കോൺഗ്രസ്‌ നേതൃത്വത്തിന്‌ മറുപടി പറയേണ്ടി വരും; തീർച്ച

കാട്ടിയത്‌ 
കടുത്ത അനീതി ‌

Monday Mar 15, 2021
കെ ടി രാജീവ്‌

ഇന്ദിരാഭവനിൽ വീണ ചുടുകണ്ണീരിന്റെ 
വിലാപം നിലച്ചിട്ടില്ല. അവിടെ അടർന്നുവീണ തലമുടിയുടെ 
ഭാരം താങ്ങാൻ കേരളത്തിനാകില്ല. ആ കണ്ണീരിലും രോഷത്തിലും കേരളം നടുങ്ങി നിൽക്കുകയാണ്‌. ഓരോ പെണ്ണിന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്‌ത കോൺഗ്രസ്‌ നേതൃത്വത്തിന്‌ മറുപടി
പറയേണ്ടി വരും; തീർച്ച

കോട്ടയം
നാല്‌ പതിറ്റാണ്ട്‌  ഏത്‌ പ്രതിസന്ധിയിലും കോൺഗ്രസിനുവേണ്ടി കഷ്ടപ്പെട്ട്‌ പ്രവർത്തിച്ച തന്നോട്‌ നേതാക്കൾ കാട്ടിയത്‌ കടുത്ത അനീതിയും വഞ്ചനയുമാണെന്ന്‌ മഹിള കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷപദം രാജിവച്ച ലതിക സുഭാഷ്‌. തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥിത്വം സംബന്ധിച്ച്‌ എല്ലാ കാര്യങ്ങളും നേതാക്കൾക്ക്‌ അറിയാമായിരുന്നിട്ടും തഴഞ്ഞതായും ലതിക ദേശാഭിമാനിയോട്‌ പറഞ്ഞു.

ഏത്‌ സീറ്റാണ്‌ പ്രതീക്ഷിച്ചത്‌?
താൻ പ്രവർത്തിച്ചു വളർന്ന ഏറ്റുമാനൂർ തരുമെന്ന്‌ ആദ്യം കരുതി. അത്‌ ലഭിക്കില്ലെന്നുവന്നപ്പോൾ ഭർത്താവിന്റെ മണ്ഡലമായ വൈപ്പിൻ കിട്ടുമെന്ന്‌ കരുതി, ചർച്ചയും ഉണ്ടായി. എന്നാൽ അതും ലഭിച്ചില്ല. കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്മാർക്ക്‌ സീറ്റ്‌ നൽകിയപ്പോൾ തനിക്കും അർഹതയുണ്ടായിരുന്നു.

ഇനി ഒരു സീറ്റ്‌ തന്നാൽ സ്വീകരിക്കുമോ?
ഇല്ല; കെപിസിസി അധ്യക്ഷന്റെ സ്ഥാനാർഥി പ്രഖ്യാപനശേഷമാണ്‌ പ്രതിഷേധവുമായി രംഗത്തുവന്നത്‌. താൻ വിളിച്ചപ്പോൾ മുല്ലപ്പള്ളി ഫോൺ എടുത്തില്ല. എന്റെ പ്രതിഷേധം കണ്ട്‌ വി എം സുധീരൻ വിളിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള മഹിള കോൺഗ്രസ്‌ ദേശീയ നേതാവും വിളിച്ചു.  പാർടിയുടെ ഏതു പ്രതിസന്ധിയിലും താൻ ഉറച്ചുനിന്ന്‌ പോരാടി. പതിനാറാം വയസ്സിൽ  വിദ്യാർഥി രാഷ്‌ട്രീയ പ്രവർത്തനത്തിൽതുടങ്ങി ഇതുവരെ പല പദവികളിൽ പ്രവർത്തിച്ചു. മഹിള കോൺഗ്രസ്‌ അധ്യക്ഷ എന്നനിലയിൽ പരിഗണിക്കപ്പെടേണ്ട 21 പേരുടെ ലിസ്‌റ്റ്‌ നേതൃത്വത്തിന്‌ നൽകിയിട്ടും ലഭിച്ചത്‌ പേരിനുമാത്രം. അതിൽ പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പെടെ ഓരോ തവണയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും പേരുണ്ടായിരുന്നു.  താൻ മാത്രമല്ല വർഷങ്ങളുടെ പാരമ്പര്യമുള്ള രമണി പി നായരെയും തഴഞ്ഞു. ഇത്‌ അനീതിയാണ്‌. പാർടിയിലെ സ്ഥാനങ്ങളെല്ലാം ഞാൻ രാജിവയ്‌ക്കുകയാണ്‌.

