ഇനി കെ സി ഗ്രൂപ്പും ; എ, ഐ ഗ്രൂപ്പുകളിൽ ചോർച്ച
Wednesday Mar 17, 2021
കെ ശ്രീകണ്‌ഠൻ
തിരുവനന്തപുരം
സ്ഥാനാർഥി നിർണയത്തിലെ നിർണായക ഇടപെടൽ വഴി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് സമവാക്യങ്ങൾ കടപുഴക്കി കെ സി വേണുഗോപാലിന്റെ ‘കെ സി ഗ്രൂപ്പ്’ അരങ്ങേറ്റം കുറിച്ചു. കണ്ണൂരിലെ ഇരിക്കൂറിലടക്കം വിവിധ ജില്ലകളിലായി ഒരു ഡസനിലധികം പേർ വേണുഗോപാലിന്റെ അക്കൗണ്ടിൽ പട്ടികയിൽ ഇടംനേടി. രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പാട്ടിലാക്കി ‘ഹൈക്കമാൻഡ് പ്രതിനിധി’ നടത്തിയ തിരുകിക്കയറ്റലിന്റെ ഗുണഭോക്താക്കളിൽ ഐ ഗ്രൂപ്പുകാരും ഉൾപ്പെടും.
ഇരിക്കൂറിൽ സജീവ് ജോസഫ്, സുമേഷ് അച്യുതൻ (ചിറ്റൂർ), എം ലിജു (അമ്പലപ്പുഴ), വി വി പ്രകാശ് (നിലമ്പൂർ) തുടങ്ങിയവർ പട്ടികയിൽ കടന്നുകൂടിയത് വേണുഗോപാൽ ഇടപ്പെട്ടതിനെ തുടർന്നാണ്. കൊല്ലത്ത് നിശ്ചയിച്ച പി സി വിഷ്‌ണുനാഥിനെ അവിടെ നിന്ന് വെട്ടി ബിന്ദുകൃഷ്‌ണയെ ഉൾപ്പെടുത്തിയത് ചെന്നിത്തലയും വേണുഗോപാലും കൈകോർത്ത് നടത്തിയ നീക്കത്തിന്റെ ഫലമാണ്. കെ സി ജോസഫിന് കോട്ടയത്ത് ഏതെങ്കിലും ഒരു മണ്ഡലത്തിൽ ഇടം ഒരുക്കാൻ ഉമ്മൻചാണ്ടി കിണഞ്ഞുശ്രമിച്ചെങ്കിലും വിഫലമായി. കെ ബാബുവിനെ അവസാന നിമിഷം വരെ ഇരുട്ടിൽ നിർത്താനും കെ സി–-ചെന്നിത്തല കൂട്ടുകെട്ടിനായി.
കെസി ഗ്രൂപ്പ് ശക്തിപ്പെടുമെന്ന് ഉറപ്പായതോടെ എ, ഐ ഗ്രൂപ്പുകളിൽ നിന്ന് പുതിയ താവളം തേടി നേതാക്കൾ പ്രവഹിക്കുകയാണ്. ഉമ്മൻചാണ്ടിയോട് കൂറുപുലർത്തിയിരുന്ന പലരും ഇപ്പോൾ ഉള്ളാലെ കെ സിയോടൊപ്പമാണ്. വേണുഗോപാലിന്റെ യഥാർഥ ലക്ഷ്യം സ്വന്തം ഗ്രൂപ്പ് ആണെന്ന് നേരത്തേ തന്നെ എ, ഐ ഗ്രൂപ്പുകൾക്ക് പരാതിയുണ്ടായിരുന്നു. ഇതിനെ തള്ളാനോ കൊള്ളാനോ തയ്യാറാകാതെ ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും കൈയിലെടുത്ത് നടത്തിയ നീക്കമാണ് വേണുഗോപാലിന്റെ മുൻതൂക്കത്തിന് കാരണം. പട്ടിക പുറത്തുവന്നപ്പോഴാണ് ഈ കുരുക്ക് ഉമ്മൻചാണ്ടിയും എ ഗ്രൂപ്പിലെ പ്രമുഖരും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയി. കെ സി വേണുഗോപാലിന്റെ അപ്രമാദിത്വം ചോദ്യം ചെയ്‌ത് കെ സുധാകരൻ പരസ്യമായി രംഗത്തുവന്നെങ്കിലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല. കെ സിയെ പിന്തുണച്ചും സുധാകരനെ തള്ളിയും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ ഇറങ്ങിയത് ഇതിന്റെ സൂചനയാണ്. എ, ഐ ഗ്രൂപ്പുകൾക്ക് മുകളിൽ കെ സി ഗ്രൂപ്പ് ആധിപത്യം നേടുമെന്നാണ് ഇത് തെളിയിക്കുന്നത്.
സ്ഥാനാർഥി നിർണയത്തിലെ എതിർസ്വരം അടിച്ചമർത്താനുള്ള നീക്കങ്ങളും സജീവമാണ്. കേരള കാര്യത്തിൽ ഹൈക്കമാൻഡിലെ അവസാന വാക്ക് വേണുഗോപാൽ ആണെന്ന് എ കെ ആന്റണിയും ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്. സ്ഥാനാർഥിപ്പട്ടികയെ ന്യായീകരിച്ച് രംഗത്തുവരികയും ചെയ്‌തു. ദീർഘനാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടതും.