അത്ഭുതങ്ങൾ ഉണ്ടാവുകയല്ല, ഈ സർക്കാർ സൃഷ്ടിക്കുകയാണ്
Sunday Mar 14, 2021
സി എ പ്രേമചന്ദ്രൻ
തൃശൂർ
360 ഏക്കറിൽ പ്രാണികൾക്കും പറവകൾക്കും ആലയം; പക്ഷിക്കൂടിനകത്ത് അരുവികളും വനവൃക്ഷങ്ങളുമെല്ലാമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഈ കാഴ്‌ചകൾ കണ്ടപ്പോൾ നടൻ ജയരാജ് വാര്യരുടെ വാക്കുകൾ ഇങ്ങനെ. ഹയ് ഇത് കലക്കിട്ട്ണ്ട്ട്ടാ. സൈലന്റ് വാലിക്ക് സമാനമായ വനാന്തരങ്ങളിലൂടെ നടന്നു നീങ്ങിയപ്പോൾ വയലാറിന്റെ വരികൾ അറിയാതെ അദ്ദേഹം പാടി. ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’. സ്വതന്ത്രമായി വിഹരിക്കാവുന്ന സിംഹവാലൻ കുരങ്ങുകളുടെ ആവാസ ഇടം കണ്ടപ്പോൾ മനസ്സിൽ തുള്ളിച്ചാട്ടം. പാർക്ക് ചുറ്റി കണ്ടശേഷം അദ്ദേഹം പറഞ്ഞു. ഇത് പുത്തൂരല്ല, ഒല്ലൂരല്ല, തൃശൂരല്ല, കേരളമല്ല, ഇന്ത്യയല്ല, ഏഷ്യയല്ല, ദിത് ലോക സംഭവാട്ടാ....
ഇമ്മ്‌ടെ അമ്മവീട് കുട്ടനല്ലൂരാണ്. കുട്ടിക്കാലം തൊട്ട് കേൾക്കാൻ തുടങ്ങീതാ പുത്തൂരിലേക്ക് മൃഗശാല മാറുമെന്ന്. തൃശൂർ മൃഗശാലയിലെ ദുരിതം കാണുമ്പോൾ മനസ്സിൽ തോന്നാറുണ്ട്. പക്ഷിമൃഗാദികൾക്ക് ഇഷ്ടം പോലെ വിഹരിക്കാവുന്ന മൃഗശാല എന്നാവും നമ്മുടെ നാട്ടില് വരാന്ന്.
കെനിയയിലെ കിളിമഞ്ചാരോ മലനിരകളുടെ താഴ്‌വരകളിൽ പിങ്ക് നിറമുള്ള ഫ്ലെമിങ്ഗോ പക്ഷിക്കൂട്ടങ്ങളെ കണ്ടിട്ടുണ്ട്. മഴവിൽ പറക്കുകയാണെന്ന് തോന്നും. ഇത്തരം കാഴ്‌ച ഇനി പുത്തൂരിൽ കാണാം. പല രാജ്യങ്ങളിലും അത്ഭുതങ്ങൾ കാണുമ്പോൾ ഇമ്മ്‌ള് ചെറുതാവും. കാരണം ഇതൊന്നും ഇമ്മ്‌ടെ നാട്ടിലില്ലല്ലോ, ഇനി ഇമ്മ്‌ക്ക് ഒന്നു വലുതായി നിൽക്കാം. അത്ഭുതങ്ങൾ ഉണ്ടാവുകയല്ല, ഈ സർക്കാർ സൃഷ്ടിക്കുകയാണ്.
പുത്തൂർ സുവോളജിക്കൽ പാർക്ക്
പ്രകൃതിക്ക് അനുഗുണമാകും വിധം പക്ഷിമൃഗാദികൾക്ക് ആവാസവ്യവസ്ഥയാണ് തയ്യാറായത്. സൈലന്റ് വാലി സോൺ, കൻഹാ, സുളുലാന്റ്, ഷോല ലാന്റ് തുടങ്ങി ഒമ്പത് സോൺ. 309 കോടിയിലാണ് നിർമാണം. നാല് ആവാസയിടങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ആശുപത്രി സമുച്ചയം എന്നിവയെല്ലാം പൂർത്തിയായി. തൃശൂരിലെ മൃഗങ്ങളെ ഉടൻ ഇങ്ങോട്ടു മാറ്റും. പ്രളയവും കോവിഡും അതിജീവിച്ചാണ് ഈ ചരിത്രനേട്ടം. ആദ്യഘട്ടം മന്ത്രി കെ രാജു ഉദ്‌ഘാടനം ചെയ്‌തു.