ചെന്നിത്തല ചതിച്ചു: 
രമണി പി നായർ

സീറ്റ്‌ വാഗ്‌ദാനം നൽകി, അവസാന നിമിഷം തഴഞ്ഞതിനു പിന്നിൽ രമേശ്‌ ചെന്നിത്തലയാണെന്ന്‌ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ രമണി പി നായർ. വാമനപുരം മണ്ഡലത്തിൽ കഴിഞ്ഞതവണയും രമണിയുടെ പേര്‌ പരിഗണിച്ചതാണ്‌.

ജാതി സമവാക്യം ചൂണ്ടിക്കാട്ടിയാണ്‌ കഴിഞ്ഞ തവണ ഒഴിവാക്കിയത്‌. ഇത്തവണ തഴഞ്ഞതിന്റെ കാരണം നേതൃത്വം വ്യക്തമാക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു.   ദീർഘകാലം പാർടിക്കായി പ്രവർത്തിച്ചവരെ നേതാക്കൾക്ക്‌ വേണ്ട‌. അവർക്ക്‌ മറ്റു പല താൽപ്പര്യങ്ങളുമാണ്‌ വലുത്‌. തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച ലതിക സുഭാഷിനെ വിളിച്ചിരുന്നു. അവരെപ്പോലെ വിമതയായി മത്സരിക്കാനില്ലെങ്കിലും ഇനി കോൺഗ്രസിനായി പ്രവർത്തിക്കാനില്ലെന്നും രമണി പി നായർ പറഞ്ഞു.

 

എന്നും‌ അവഗണന: 
കെ സി റോസക്കുട്ടി

കോൺഗ്രസിലെ പുരുഷമേധാവിത്വത്തിന്റെ തലയാണ്‌ മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌  ലതിക സുഭാഷ്‌ മുണ്ഡനം ചെയ്‌തതെന്ന്‌ കെപിസിസി വൈസ്‌ പ്രസിഡന്റ്‌   കെ സി റോസക്കുട്ടി പറഞ്ഞു. ബത്തേരിയിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.

കോൺഗ്രസിൽ സ്‌ത്രീകൾക്ക്‌ എല്ലാക്കാലത്തും അവഗണനയാണ്‌. നേതൃത്വത്തിലെ രണ്ടോ മൂന്നോ പേർ ചേർന്നാണ്‌ കാര്യങ്ങൾ തീരുമാനിക്കുന്നത്‌.    ലതിക സുഭാഷിന്റെ വ്യത്യസ്‌തമായ പ്രതിഷേധം വേദനിപ്പിച്ചു. സീറ്റിന്‌ അർഹയായിട്ടും ലതികയെ  അവഹേളിച്ചു. അവരുടെ പ്രതിഷേധത്തിനൊപ്പം നിൽക്കാനാണ്‌ തന്റെയും തീരുമാനം. ലതിക സുഭാഷിനെ അവഹേളിക്കുന്ന കെപിസിസിയിലെ ഉന്നതരുടെ നിലപാട്‌ സ്‌ത്രീത്വത്തിനോടുള്ള വെല്ലുവിളിയാണ്‌‌.  ഇത്‌ തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കും.

