ജോസഫിന്റെ ബെസ്‌റ്റ് ടൈം ! പാർടിക്ക് രജിസ്‌ട്രേഷനില്ല; ചിഹ്നവും പോയി
Tuesday Mar 16, 2021
കോട്ടയം
രണ്ടില ചിഹ്നത്തിനായുള്ള അവസാന പോരാട്ടത്തിലും തോറ്റതോടെ സ്വന്തമായി ചിഹ്നം കിട്ടാനുള്ള ഓട്ടത്തിൽ പി ജെ ജോസഫ്. നിലവിൽ ജോസഫിന് രജിസ്‌ട്രേഷനുള്ള പാർടിയില്ല. ചിഹ്നവുമില്ല. സ്വതന്ത്രർക്ക് കൊടുക്കുന്ന ഏതെങ്കിലും ചിഹ്നം സ്വീകരിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ ചെണ്ട ഇലക്ഷൻ കമീഷന്റെ പട്ടികയിൽ ഇല്ലാത്തതിനാൽ അത് കിട്ടില്ല. സൈക്കിൾ ചിഹ്നം ഒപ്പിക്കാനാണ് ജോസഫ് വിഭാഗം സ്ഥാനാർഥികളുടെ ശ്രമം.
ഏതെങ്കിലും ചെറിയ പാർടിയുമായി ലയിക്കാനും പി ജെ ജോസഫ് ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പാർടി എന്ന പേരിൽ എല്ലാ സ്ഥാനാർഥികൾക്കും ഒരേ ചിഹ്നം ലഭിക്കും. സ്വതന്ത്രരായി ജയിച്ചാൽ കൂറ് മാറുമോ എന്ന പേടിയും ജോസഫിനുണ്ട്. പാർടിയില്ലാതെ വിപ്പ് പോലും നൽകാനാവില്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം കൊടുക്കാതെ പിടിച്ചുവച്ചയാളാണ് ജോസഫ്. പിന്നീട് പാർടി വിട്ട ശേഷം ചിഹ്നത്തിനും പേരിനുമായി നടത്തിയ നിയമ പോരാട്ടങ്ങളെല്ലാം പരാജയപ്പെട്ടു.