പ്രതീക്ഷയുടെ 
നക്ഷത്രവെളിച്ചം കണ്ട്‌...

Sunday Mar 21, 2021
പി ദിനേശൻ
എം മുകുന്ദൻ മലബാർ ക്യാൻസർ സെന്ററിലെ കുട്ടികളുടെ ചികിത്സാലയത്തിന്‌‌ മുന്നിൽ / ജഗത്‌ലാൽ


തലശേരി
മലബാർ ക്യാൻസർ സെന്റർ ഇങ്ങനെ വളരുമെന്ന്‌ ആരും കരുതിയതല്ല. പെറ്റ്‌ സിടി സ്‌കാൻ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ ഈ ആശുപത്രിയിലും സർക്കാർ എത്തിച്ചു. മരണഭയം വേണ്ട, ക്യാൻസർ ചികിത്സിച്ച്‌ മാറ്റാമെന്ന ചിന്തയാണിത്‌ പകരുന്നത്. പണ്ട്‌ ക്യാൻസർ രോഗികൾക്ക്‌ ആശ്രയം തിരുവനന്തപുരം ആർസിസി മാത്രമായിരുന്നു‌. തിരുവനന്തപുരത്ത്‌ ട്രെയിനിൽ പോകുമ്പോൾ മിക്കവാറും ക്യാൻസർ രോഗികളുണ്ടാവും. അവശരായ രോഗികളെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും. നമ്മുടെ നാട്ടിൽ ഒരു ക്യാൻസർ ആശുപത്രി വന്നെങ്കിലെന്ന്‌ ആലോചിച്ചുപോയ നിമിഷങ്ങളായിരുന്നു അത്‌.

‘‘മദിരാശി അഡയാറും മുംബൈ ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ടുംപോലെ എംസിസി വളരുന്നത്‌ അഭിമാനത്തോടെയാണ്‌‌ കാണുന്നത്‌. പൈസയില്ലാത്തവർക്കും ഇവിടെ ചികിത്സ കിട്ടുന്നു. പാശ്‌ചാത്യ രാജ്യങ്ങളിൽപോലും ഇങ്ങനെ സൗജന്യ ചികിത്സയില്ല’’. - ആശുപത്രി സാധാരണക്കാർക്ക്‌ നൽകുന്ന കരുതലിന്റെ ഉറപ്പ്‌ എം മുകുന്ദന്റെ വാക്കുകളിലുണ്ട്‌.

മലബാർ ക്യാൻസർസെന്ററിന്റെ പുരോഗതി നേരിൽ കാണാനെത്തിയ എം മുകുന്ദൻ ആശുപത്രിയുടെ വികസനമുദ്രകൾ കണ്ടും അറിഞ്ഞും ഓരോ ബ്ലോക്കിലൂടെയും നടന്നു. ഒപ്പം ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ ടി അനിതയടക്കമുള്ള ജീവനക്കാരും. ഡോക്ടർമാരും ജീവനക്കാരും ആരാധനയോടെ ചുറ്റുംകൂടി. എല്ലാവരോടും ചിരിച്ച്‌ മറുപടി പറഞ്ഞ്‌, രോഗികളോട്‌ കുശലംപറഞ്ഞ്‌ അർബുദരോഗികളുടെ അഭയകേന്ദ്രത്തിൽ പ്രതീക്ഷയുടെ നക്ഷത്രവെളിച്ചമായി എഴുത്തുകാരൻ.

വീട്‌ വിട്ടാൽ മറ്റൊരുവീട്‌ എന്ന സങ്കൽപത്തിൽ പണിത ചിൽഡ്രൻസ്‌ ഓങ്കോളജി ബ്ലോക്കിന്‌ മുന്നിലൂടെ കോടിയേരി അന്തോളി മലയിറങ്ങി മയ്യഴിയിലേക്ക്‌ മടങ്ങുമ്പോഴും അദ്ദേഹം സംസാരിച്ചത്‌ എംസിസിയിലെ വികസനത്തെക്കുറിച്ചാണ്‌.
562 കോടിയുടെ പദ്ധതികളാണ്  എൽഡിഎഫ് സർക്കാർ  ഇവിടെ കൊണ്ടുവന്നത്. ആശുപത്രിയുടെ വളർച്ചയ്‌ക്ക്‌ എന്ത്‌ സഹായവും നൽകാൻ സന്നദ്ധനായി നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുണ്ട്‌. മന്ത്രി കെ കെ ശൈലജയും ഒപ്പം എ എൻ ഷംസീർ എംഎൽഎയുടെ പരിശ്രമവും ചേർന്നപ്പോഴാണ്‌ പിജി ഇൻസ്‌റ്റിറ്റ്യൂട്ടായി വളരുന്നത്‌. എല്ലാറ്റിനുമുപരി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തെ പോലൊരു പ്രഗത്ഭനായ ഭിഷഗ്വരന്റെ സമർപ്പിത മനസ്സും.