ബിജെപിയെ 
നേരിടാൻ 
മുട്ടുവിറയ്‌ക്കുന്ന 
കോൺഗ്രസുകാർ 
നേമത്തിന്റെ പേരിൽ 
കാട്ടിക്കൂട്ടുന്നത്‌ 
വെറും പ്രഹസനം

കൂട്ടത്തല്ല്‌ മറയ്‌ക്കാൻ 
നേമത്തള്ള്‌

Friday Mar 12, 2021

തന്റെ തല്ലിപ്പൊളി കട ഉദ്‌ഘാടനം ചെയ്യാൻ മോഹൻലാൽ വരുമോ മമ്മൂട്ടി വരുമോ എന്നൊക്കെ പബ്ലിസിറ്റി കൊടുത്തത്‌ കോട്ടയം കുഞ്ഞച്ചൻ തന്നെയാണ്‌. ആളെക്കൂട്ടാൻ ഇറക്കിയ നമ്പരാണെന്ന്‌ കുഞ്ഞച്ചന്‌ മാത്രം അറിയാം. അവസാനം ഉദ്‌ഘാടകനായി എത്തിയ പച്ചക്കുളം ഭാസിയെ കണ്ടപ്പോൾ നാട്ടുകാർ ചീമുട്ടയെറിഞ്ഞ്‌ ഓടിച്ചത്‌ സിനിമാക്കഥ. അതിനെയും വെല്ലുന്ന ഉഡായിപ്പാണ്‌ നേമത്തിന്റെ പേരിൽ ഡൽഹിയിൽ അരങ്ങേറുന്നത്‌.

ബാബു വേണോ കെ സി ജോസഫ്‌ ‌ വേണോ എന്ന രീതിയിലുള്ള സ്ഥിരം ഓസി, ചെന്നി വിഴുപ്പലക്കാണ്‌ സത്യത്തിൽ ഡൽഹിയിൽ നടക്കുന്നത്‌. സ്വതവേ ചീട്ടുകീറി നിൽക്കുന്ന കേരളത്തിലെ കോൺഗ്രസിൽ, ഇത്തരം ചർച്ചകൾ പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ചീമുട്ടയേറ്‌ പേടിച്ചാണ്‌ ‘നേമം ഫാസിസ്‌റ്റ്‌ ജുദ്ധ’ തന്ത്രം പിആർ ഏജൻസികൾ വഴി പരീക്ഷിക്കുന്നത്‌. കേട്ടപാതി, നേമത്ത്‌ പ്രിയങ്കാജിവരെ എത്തിയേക്കുമെന്ന്‌ തള്ളലോട്‌ തള്ളൽ. ഒടുവിൽ വല്ല പച്ചക്കുളം ഭാസിമാരെ ബിജെപിക്കായി നേർച്ചയിടാനുള്ളതാണ്‌. അതിനിടയിൽ ഫാസിസ്‌റ്റ്‌ വിരുദ്ധ പോരാട്ടം എന്നൊക്കെ പറഞ്ഞ്‌ ചില പാവങ്ങളെ പേടിപ്പിക്കാമെന്ന പഴയ കെഎസ്‌യു നമ്പരാണ്‌ നടക്കുന്നത്‌.


 

ഉമ്മൻചാണ്ടി നേമത്ത്‌ വന്നാൽ, കന്യാകുമാരിവരെ അതിന്റെ ഇഫക്ട്‌ ഉണ്ടാകും എന്ന രീതിയിൽവരെ പിആർ തള്ളൽ നടക്കുന്നുണ്ട്‌. എന്നാൽ ഒന്ന്‌ വന്നുടേ എന്ന്‌ ചോദിച്ചാൽ, ‘ഹേയ്‌.. അത്‌ പറ്റില്ല! പുതുപ്പള്ളി അങ്ങനെ കൈവിടാൻ പറ്റില്ല’ എന്ന കരച്ചിലാണ്‌ ബാക്കി.

സത്യത്തിൽ പുതുപ്പള്ളിയും കോൺഗ്രസിന്‌ സുരക്ഷിത മണ്ഡലമല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അത്‌ കണ്ടതുമാണ്‌. അവിടത്തന്നെ പുകഞ്ഞ്‌ നിൽക്കുമ്പോഴാണ്‌ നേമത്തള്ള്‌. ചെന്നിത്തല, കെ സി വേണുഗോപാൽ, ശശി തരൂർ, മേജർരവി, പ്രിയങ്ക, രാഹുൽ.... വന്നുവന്ന്‌ സോണിയയെ നേമത്ത്‌ ഇറക്കാതിരുന്നാൽ മതിയായിരുന്നു!