 

മഹിളാ കോൺഗ്രസ്‌ 
അധ്യക്ഷയ്‌ക്ക്‌ 
സീറ്റിന്‌ അർഹതയില്ലേ ?
മഹിളാ കോൺഗ്രസ്‌ അധ്യക്ഷയ്‌ക്ക്‌ നിയമസഭാ സീറ്റിന്‌ അർഹതയില്ലേ എന്ന്‌ മുൻ കോൺഗ്രസ്‌ നേതാവും വനിതാ കമീഷൻ അംഗവുമായ ഷാഹിദ കമാൽ ചോദിച്ചു. അവരുടെ വാശിയാണ് സീറ്റ്‌ കിട്ടാതിരുന്നതെന്ന്‌ ചില നേതാക്കൾ പറയുന്നത്‌ കണ്ടു.  ഞാൻ അവരുമായി സംസാരിച്ചതാണ്‌. എല്ലാവരെയുംപോലെ ചോദിച്ചത് സ്വന്തം മണ്ഡലംതന്നെ. പക്ഷേ, അതില്ലെങ്കിലും ഏതെങ്കിലും മണ്ഡലം തരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, പട്ടിക പുറത്തുവന്നപ്പോഴാണ് മനപ്പൂർവം ഒഴിവാക്കി അപമാനിച്ചതായി അവർക്ക്‌ മനസ്സിലായത്‌.

ഇതുതന്നയാണ് അഞ്ച്‌  വർഷംമുമ്പ് ഞാനും പറഞ്ഞത്. നിങ്ങൾ പരിഗണിക്കണ്ട; മനപ്പൂർവം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യാതിരിക്കുക. സ്ഥാനാർഥി പട്ടികയിൽ കുറെ സ്ത്രീകളുടെ പേര് എഴുതും. ഡൽഹിയിൽ എത്തുമ്പോൾ അതെല്ലാം പുരുഷന്മാരാകും. ഇത് പതിവ് പല്ലവിയാണ്.  എന്നിട്ടോ സ്ത്രീകളെ മാറ്റിനിർത്തുന്നു എന്നു പറഞ്ഞാൽ ആക്ഷേപവും പരിഹാസവും വേറെ.

മുല്ലപ്പള്ളിയുടെ വാക്കുകൾ നോക്കൂ: ലതിക സുഭാഷിന്റെ പ്രശ്നം മറ്റെന്തോ ആണന്ന്! ഇന്ന് ഞാൻ സന്തോഷവതിയും സംതൃപ്‌തയുമാണ്. ഗ്രൂപ്പ് അടിമയായോ നേതൃപ്രീതിക്കുവേണ്ടിയോ പ്രവർത്തിക്കേണ്ട ആവശ്യമില്ല.  സിപിഐ എം എനിക്ക് നൽകിയ പരിഗണനയും സംരക്ഷണവും  ഇന്ന് ഞാൻ അനുഭവിച്ചറിയുന്നു.

എന്നെ വനിതാ കമീഷനിലേക്ക് പരിഗണിച്ച ഘട്ടത്തിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞ ഒരു കാര്യമുണ്ട്.  ജീവിതത്തിൽ തനിച്ചായ നിങ്ങൾക്ക് ആരുടെ മുന്നിലും കൈനീട്ടാൻ നാളെ അവസരം ഉണ്ടാകരുതെന്ന്‌. അതുപോലെയാണ് സിപിഐ എമ്മിൽ  ഉള്ള ഓരോ സ്ത്രീയോടുമുള്ള പരിഗണനയും കരുതലും. ഇടതുപക്ഷം സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന എല്ലാ സീറ്റുകളും  ഉറപ്പുള്ള സീറ്റുകളാണ് . മറിച്ചോ, യുഡിഎഫിന്റേത് പലതും നേർച്ച കോഴികളും.–- ഷാഹിദ പറഞ്ഞു.

കോൺഗ്രസ്‌ അവസാനം പറ്റിക്കും

കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ്‌ വനിത ആയിരിക്കെ കേരളത്തിലെ കോൺഗ്രസ്, സ്ത്രീകളെ അവഗണിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ലതികാ സുഭാഷെന്ന്, ഖാദി ബോർഡ് ചെയർപേഴ്സൺ ശോഭന ജോർജ്‌.  ലതികയെപ്പോലെ അപമാനിതരാകുന്ന എത്രയോ സ്ത്രീകൾ കോൺഗ്രസിലുണ്ട്. അതേ അപമാനം നേരിട്ടപ്പോഴാണ് എനിക്ക് കോൺഗ്രസ് വിടേണ്ടി വന്നത്. 30 വർഷക്കാലം ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചു. എനിക്കുണ്ടായ അനുഭവം ഇപ്പോൾ ലതികയും നേരിട്ടു. അവരെ ആശ്വസിപ്പിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമാണ് നേരിട്ടുവന്നത്. 

