മുറ്റത്തെ മുല്ല പൂത്തകാലം
Sunday Mar 14, 2021
ജി രാജേഷ് കുമാർ
സഹകരണമേഖലയെന്ന മുറ്റത്തെ മുല്ല പൂക്കാൻ തുടങ്ങിയ കാലമാണിത്. മേഖലയിൽ അഭൂതപൂർവമായ മുന്നേറ്റമുണ്ടായ അഞ്ചുവർഷമാണ് കടന്നുപോകുന്നത്. സ്വകാര്യപണമിടപാട് സ്ഥാപനങ്ങളുടെയും വട്ടിപ്പലിശക്കാരുടെയും ബ്ലേഡ് പലിശ കൊള്ളയ്‌ക്ക് അറുതിവരുത്താനായി തുടങ്ങിയ പദ്ധതിയുടെ പേര് ‘മുറ്റത്തെമുല്ല’. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ, കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർക്ക് കൈത്താങ്ങ്. കുടുംബശ്രീ പദ്ധതിയിൽ സഹകരിക്കുന്നു. ഇതിനകം 484.72 കോടി രൂപ വായ്പയായി നൽകി.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വളർന്ന സഹകരണ പ്രസ്ഥാനങ്ങൾ സമൂഹം നേരിടുന്ന ഏത് പ്രതിസന്ധിയിലും ജനങ്ങൾക്ക് താങ്ങായി നിൽക്കുന്നു.
കെയർ ഹോം
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി ആവിഷ്കരിച്ച കെയർ ഹോം പദ്ധതിയിൽ 204 പേർക്ക് വീട് നൽകി. ജനകീയ പങ്കാളിത്തത്തോടെ ആറുമുതൽ ഏഴുലക്ഷം രൂപവരെ ചെലവിട്ടാണ് സംഘങ്ങൾ വീടുകൾ നിർമിച്ചത്. രണ്ടാംഘട്ടത്തിൽ 14 ജില്ലയിലും ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.
പുനരുജ്ജീവന വായ്‌പ
പ്രളയബാധിത വീടുകളിലെ കുടുംബനാഥയ്ക്ക് സഹകരണ ബാങ്കുകൾ മുഖേന കുടുംബശ്രീ അയൽക്കൂട്ട സംവിധാനത്തിലൂടെ ഒരുലക്ഷം രൂപവരെ വായ്‌പ നൽകി. കേരള പനരുജ്ജീവന വായ്‌പാ പദ്ധതിയിൽ 85,661 അയൽക്കൂട്ട അംഗങ്ങൾക്ക് 713.92 കോടി രൂപ വിതരണം ചെയ്‌തു. ഒമ്പതു ശതമാനമാണ് പലിശനിരക്ക്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വഹിക്കുന്നു.
ആദിവാസി
ആരോഗ്യരക്ഷ
പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയുമായി ചേർന്ന് ആരംഭിച്ച അട്ടപ്പാടി സമഗ്ര ആരോഗ്യപരിരക്ഷാ പദ്ധതി ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷയിൽ വലിയ പങ്കുവഹിക്കുന്നു. 2017-–-2018ൽ പദ്ധതി തുടങ്ങി. ശിശുമരണം പൂർണമായും ഒഴിവാക്കൽ ലക്ഷ്യം.
നെൽക്കർഷകർക്ക് ആശ്വാസം
പാലക്കാട്ട് നെല്ല് സംഭരണവും സംസ്കരണവും വിപണനവും നടത്തി. കർഷകർക്ക് ആശ്വാസവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കി. നെൽക്കൃഷി കൂടുതലുള്ള ആറു ജില്ലയിലേക്കുകൂടി നെല്ല് സംഭരണം വ്യാപിപ്പിച്ചു. കൊയ്തെടുക്കുന്ന ദിവസംതന്നെ കർഷകർക്ക് വില ലഭ്യമാക്കുന്നതാണ് പദ്ധതി.
പെൻഷൻ കൈകളിൽ
സാമൂഹ്യസുരക്ഷാ പെൻഷൻ സഹകരണ സംഘങ്ങൾവഴി നേരിട്ട് ഗുണഭോക്താക്കളുടെ കൈകളിൽ. 25 ലക്ഷത്തിൽപ്പരം പേർക്കാണ് പ്രതിമാസ പെൻഷൻ വിതരണം.
റിസ്ക് ഫണ്ട് പദ്ധതി
സഹകരണ ബാങ്കുകളിൽനിന്ന് വായ്പ എടുത്തശേഷം മരണപ്പെട്ടവർ, മാരകരോഗം ബാധിച്ചവർ എന്നിവർക്കായി രൂപീകരിച്ചതാണ് റിസ്ക് ഫണ്ട് പദ്ധതി. നാലുവർഷത്തിൽ 18,086 പേർക്ക് 142.61 കോടി രൂപ സഹായധനം നൽകി.
പെൻഷൻകാർക്കൊപ്പം
കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിന് കൈത്താങ്ങാകുന്നു. 39,000 പെൻഷൻകാർക്ക് പ്രാഥമിക കാർഷിക സഹകരണസംഘങ്ങളിലൂടെ കുടിശ്ശികയില്ലാതെ പെൻഷൻ നൽകുന്നു. പ്രതിമാസം 60 കോടി രൂപ വേണം.
സഹകരണ നയം
സംസ്ഥാനത്ത് ആദ്യമായി സഹകരണ നയം രൂപീകരിച്ചു. സഹകരണവകുപ്പിനെ സംബന്ധിച്ച സമഗ്രമായ ഗൈഡ് പ്രസിദ്ധീകരിച്ചു. വിജയകരമായും മാതൃകാപരമായും പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഏർപ്പെടുത്തി.