വിനോദസഞ്ചാരം @ ജനകീയ 
പങ്കാളിത്തം

Friday Mar 12, 2021
ജി രാജേഷ്‌ കുമാർ


തിരുവനന്തപുരം
കോവിഡ്‌ പ്രതിസന്ധിക്ക്‌ മുമ്പ്‌ 2019ൽ മാത്രം വിനോദ സഞ്ചാര മേഖലയിൽനിന്ന്‌ സംസ്ഥാനത്തിന്‌ ലഭിച്ചത് 46,000 കോടി രൂപയുടെ വരുമാനം. പ്രളയവും നിപയും ഓഖിയും തീർത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു നേട്ടം. സ്വദേശി–-വിദേശി ടൂറിസ്റ്റുകളുടെ എണ്ണത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യനാലുവർഷത്തിൽ കുതിച്ചുചാട്ടമുണ്ടായി.

300 അടിസ്ഥാനസൗകര്യ 
പദ്ധതികൾ
ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനായി 300ൽപ്പരം പദ്ധതികൾ ഏറ്റെടുത്തു‌. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഗുണമേന്മയും സുസ്ഥിര വികസനവും ഉറപ്പാക്കുന്ന ഗ്രീൻ കാർപ്പെറ്റ്‌, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയർ ഫ്രീ, ക്ലീൻ ഡെസ്‌റ്റിനേഷൻ ക്യാമ്പയിൻ, പ്രോജക്ട്‌ ഗ്രീൻ ഗ്രാസ്‌ തുടങ്ങിയവ ശ്രദ്ധേയമാണ്‌‌.

ഫോർട്ട്‌ കൊച്ചി വികസനം, തലശ്ശേരി പൈതൃക പദ്ധതി, നോർത്ത്‌ മലബാർ മേഖലയിലെ ടൂറിസം അടിസ്ഥാന സൗകര്യ വികസനം, കോവളം–-പൂവാർ ടൂറിസം ഇടനാഴി, കുമരകം, തേക്കടി, മൂന്നാർ സമഗ്ര വികസനം, കാലടി–-മലയാറ്റൂർ–-അതിരപ്പള്ളി ടൂറിസം സർക്യൂട്ട്‌, മുഴപ്പിലങ്ങാടി–-ധർമ്മടം ബീച്ച്‌ സമഗ്ര വികസനം എന്നിവ മാസ്റ്റർ പ്ലാൻ അടിസ്ഥാനത്തിൽ‌ ഏറ്റെടുത്തു‌. തിരുവനന്തപുരത്തെ കായൽ സൗന്ദര്യം ഉപയോഗപ്പെടുത്താൻ ട്രാവൻകൂർ ഹെറിറ്റേജ്‌ സർക്യൂട്ട്‌–-കഠിനംകുളം അഞ്ചുതെങ്ങ്‌ കായൽ ഇടനാഴി പദ്ധതി ആവിഷ്‌കരിച്ചു.

മിഠായിത്തെരുവും 
ചാലയും
കോഴിക്കോട്‌ ജനത ആഗ്രഹിച്ചതിലും മനോഹരമായി മിഠായിത്തെരുവ്‌ നവീകരിച്ചു.   തിരുവനന്തപുരം ചാലത്തെരുവിനെ പൈതൃക തെരുവായി നവീകരിക്കുന്നതിന്‌ 10 കോടി നീക്കിവച്ചു. 

ജടായുപ്പാറ
ലോക ടൂറിസം ഭൂപടത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പമെന്ന ഖ്യാതിയുമായി ഉയർന്നുനിൽക്കുന്ന ചടയമംഗലത്തെ ജടായു എർത്ത്‌‌ സെന്റർ യാഥാർഥ്യമാക്കി‌.  ‌ ആദ്യമായി ഹെലികോപ്‌ടർ ലോക്കൽ ഫ്‌ളൈയിങ്‌ സൗകര്യവും ഏർപ്പെടുത്തി.‌

കോവിഡ്‌ മറികടക്കാൻ 
വിപുല പദ്ധതി
കഴിഞ്ഞവർഷം ടൂറിസം മേഖലയിൽ 30,711 കോടി രൂപയുടെ വരുമാന നഷ്ടം കണക്കാക്കുന്നു. ഈ സ്ഥിതി മറികടക്കാൻ വിപുല പദ്ധതികൾ ഏറ്റെടുത്തു. 

47 അംഗീകാരങ്ങൾ
നാലരവർഷത്തിൽ 47 അംഗീകാരങ്ങൾ തേടിയെത്തി‌. ലോക ട്രാവൽ മാർട്ടിൽ മികച്ച സ്‌റ്റാൻഡിനുള്ള അവാർഡ്‌, ഇന്ത്യയിലെ മികച്ച ഹണിമൂൺ ആഘോഷ കേന്ദ്രത്തിനുള്ള ട്രാവൽ ആൻഡ്‌ ലേഷ്വർ അവാർഡ്‌ എന്നിവയുൾപ്പെടെ 35 അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ‌. 12 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു.