മധുപാൽ പറയുന്നു:
 പുഴയുടെ
ഒഴുക്കും ഉറപ്പായി

Monday Mar 15, 2021
അഞ്ജലി ഗംഗ


തിരുവനന്തപുരം
കിള്ളിയാറൊരു കണ്ണാടിയാണ്‌. മുഖം നോക്കാൻ പറ്റുന്ന വെള്ളമുള്ളതിനാൽ മാത്രമല്ല, പുഴയോട്‌ നാം ചെയ്‌തത്‌ എന്താണ്‌ എന്നറിയാൻ കൂടിയുള്ള കണ്ണാടി.
പുഴ സംരക്ഷണത്തിന്റെ ഭാഗമായി അരികിൽ നട്ടുവളർത്തിയ മുളങ്കൂട്ടം വിശാലാകാശത്തിലേക്ക്‌ വളർന്നു. അതിന്റെ തണലിൽ പക്ഷികളെത്തി; മുയലും മുള്ളൻ പന്നിയും കൂടുകൂട്ടി. കാറ്റുകൊണ്ട്‌ പുഴ നോക്കാൻ യാത്രക്കാരുമെത്തി.

മുളംതണലിൽ ഇന്നൊരു സെലിബ്രിറ്റിയാണ്‌ കാറ്റുകൊള്ളാൻ എത്തിയത്‌. നടനും എഴുത്തുകാരനും സംവിധായകനുമായ മധുപാൽ; ഇനിയദ്ദേഹം പറയട്ടെ: ‘കിള്ളിയാറിനെ സംരക്ഷിച്ചതിൽ ഈ സർക്കാരിന്‌ വലിയ റോളുണ്ട്‌. തീരത്തെ വലിയ മുളങ്കൂട്ടം അതിന്റെ ഭാഗമായി വച്ചുപിടിപ്പിച്ചതാണ്‌. നദികൾ  നഷ്ടമാകുന്നത്‌ മനുഷ്യന്റെ കരയോടുള്ള ആർത്തി മൂലമാണ്‌. അത്‌ വലിയ തോതിൽ മാറ്റിയെടുക്കാൻ സർക്കാരിനായിട്ടുണ്ട്.

ശുദ്ധമായ പുഴയിലൂടെ‌ ജലഗതാഗതം തന്നെ സാധ്യമായി‌. വിദേശരാജ്യങ്ങളിലുൾപ്പെടെ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്‌.   പുഴകൾ മലിനമാക്കുന്ന പ്രവണതയും ജലഗതാഗതം വരുന്നതോടെ കുറയും.  ഇത്തരം പരിസ്ഥിതി പ്രധാനമായ പ്രവർത്തനങ്ങൾ തുടരാൻ ഈ സർക്കാർ ഉറപ്പായും വീണ്ടും വരണം. സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കൊപ്പം ജനങ്ങളും രംഗത്തിറങ്ങിയാൽ മാത്രമാണ്  പ്രയത്നം ഫലം കാണുക’–- മധുപാൽ തുടർന്നു. ഒരുകാലത്ത്‌ മാലിന്യം കൂമിഞ്ഞു കൂടി ദുർഗന്ധം വമിച്ചിരുന്ന കിള്ളിയാർ ഇപ്പോൾ ശാന്തമായി, സ്വച്ഛമായി ഒഴുകുകയാണ്‌.  ഹരിതകേരളം മിഷന്റെ ഭഗീരഥ പ്രയത്നത്തിലാണ്‌ പുഴ  കുളിരും വഹിച്ച്‌ ഒഴുകാൻ തുടങ്ങിയത്‌. 

കുളിക്കാൻ പോയിട്ട്‌ പുഴയിലിറങ്ങാൻ തന്നെ മുമ്പ്‌ അറപ്പായിരുന്നു. മാലിന്യം നീക്കിയതോടെ കോളിഫോം ബാക്‌ടീരിയയുടെ അളവ്‌ അഞ്ച്‌ മടങ്ങായി കുറഞ്ഞു. പുഴ കൈയേറ്റവും നീക്കി. ഇരുവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തിയപ്പോൾ 21.9 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനായി.  വിവിധ സ്ഥാപനങ്ങളിൽനിന്ന്‌ പുഴയിലേക്ക്‌ ഇട്ടിരുന്ന 1200 മാലിന്യക്കുഴലും മൂന്ന്‌ വർഷത്തിനുള്ളിൽ അടച്ചു.