ഉണ്ണിയെ കണ്ടാലറിയാം...
Tuesday Mar 16, 2021
കെ വി രഞ്ജിത്ത്
ഓമനിച്ചുവളർത്തിയ മോൻ വെള്ളിത്തിരയുടെ ഓമനയായപ്പോൾ അമ്മയോടുചോദിച്ചു. ‘‘ചെറുപ്പത്തിൽ പട്ടിണികിടന്നും വയലിൽ പൊരിവെയിലില് ആരാന്റെ കണ്ടത്തിൽ പണിയെടുത്തും പോറ്റിയ അമ്മയുടെ സന്തോഷത്തിന് ഞാനെന്ത് നൽകണം..... അമ്മയ്ക്കെന്തും ചോദിക്കാം....’’ ചെറുവത്തൂർ പൂമാലക്കാവിന്റടുത്ത് പണ്ട് പണിയെടുത്ത ഇപ്പോൾ ആരും കൃഷിയിറക്കാത്ത കണ്ടം നീ വാങ്ങിത്താ. നമുക്ക് പൊന്നുവിളയിക്കാൻ കൂട്ടിന് നാട്ടുകാരും സർക്കാരുമുണ്ടല്ലോ.
ഉണ്ണിരാജനെന്ന ആ ഓമനപുത്രൻ സിനിമയിലും സീരിയലിലും അഭിനയിച്ചുണ്ടാക്കിയ കാശിൽ പൊന്നുവിലയ്‌ക്ക് ഭൂമിവാങ്ങി. ഇന്ന് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നൂറുമേനി കൊയ്‌തെടുക്കുകയാണ് ആ വയലിൽ ഉണ്ണിയും അമ്മയും. ചെറുവത്തൂർ പൂമാല ഭഗവതി ക്ഷേത്രത്തിനടുത്ത് 25 വർഷമായി തരിശിട്ടുകിടന്ന ദേശീയപാതയോരത്തെ കൊടക്കവയലിലെ 30 സെന്റ് സ്ഥലത്താണ് ഉണ്ണി കൃഷിയിറക്കിയത്. മുഴക്കോം–- നന്ദാവനം പാടശേഖരം, ചെറുവത്തൂർ കൊവ്വൽ കിഴക്കേവയൽ, എടവടക്കം വയൽ എന്നിവിടങ്ങളിലെല്ലാം നാട്ടുകൂട്ടായ്‌മയിൽ നെൽകൃഷി സജീവമായതിന്റെ സന്തോഷത്തിലാണിന്ന് ഉണ്ണി. ഉമ, ഏഴോം–-1 നെൽവിത്ത് വിതച്ച് ചെയ്‌ത പുഞ്ചകൃഷിയിൽ നല്ല വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്, അമ്മ പയ്യൻവീട്ടിൽ ഓമനയും. ‘‘16 വയസ്സുമുതൽ നാട്ടിപ്പണിക്കും മൂർച്ചയ്‌ക്കും പോയ കണ്ടങ്ങളൊക്കെ വെറുതെകിടക്കുന്നതിൽ ബെഷമോണ്ടായിരുന്നു. ഇന്നിപ്പോ മ്മളെ സ്വന്തം പിണറായീന്റെ സർക്കാര് കൃഷിക്കും സഹായം നൽകിയതിലേറെ സന്തോഷമുണ്ട്’’.. 69കാരിയായ ഓമനയമ്മ പറഞ്ഞു.
കേരളത്തിലെ റോഡുകളുടെ മാറ്റത്തെക്കുറിച്ച് ഉണ്ണിരാജ് ഫെയ്‌സ് ബുക്കിലിട്ട വീഡിയോയും ഒരുലക്ഷത്തിലേറെ പേർ കണ്ടു. ഉണ്ണിയുടെ നല്ലവാക്കുകൾക്ക് മന്ത്രി ജി സുധാകരൻ തന്നെ ഉണ്ണിയെ വിളിച്ച് നന്ദി അറിയിച്ചിരുന്നു. ജനപ്രീയ സീരിയലിലെ താരമായ ഉണ്ണിരാജ് കുടുംബ സദസ്സിനും ഏറെ പ്രിയങ്കരനാണ്. 25 സിനിമയിൽ അഭിനയിച്ചു.
സുഭിക്ഷമാണിപ്പോൾ
ജീവിതം
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തരിശ്‌ഭൂമി കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ വലിയ സഹായം നൽകി. ഒരു ഹെക്ടർ തരിശ് ഭൂമിക്ക് 40,000 രൂപ സബസ്‌ഡി ലഭിക്കുന്നതിനാൽ നാട്ടിലെല്ലാം ജനകീയ കൂട്ടായ്‌മയിൽ നെൽകൃഷി സജീവമായി.