ഏയ് ഓട്ടോ... ഇ ഓട്ടോ
Monday Mar 15, 2021
നിമിഷ ജോസഫ്
തിരുവനന്തപുരം
ഏയ് ഓട്ടോ സിനിമയും മോഹൻലാലിന്റെ ‘സുന്ദരി ’ ഓട്ടോയും മലയാളികളുടെ മനംകവർന്നതാണ്. ഇപ്പോഴിതാ ‘നീംജി’ ഓട്ടോ. ഇത് സിനിമയിലല്ല. നിരത്തിലെ താരമാണ് ഇ ഓട്ടോ. തിരുവനന്തപുരത്ത് ഇലക്‌ട്രിക് ഓട്ടോ ഓടിക്കുന്ന വലിയതുറ സ്വദേശിനി എ സൂസി പറയുന്നത് കേൾക്കുക
‘ഡീസലിലും പെട്രോളിലും വണ്ടി ഓടിച്ചിരുന്നപ്പോൾ മിച്ചം പിടിച്ചിരുന്നത് ദിവസം 400 രൂപയൊക്കെയാണ്. ഇപ്പോ ദിവസവും 900 രൂപയോളം കിട്ടും. വീട്ടിൽപ്പോലും ചാർജ് ചെയ്യാം. ഇത് വലിയ സൗകര്യമാണ്.’
സ്ത്രീകൾക്ക് സ്വയംതൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി 30 സ്ത്രീകൾക്കാണ് നഗരസഭ ഇ ഓട്ടോ നൽകിയത്. കെഎഎൽ (കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്) നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ ‘നീംജി’ ഓട്ടോ നിരവധി കുടുംബങ്ങൾക്ക് തുണയാണ്. 2019 നവംബറിലാണ് കേരളത്തിൽ നീംജി എന്ന ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയത്. നൂറ്റമ്പതോളം നീംജി ഓട്ടോ ടാക്സിയായും സ്വകാര്യഉപയോഗത്തിനായും കേരളത്തിലെ നിരത്തിലുണ്ട്. നാനൂറോളം ഓട്ടോ ഇതുവരെ നിർമിച്ചു. മാർച്ചിൽ 300 ഓട്ടോ നിർമിക്കാനാണ് പദ്ധതി.
ഉരുണ്ടുരുണ്ട് നേപ്പാളിൽ
22 ഓട്ടോകൾ നേപ്പാളിലേക്ക് ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്തു. 22 എണ്ണം കൂടി അടുത്ത ഘട്ടമായി കയറ്റി അയക്കും. ബംഗ്ലാദേശ്, ശ്രീലങ്ക, ലാവോസ് എന്നിവിടങ്ങളിൽനിന്നും ഓർഡർ ലഭിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് നിർമാണ യൂണിറ്റുള്ളത്. കണ്ണൂരിൽ ഉടൻ യൂണിറ്റ് തുറക്കും. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും വിതരണക്കാരുണ്ട്.
2.85 ലക്ഷം രൂപയാണ് ഓട്ടോയുടെ വില. ഗതാഗത വകുപ്പ് 30,000 രൂപ സബ്‌സിഡി നൽകും. പലിശരഹിതവായ്‌പയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് തൊഴിൽ സംരംഭം ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായി 100 ഓട്ടോ പട്ടികജാതി പട്ടികവർഗ കോർപറേഷൻ വാങ്ങും. ഇവയ്ക്ക് സബ്‌സിഡിയുമുണ്ട്. സാമൂഹ്യക്ഷേമവകുപ്പുമായി ചേർന്ന് വീട്ടമ്മമാർക്കുള്ള സഹായമായി ഓട്ടോകൾ നൽകുന്നതിനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. പട്ടികജാതി, പട്ടികവർഗ കോർപറേഷൻ വഴി 10 ഓട്ടോ നൽകി. കെടിഡിസി ഹോട്ടലുകൾക്ക് അവശ്യസേവനങ്ങൾക്കായും നീംജി ഓട്ടോകൾ നൽകും.
ഇ സ്കൂട്ടർ ഉടൻ
ഓട്ടോ കൂടാതെ ഇ സ്കൂട്ടർ നിർമാണത്തിനുള്ള ഒരുക്കത്തിലാണ് കെഎഎൽ. രണ്ടു മാസത്തിനുള്ളിൽ ഇ സ്കൂട്ടറുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇ- ഗുഡ്‌സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷ, ഇ- ബസ് എന്നിവയും കെഎഎൽ നിർമിക്കും.