പുതുക്കിപ്പണിതല്ലോ നമ്മളെയും നാടിനെയും
Wednesday Mar 17, 2021
കെ എൻ സനിൽ
മുസിരിസ് പദ്ധതിയുടെ ഭാഗമായി നവീകരിച്ച കൊടുങ്ങല്ലൂർ അഴീക്കോട് മുനയ്‌ക്കൽ ബീച്ചിലിരുന്ന് മാറിയ കേരളത്തെപ്പറ്റി പറയുകയാണ് സംവിധായകൻ കമൽ
കൊടുങ്ങല്ലൂർ
‘‘ മുനയ്ക്കൽ ബീച്ചിൽനിന്നാൽ ഡോൾഫിനുകൾ ഊളിയിട്ടു പോകുന്നതുകാണാം. കേരളത്തിൽ അധികം ബീച്ചുകളിൽ ഈ കാഴ്‌ച കാണാനാകില്ല. ഈ സാധ്യതകൂടി പ്രയോജനപ്പെടുത്തിയാണ് മുനയ്‌ക്കൽ ബീച്ചിന്റെ നവീകരണം മുസിരിസ് പദ്ധതിയുടെ ഭാഗമായി നടത്തിയത്’’. കൊടുങ്ങല്ലൂരിലെ നവീകരിച്ച അഴീക്കോട് മുനയ്‌ക്കൽ ബീച്ചിൽനിന്ന് പ്രിയ സംവിധായകൻ കമൽ പറഞ്ഞു.
പറഞ്ഞറിയിക്കാനാകാത്തവിധം മുനയ്‌ക്കക്കടവ് മാറി. വാക്‌വേ, പുൽത്തകിടി, പാർക്ക്, സായാഹ്‌നക്കാഴ്‌ചകൾ കണ്ട് ബോട്ട് സവാരി, മുസിരിസിന്റെ പൈതൃക കേന്ദ്രങ്ങളിലേക്ക് ബോട്ടിലൂടെ ഉല്ലാസയാത്ര.
ഇത് കൊടുങ്ങല്ലൂരിന്റെ മാത്രം കാര്യമല്ല. ടൂറിസം വികസന രംഗത്ത് കേരളം കൈവരിച്ച മികച്ച പശ്ചാത്തല സൗകര്യ വികസനത്തിന്റെ തൊട്ടുകാണിക്കാവുന്ന ഉദാഹരണമാണ് മുനയ്‌ക്കൽ ബീച്ച്. ബീച്ചിന്റെ സൗന്ദര്യം നുകരുന്നതിനൊപ്പം ബോട്ടിൽ സഞ്ചരിച്ച് മുസിരിസിന്റെ ഭാഗമായുള്ള എട്ട് ചരിത്ര മ്യൂസിയം സന്ദർശിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ആറുകോടി രൂപ ചെലവിട്ടാണ് ബീച്ച് നവീകരിച്ചത്.
നമ്മുടെ ചരിത്രം വീണ്ടെടുത്ത് സംരക്ഷിക്കുകയും അതിലൂടെ വലിയ ടൂറിസം തൊഴിൽസാധ്യതകൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിൽ ഈ സർക്കാർ വലിയ നേട്ടമാണ് കൈവരിച്ചതെന്ന് കമൽ പറഞ്ഞു. ഒരുപാട് പാരമ്പര്യമുള്ള കൊച്ചു പട്ടണമാണ് കൊടുങ്ങല്ലൂർ. ഈ ചെറിയ പ്രദേശത്തുപോലൂം ഇത്രയേറെ നേട്ടങ്ങൾ എടുത്തുകാട്ടാൻ സാധിക്കുന്നു. ചേരമാൻ പള്ളിയും കൊടുങ്ങല്ലൂർ ക്ഷേത്രവും കോട്ടപ്പുറം പള്ളിയും ഇടക്കാലത്ത് പ്രതാപം നശിച്ച കോട്ടപ്പുറം ചന്തയുമൊക്കെ പ്രൗഢിയോടെ പുനർജീവിക്കുകയാണ്. സ്വകാര്യ ഭൂമിയിലുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾപോലും തനിമചോരാതെ സംരക്ഷിച്ചു നിർത്താൻ സാധിക്കുന്നു.
പുതിയ പാലങ്ങളും കെട്ടിടങ്ങളും മാത്രമല്ല; മനുഷ്യരുടെ മനസ്സിനെത്തന്നെയാണ് ഈ സർക്കാർ പുതുക്കിപ്പണിതത്. പി ഭാസ്‌കരൻ മാഷ് പറയുമായിരുന്നു, കൊടുങ്ങല്ലൂർ ജനിക്കാൻ കൊള്ളാം, ജീവിക്കാൻ കൊള്ളില്ല എന്ന്. നിരന്തര വർഗീയസംഘർഷങ്ങളാണ് മാഷെക്കാണ്ട് അത് പറയിച്ചത്. ഇന്ന് വർഗീയ സംഘർഷങ്ങളില്ലാത്ത നാടായി കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂർ മാത്രമല്ല, കേരളമാകെ. അതുകൊണ്ടാണ് പറഞ്ഞത്, പുതിയ കെട്ടിടങ്ങളും പാലങ്ങളും മാത്രമല്ല, പുതിയ മനുഷ്യനെക്കൂടി ഈ സർക്കാർ രൂപപ്പെടുത്തി–- കമൽ പറഞ്ഞു നിർത്തി.