നക്ഷത്ര ശാന്തിയുണ്ടിവിടെ
Tuesday Mar 16, 2021
അഖിൽ ഉളിയൂർ
നെടുമങ്ങാട്
ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറിയ തളത്തിൽ ദിനേശന്റെ ക്ലീഷെ തമാശ മലയാളി മറക്കാനിടയില്ല. എന്നാൽ നക്ഷത്ര ഹോട്ടലാണെന്ന് കരുതി ശ്‌മശാനത്തിൽ കയറിയത് കഥയല്ല, ഇങ്ങ് തെക്ക് നെടുമങ്ങാട്ട് നടന്ന സംഭവമാണ്. 2019 ഡിസംബറിലെ തണുപ്പുള്ള രാത്രി. തമിഴ്‌നാട്ടിൽനിന്ന് പൊന്മുടി കാണാനിറങ്ങിയ നാലംഗ കുടുംബം. പ്രതീക്ഷ തെറ്റിച്ച് കോരിച്ചൊരിഞ്ഞ മഴ. അങ്ങനെയാണ് താമസം പട്ടണത്തിൽ എവിടെയെങ്കിലുമാക്കാം എന്ന് അവർ തീരുമാനിച്ചത്. തിരുവനന്തപുരം ---ചെങ്കോട്ട പാതയിൽ നെടുമങ്ങാട് കല്ലമ്പാറ എത്തിയപ്പോൾ ദീപപ്രഭയിൽ കുളിച്ച ഒരു കെട്ടിടം കണ്ടു. പുൽത്തകിടി, അലങ്കാരച്ചെടി, ഓടുപാകിയ മുറ്റം. പഴമയിൽ പുതുമയുടെ കയ്യൊപ്പ് ചാർത്തി കിള്ളിയാറിന്റെ കരയിൽ തലയെടുപ്പോടെ ഒരു വാസ്‌തുചാരുത. ഒറ്റനോട്ടത്തിൽ ഒന്നാന്തരമൊരു സ്റ്റാർഹോട്ടൽ. സമയം രാത്രി 12. ഒന്നും നോക്കിയില്ല നേരെ അവിടേക്ക്. അപ്പോഴേക്കും പ്രധാനകവാടത്തിൽ താഴ് വീണിരുന്നു. ഹോണടിച്ചും ബഹളംവച്ചും സെക്യൂരിറ്റി സുരേന്ദ്രൻ ചേട്ടനെ ഉണർത്തി. ഇതാരെടാ പാതിരാത്രിയിൽ.. എന്ന ഭാവത്തിലെത്തിയ ആ മനുഷ്യനോട് അവരുടെ ചോദ്യം ‘അണ്ണാ ഇങ്കെ റൂമിറുക്കാ’. സംഗതി സത്യമാണോ സ്വപ്‌നമാണോ എന്ന് സംശയിച്ചുനിന്ന സെക്യൂരിറ്റി അണ്ണൻ പറഞ്ഞു, ‘സർ ഇവിടെ ജീവനുള്ളവർക്ക് റൂമില്ല’. എന്നാ... സൊന്നെ. ’ അതെ സർ ഇത് വന്ത് ശ്‌മശാനം. മരിച്ചു പോകുന്നവർക്ക് റൂം കൊടുക്കാനെ എനിക്ക് അധികാരമുള്ളു’.
തങ്ങൾ ആവേശത്തോടെ ഓടിക്കയറിയത് ശ്‌മശാനത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞ അവരുടെ ഞെട്ടൽ ഇന്നും സുരേന്ദ്രൻ ചേട്ടന്റെ മനസ്സിലുണ്ട്. ഇത് ആദ്യത്തെയും അവസാനത്തെയും സംഭവമല്ല. 2019 മുതൽ നാട്ടുകാരല്ലാത്തവർക്ക് ശാന്തിതീരം ക്രിമറ്റോറിയം കാണുമ്പോൾ ഈ സംശയം ഉടലെടുക്കും.
അതിനാരെയും കുറ്റം പറയാനാകില്ല. നെടുമങ്ങാട് നഗരസഭയും സംസ്ഥാന ശുചിത്വ മിഷൻമിഷനും ചേർന്ന് രണ്ടേകാൽ കോടി രൂപ മുടക്കി അങ്ങനൊരു അത്ഭുതമാണ് ഇവിടെ പടുത്തുയർത്തിയത്.
ശരിക്കും ശാന്തിതീരം
രണ്ട് സമുദായങ്ങളുടെ പാരമ്പര്യ ശ്‌മശാനത്തിന് സമീപം നഗരസഭ വാങ്ങിയ 65 സെന്റിലാണ് ശാന്തിതീരം. മുൻ എംഎൽഎ പാലോട് രവിയുടെ ഒത്താശയിൽ സ്ഥലവാസികളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി മുടക്കാൻ തുടക്കം മുതൽ ശ്രമമുണ്ടായി. കേസും വഴക്കും കോടതിവ്യവഹാരങ്ങളുമായി 15 വർഷം പദ്ധതി ഫയലിൽ. പൂർണമായും ദഹിപ്പിക്കാതെ ശവം കിള്ളിയാറിലേക്ക് വലിച്ചെറിയും എന്നുവരെ കോൺഗ്രസുകാർ പ്രചരിപ്പിച്ചു. എന്നാൽ മുൻ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ ഇടപെടൽ പദ്ധതിക്ക് ജീവൻ നൽകി. സ്വന്തം ഭൂമിയിൽ ഇടമില്ലാത്തതുകൊണ്ട് ഉറ്റവരെ അടുക്കള പൊളിച്ച് അടക്കേണ്ടിവന്ന മനുഷ്യരുടെ കണ്ണുനീർ പദ്ധതിക്ക് മുതൽക്കൂട്ടായി. രണ്ട് ഘട്ടമായി പൂർത്തിയാക്കിയ പദ്ധതിക്ക് ശുചിത്വ മിഷൻ 50 ലക്ഷംരൂപ നൽകി. ഭൂമിക്ക് പുറമേ ചെലവായ ഒന്നേമുക്കാൽ കോടി രൂപ നഗരസഭയും. ഇന്ന് ദിവസേന എട്ട് മൃതദേഹംവരെ ഇവിടുത്തെ ഗ്യാസ് ചേമ്പറിൽ സംസ്കരിക്കുന്നുണ്ട്. പദ്ധതി യാഥാർഥ്യമായതോടെ ആദ്യം പുറംതിരിഞ്ഞുനിന്നവർ ഇപ്പോൾ പറയുന്നത്, എന്റെ വീട് ശാന്തിതീരത്തിനടുത്താണ്. ഹാ അറിയില്ലേ; നമ്മുടെ ഹൈടെക് ശ്‌മശാനത്തിന്റെ ഓരത്ത്.