കുഞ്ഞില്ല; പകരം കുഞ്ഞിന്റെ കുഞ്ഞ്‌

Friday Mar 12, 2021
പി വി ജീജോ


കോഴിക്കോട്‌
മുസ്ലിംലീഗിൽ ഒന്നും മാറുന്നില്ല. പതിവ്‌ മുഖങ്ങൾക്കൊപ്പം  അഴിമതിക്കാരും കുറ്റാരോപിതരും പട്ടികയിൽ. കോൺഗ്രസ്‌ നേതാവിനെ‌ സ്ഥാനാർഥിയാക്കേണ്ടിവന്ന ദയനീയതയുമുണ്ട്‌. കെട്ടിയിറക്കിയ സ്ഥാനാർഥികൾക്കെതിരെ നേതാക്കളിലും അണികളിലും പ്രതിഷേധം പടരുന്നു.  വരുംദിവസങ്ങളിൽ കെട്ടിയിറക്കിയ സ്ഥാനാർഥികൾക്കെതിരെ  ജില്ലാ നേതാക്കൾ  പരസ്യപ്രതികരണത്തിന്‌ തയ്യാറെടുക്കുന്നു.  

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജയിലിലടയ്‌ക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‌ കളമശേരി, കുന്നമംഗലത്ത്‌  ഡിസിസി ജനറൽ  സെക്രട്ടറി  സ്വതന്ത്രൻ, കോഴക്കേസിലും വർഗീയപ്രചാരണത്തിലും കുടുങ്ങിയ കെ എം ഷാജി വീണ്ടും അഴീക്കോട്‌. ആറ്‌‌ എംഎൽഎമാരെ തഴഞ്ഞ ലീഗിൽ സ്ഥാനാർഥിത്വം നേതൃതലത്തിൽ വീതംവച്ചതായാണ്‌ വിവിധവിഭാഗം നേതാക്കളുടെ  പരാതി. ലോക്‌സഭ മതിയാക്കി വന്ന അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി(വേങ്ങര), ഓർഗനൈസിങ്‌ സെക്രട്ടറി എം പി അബ്ദുൾസമദ്‌ സമദാനി(ലോക്‌സഭ), സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ (തിരൂരങ്ങാടി) തുടങ്ങിയവർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സീറ്റ്‌ കൈയടക്കി. അഖിലേന്ത്യാ ട്രഷറർ പി വി അബ്ദുൾവഹാബാകട്ടെ‌ രാജ്യസഭ  വീണ്ടും സ്വന്തമാക്കി.


 

മങ്കടയിൽ‌ ഒഴിവാക്കിയ ടി എ അഹമ്മദ്‌ കബീറിന് കളമശേരി സീറ്റ്‌ നിഷേധിച്ചു. അഹമ്മദ്‌ കബീറും എറണാകുളത്തെ ഭാരവാഹികളും ഇതിൽ അസംതൃപ്‌തരാണ്‌. പകരം സീറ്റ്‌ നൽകിയത്‌ ഇബ്രാഹിംകുഞ്ഞിന്റെ മകൻ ബി എ ഗഫൂറിന്‌. ഇത്‌ പെയ്‌ഡ്‌ സീറ്റെന്ന ആക്ഷേപമുണ്ട്‌‌. മങ്കടയിൽനിന്ന്‌ നിയമസഭയിലേക്കും മഞ്ചേരിയിൽ ലോക്‌സഭയിലും തോറ്റ കെ പി എ മജീദിനായി തന്നെ ബലിയാടാക്കിയതിൽ പി കെ അബ്ദുറബ്ബിനും നീരസമുണ്ട്‌.

കുഞ്ഞാലിക്കുട്ടിക്കായി വേങ്ങരയിൽനിന്ന്‌‌ ഗുരുവായൂർക്ക്‌ ‘നാടുകടത്തപ്പെട്ട’ കെ എൻ എ ഖാദറും പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. മുൻ യൂത്ത്‌‌ലീഗ്‌ ജനറൽ സെക്രട്ടറി പി എം സാദിഖലി, പി എ റഷീദ്‌ എന്നിങ്ങനെ അസംതൃപ്‌തരുടെ പട  ഗുരുവായൂരിലുണ്ട്‌.  പെരിന്തൽമണ്ണയിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച എംഎസ്‌എഫ്‌ ദേശീയ പ്രസിഡന്റ്‌ ടി പി അഷ്‌റഫലി ,  കോഴിക്കോട്‌ സീറ്റ്‌കിട്ടാത്ത ജില്ലാഭാരവാഹികളായ ഉമ്മർപാണ്ടികശാല, എം എ റസാഖ്‌, വി എം ഉമ്മർ എന്നിവരും പട്ടികയിൽ തൃപ്‌തരല്ല. പാലക്കാട്ടെ കോങ്ങാട്ടേക്ക്‌ കോഴിക്കോട്ടെ യു സി രാമനെ കെട്ടിയിറക്കുന്നതിലും എതിർപ്പുണ്ട്‌. പെരിന്തൽമണ്ണയിലെത്തുന്ന നജീ‌ബ്‌ കാന്തപുരത്തെ കാത്തിരുന്നത്‌ സീറ്റ്‌ മോഹികളുടെ പടയാണ്‌. താനൂരിൽ പി കെ ഫിറോസും കെട്ടിയിറക്കിയ സ്ഥാനാർഥിയാണെന്ന്‌ പ്രാദേശിക നേതൃത്വം പ്രതികരിച്ചിട്ടുണ്ട്‌. 

ഡിസിസി ജനറൽ 
സെക്രട്ടറി ലീഗ്‌ സ്ഥാനാർഥി
കോൺഗ്രസ്‌ കോഴിക്കോട്‌ ജില്ലാസെക്രട്ടറി ദിനേശ്‌ പെരുമണ്ണയെ ലീഗ്‌ സ്വതന്ത്രനായി മത്സരിപ്പിക്കുന്നതിലും അമർഷമേറെ. ബാലുശേരിക്ക്‌ പകരം കിട്ടിയ കുന്നമംഗലത്തിനായി അരഡസൻ നേതാക്കളുണ്ടായിരുന്നു. കോൺഗ്രസിനെ ലീഗാക്കുന്ന മാജിക്‌ തന്ത്രപരമായ നീക്കമെന്ന്‌ കുഞ്ഞാലിക്കുട്ടി അവകാശപ്പെടുമ്പോൾ ജില്ലയിലെ നേതാക്കൾക്ക്‌ അത്‌ ദഹിച്ചിട്ടില്ല.