" ആദ്യ വോട്ട് കമ്യൂണിസ്റ്റ് പാർടിക്ക് "
Friday Mar 12, 2021
എന്റെ ആദ്യവോട്ട് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിക്കായിരുന്നു. 1957ലാണോ ’60ലാണോ എന്ന് കൃത്യമായ ഓർമയില്ല. കോഴിക്കോട്ടുതന്നെയായിരുന്നു വോട്ട്. ഞങ്ങളൊക്കെ സോഷ്യലിസ്‌റ്റ് ചിന്താഗതിക്കാരായിരുന്നു അന്ന്. പലരെയും അന്ന് ഞങ്ങൾ സോഷ്യലിസ്‌റ്റാക്കി.
തെരഞ്ഞെടുപ്പ് വലിയ സംഭവമായിരുന്നു ആദ്യകാലത്ത്. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷ. എത്രകാലം ഈ രീതിയുണ്ടാകും എന്നതിനെപ്പറ്റിയും ആർക്കും അറിയില്ല. കമ്യൂണിസ്‌റ്റ് പാർടിയുടെ പ്രവർത്തനരീതി അന്ന് വ്യത്യസ്‌തമായിരുന്നു. പുലർച്ചെ നാലുമുതൽ കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തകരെ ക്യൂവിൽ അണിനിരത്തും. വോട്ട് ചെയ്‌ത് മടങ്ങുന്നതുവരെ ശ്രദ്ധയുണ്ടാകും. മറ്റു പാർടികൾക്കൊന്നും സാധിക്കാത്തതാണിത്. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നത് സൂക്ഷ്‌മമായ പ്രവർത്തനരീതി കൊണ്ടാണ്. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ് പാർടി ജയിച്ചപ്പോൾ എങ്ങും വലിയ ആഹ്ലാദമായിരുന്നു. എ കെ ജിയും ഇ എം എസും അന്ന് പ്രസംഗിക്കാനെത്തിയതും ഓർമയുണ്ട്.
അന്നത്തെ പോളിങ് ഡ്യൂട്ടിയും വ്യത്യസ്‌തതയുള്ളതാണ്. തെരഞ്ഞെടുപ്പുരീതിയെക്കുറിച്ച് ധാരണയില്ലാത്ത കാലം. ബാലറ്റ് പേപ്പർ കൊടുക്കുന്നതും വോട്ട് ചെയ്യുന്നതും എങ്ങനെയെന്ന് വോട്ടിങ്ങിന് തലേന്ന് പ്രിസൈഡിങ് ഓഫീസറുടെ വിശദമായ ക്ലാസുണ്ടാകും. അമ്പരപ്പോടെയാണ് അന്ന് പോളിങ് ഡ്യൂട്ടിയെടുത്തത്.
പിന്നീട് പ്രിസൈഡിങ് ഓഫീസറായപ്പോൾ എനിക്ക് ലഭിച്ച വോട്ടേഴ്‌സ് ലിസ്‌റ്റും ഏജന്റുമാരുടെ കൈയിലുള്ള ലിസ്‌റ്റും വ്യത്യസ്‌തമായിരുന്നു. കലക്ടറുടെ ഒപ്പോടെയുള്ള ലിസ്‌റ്റായിരുന്നു ഏജന്റുമാരുടെ കൈയിൽ. എന്റെ കൈയിലുള്ള ലിസ്‌റ്റനുസരിച്ചേ വോട്ട് ചെയ്യാൻ അനുവദിച്ചുള്ളൂ. ഇതിന്റെ പേരിൽ വലിയ തർക്കമുണ്ടായി. കേസായി. ഒടുവിൽ കേസ് കോടതി തള്ളി.
(തയ്യാറാക്കിയത്: പി വിജയൻ)