കോൺഗ്രസ് ഇങ്ങനെയാണ്, അവസാന നിമിഷം വരെയും പറ്റിക്കും. സീറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ്‌ വരെയും ലതികയ്‌ക്ക് സീറ്റില്ലാത്ത വിവരം കോൺഗ്രസ് മറച്ചുവച്ചു. സ്ത്രീകളുടെ നീതിനിഷേധത്തിന്റെ വക്താക്കളായി കോൺഗ്രസ് നേതൃത്വം മാറി. ചില താല്പര്യങ്ങൾ മുൻനിർത്തിയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ഞാൻ ഒരുകാലത്ത് കോൺഗ്രസിനുള്ളിൽ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ ഇതുവരെയും തുറന്നുപറഞ്ഞിട്ടില്ല.

ഇതിൽനിന്ന് വിഭിന്നമാണ് സിപിഐ എം. വേണ്ട പരിഗണന ലഭിക്കുമെന്ന് മാത്രമല്ല സിപിഐ എമ്മിൽ എല്ലാത്തിനും സുതാര്യതയുണ്ട്.  ഇല്ലാത്ത വാഗ്ദാനങ്ങൾ നൽകുകയോ പറഞ്ഞു പറ്റിക്കുകയോ ചെയ്യില്ല. പിണറായി വിജയൻ നയിക്കുന്ന സിപിഐ എമ്മിൽ സ്ത്രീകൾക്ക് ഈ ഗതി വരില്ലെന്നും ശോഭന ജോർജ്‌ പറഞ്ഞു.

ഈ അവഗണന‌ 
ഇന്ന്‌ തുടങ്ങിയതല്ല
വനിതകളോട്‌ യുഡിഎഫ്‌ എന്നും കാട്ടിയത്‌ അവഗണന. സ്ഥാനാർഥിയാക്കുന്നതുതന്നെ വിഷമിച്ച്‌.  അഥവാ സ്ഥാനാർഥിയാക്കിയാലോ, അത്‌ വിജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത സീറ്റിലുമാകും. നിയമസഭയിലെ കണക്കുകളും ഇത്‌ വ്യക്തമാക്കുന്നു. 2016ലെ നിയമസഭയിൽ തുടക്കത്തിൽ യുഡിഎഫിന്‌ ഒരു വനിതാ അംഗം പോലുമില്ലായിരുന്നു. ഒടുവിൽ ഉപതെരഞ്ഞെടുപ്പിലാണ്‌  യുഡിഎഫിന്‌ ഒരംഗത്തെ കിട്ടിയത്‌. ഇടതുപക്ഷത്തിനാകട്ടെ എട്ട്‌ അംഗങ്ങളുണ്ടായിരുന്നു. അവരിൽ രണ്ടുപേർ മന്ത്രിമാരും. 2011ലും യുഡിഎഫിന്‌ ഒരു വനിതാഅംഗം മാത്രമാണുണ്ടായിരുന്നത്‌. 

കേരളപ്പിറവിക്കുശേഷം ഇതുവരെ 88 സ്‌ത്രീകളാണ്‌ നിയമസഭാംഗങ്ങളായത്‌. ഇതിൽ 57 വനിതകളെയും സഭയിലെത്തിച്ചത്‌ ഇടതുപക്ഷമാണ്‌.  1996ലെ തെരഞ്ഞെടുപ്പിലാണ്‌ ഏറ്റവും കൂടുതൽ സ്‌ത്രീകൾ സഭയിലെത്തിയത്‌ (13).1967ലും 77ലും നിയമസഭാംഗമായത്‌ ഒരു സ്‌ത്രീ മാത്രമാണ്‌.1957ലെ ആദ്യതെരഞ്ഞെടുപ്പിൽ മത്സരിച്ച ഒമ്പത്‌ സ്‌ത്രീകളിൽ ആറുപേർ ജയിച്ചു.