പുതുപ്പള്ളി നാടകം കിടുക്കി, തിമിർത്തു
Saturday Mar 13, 2021
സ്വന്തം ലേഖകൻ
കോട്ടയം > ഐ ഗ്രൂപ്പുകാരെ ഞെട്ടിച്ച് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുകൂലികളുടെ വികാരപ്രകടനം. ആത്മഹത്യാഭീഷണിയടക്കം അരങ്ങേറിയ നാടകത്തിനൊടുവിൽ താൻ പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ തനിക്കെതിരായ ജനവികാരം അതിജീവിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു ഇതെല്ലാം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിടത്തും എൽഡിഎഫിനാണ് ജയം. വോട്ടുനിലയിലും എൽഡിഎഫ് മുന്നിലെത്തി. ഇതെല്ലാം ഉമ്മൻചാണ്ടി ഭയക്കുന്നുണ്ട്. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്ക് വേണമെന്ന തരത്തിൽ ചാനലുകളെ സാക്ഷിയാക്കി നാടകം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. നേമത്തേക്ക് തന്നെ ഓടിക്കാൻ ശ്രമിക്കുന്ന ഐ ഗ്രൂപ്പിനുള്ള താക്കീതും ഇതിലുണ്ട്.
‘ശക്തിപ്രകടനത്തിന് ’ അരങ്ങൊരുക്കാൻ അനുയായികളായ കെ സി ജോസഫ്, ലതികാ സുഭാഷ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരെ ഉമ്മൻചാണ്ടി ചട്ടംകെട്ടി. ഗ്രൂപ്പ് വീതംവയ്പ്പിൽ കലങ്ങിമറിഞ്ഞ കോൺഗ്രസ് സ്ഥാനാർഥി നിർണയം ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തിയത്. ഉമ്മൻചാണ്ടി വരുന്നതിനുമുമ്പ് വീട്ടിലെത്താൻ അണികളോട് വെള്ളിയാഴ്ച രാത്രി മുതൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഉമ്മൻചാണ്ടി എത്തുംമുമ്പേ വീടും പരിസരവും എ ഗ്രൂപ്പുകാർ കയ്യടക്കി. ഇതിനിടെ യൂത്ത്കോൺഗ്രസ് മീനടം മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ വീടിനുമുകളിൽ കയറി ‘ആത്മഹത്യാ ഭീഷണി’ മുഴക്കി. നാടകം ചാനലുകളും തത്സമയം നൽകി. ‘പുതുപ്പള്ളിയിൽ മത്സരിക്കാൻ ഉമ്മൻചാണ്ടിക്കുമേൽ പ്രവർത്തകരുടെ സമ്മർദം’ എന്ന തരത്തിലായിരുന്നു ചാനൽ ബ്രേക്കിങ്.
‘ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചാൽ യുഡിഎഫ് അധികാരത്തിലെത്തുമോ’ എന്ന് കെ സി ജോസഫ് ക്ഷുഭിതനായി ചാനലുകളോട് പ്രതികരിച്ചു. ഉമ്മൻചാണ്ടി പ്രതികരിക്കണമെന്ന് അണികൾ മുദ്രാവാക്യം മുഴക്കി. ബഹളം കൂടിയപ്പോൾ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പുറത്തുവന്ന് ഉമ്മൻചാണ്ടി തന്നെ പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് അറിയിച്ചു. നേമത്ത് മത്സരിക്കുമോയെന്ന് ദേശീയ നേതാക്കൾ പറയുമെന്നും ജോഷി പറഞ്ഞു. രംഗം ശാന്തമാകുന്നതിനിടെ ആത്മഹത്യാഭീഷണി മുഴക്കിയ പ്രവർത്തകനോട് താഴെയിറങ്ങാൻ ഉമ്മൻചാണ്ടിയുടെ ഫോണിലുടെയുള്ള അഭ്യർഥന.
പുതുപ്പള്ളിയിലെ വികാരം മനസ്സിലാക്കാനാണ് ഡിസിസി ഭാരവാഹികളോടും മണ്ഡലം പ്രസിഡന്റുമാരോടും വീട്ടിലെത്താൻ നിർദേശിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എല്ലാം ആസൂത്രിതം; ലക്ഷ്യം രഹസ്യധാരണ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം > നേമത്തെ ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം മുൻനിർത്തിയുള്ള വിവാദവും പുതുപ്പള്ളിയിലെ ‘വികാര പ്രകടനവും’ എ വിഭാഗം ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയാണെന്ന് വ്യക്തം. സ്ഥാനാർഥിനിർണയത്തെ ചൊല്ലിയുള്ള തർക്കം മറച്ചുപിടിക്കാനും ബിജെപിയെ സമ്മർദത്തിലാക്കി വിലപേശൽ നടത്താനുള്ള ശ്രമവുമാണ് അരങ്ങേറിയത്.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ശശിതരൂർ, കെ മുരളീധരൻ തുടങ്ങിയ പേരുകൾ അഭ്യൂഹങ്ങളായി പ്രചരിപ്പിച്ചാണ് നേമത്തിന്റെ പേരിലുള്ള കപടനാടകം. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് തങ്ങൾ അവർക്ക് ‘വെല്ലുവിളി’ ഉയർത്താൻ തീരുമാനിച്ചെന്ന് വരുത്തി മറ്റ് സീറ്റുകളിൽ രഹസ്യധാരണ–- ഇതായിരുന്നു തന്ത്രം. നേമത്ത് ഉമ്മൻചാണ്ടിയുടെ പേര് വന്നതിനുപിന്നിൽ സംഘടിത ശ്രമമുണ്ടെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തൽ ഇത് ശരിവയ്ക്കുന്നു. ഈ ശ്രമത്തിൽ ആർക്കൊക്കെ പങ്ക് എന്നതാണ് ഇനി പുറത്തുവരേണ്ടത്.
തെരഞ്ഞെടുപ്പ് സമിതിയുടെ പട്ടികയിൽ ഉമ്മൻചാണ്ടിയുടെ പേര് മാത്രമാണ് പുതുപ്പള്ളിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇക്കാര്യം ഉറപ്പായ ശേഷമാണ് ശനിയാഴ്ച ഉമ്മൻചാണ്ടി തിരിച്ചെത്തിയത്. എന്നിട്ടും മണ്ഡലം മാറാൻ പോകുന്നൂവെന്ന പ്രതീതി സൃഷ്ടിച്ച് പുതുപ്പള്ളിയിൽ അരങ്ങേറിയത് അപഹാസ്യമായ രംഗങ്ങൾ. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ ഉമ്മൻചാണ്ടി തന്നെയാണ്. കെ സി ജോസഫിനെപ്പോലുള്ള അദ്ദേഹത്തിന്റെ ഉറ്റ വിശ്വസ്തർക്കും ഇക്കാര്യത്തിൽ സംശയമില്ല.