക്ഷത്തിലധികം കുടുംബങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഭോക്താക്കൾ.
സംസ്ഥാനത്താകെ ഇരുപതിനായിരത്തിലേറെ തൊഴിൽ യൂണിറ്റുകൾക്ക് ആർടി മിഷൻ തുടക്കമിട്ടു.16,800 യൂണിറ്റുകളും വനിതകൾ നയിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ ഒരുലക്ഷം യൂണിറ്റുകളാണ് ലക്ഷ്യമെന്ന് മിഷൻ സംസ്ഥാന കോ–-ഓർഡിനേറ്റർ കെ രൂപേഷ്‌കുമാർ പറഞ്ഞു. രാജ്യത്ത് ആദ്യമായി 2008ൽ കേരളത്തിലാണ് ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കം കുറിച്ചത്. കുമരകം, തേക്കടി, കോവളം, വൈത്തിരി കേന്ദ്രങ്ങളിലായിരുന്നു ആദ്യം. ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കമിട്ട എൽഡിഎഫ് സർക്കാർ തന്നെ ഇപ്പോൾ കേരളം മുഴുവൻ വ്യാപിപ്പിച്ചു.
ഓൺലൈനിലും
ഹിറ്റ്
ടൂറിസം കേന്ദ്രങ്ങളിൽ മാത്രമല്ല ആർടി മിഷന്റെ ഇടപെടൽ. നാല് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഏത് ഉൽപ്പന്നവും വിൽക്കാം.
കലാകാരന്മാർക്ക് അവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. അവതരിപ്പിക്കുന്ന പരിപാടിയുടെ നിരക്കും നൽകിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ കലാകാരന്മാരെ നേരിട്ട് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ബുക്ക് ചെയ്യാം.