റേഷൻ കട ഇപ്പോൾ ഹൗസ്‌ഫുള്ളാണ്
Sunday Mar 21, 2021
ജസ്‌ന ജയരാജ്
കണ്ണൂർ
‘‘പണ്ടൊക്കെ റേഷനെന്ന് പറഞ്ഞാൽ ആള് മൂക്ക് പൊത്തും. പുഴുവന്ന അരി വാങ്ങിയകാലംവരെ ഞമ്മളെ ഓർമയില്‌ണ്ട്... റേഷൻ വാങ്ങുന്നവരെ കുറച്ച് കുറഞ്ഞവരായേ എല്ലാരും കാണൂ.... ഇപ്പം നല്ല എ ക്ലാസ് അരിയല്ലേ കിട്ടുന്നേ.... റേഷൻ പീട്യേല് പോയാൽ എന്താതിരക്ക്....നാട്ടുകാർക്ക് മൊത്തം വേണം ഇപ്പം റേഷൻ റേഷൻ പീട്യന്നെ ഇപ്പം ആകെ മാറീലെ...എലി പായ്‌ന്ന പഴയേ മുറിയൊന്നുമല്ല.
കണ്ണൂർ ആയിക്കര ഉപ്പാലവളപ്പിലെ സീനത്ത് വീടിന്റെ മുറ്റത്തിരുന്ന് ഉള്ള് നിറഞ്ഞ ചിരിയുമായാണ് ഇത് പറയുന്നത്. ‘‘ കടലില് പോവുന്ന വീട്ടിലെ ആണുങ്ങക്ക് പണിയില്ലാത്ത കാലമാണ് മക്കളേ... നട്ടം തിരിഞ്ഞ് പോവ്‌ന്ന കാലം .... വെച്ച്‌വിളമ്പാൻ അരിയില്ലാത്തത്തിന്റെ ബേജാറ് വീട്ടിലെ പെണ്ണുങ്ങക്കേ തിരിയൂ.... കൊറോണ ബന്ന് നാട്‌മൊത്തം അടച്ചിറ്റും ഞമ്മളെ അടുക്കളെ അടച്ചിടേണ്ടി ബന്നിറ്റില്ല....ഞമ്മളെ ബെശമം തിരിയുന്ന സർക്കാര് ഇബിട്‌ണ്ട്’’ ജീവിതത്തിൽ എന്ത് വന്നാലും വിശന്നിരിക്കേണ്ടി വരില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ അഞ്ച് മക്കളുടെ ഉമ്മ.
‘‘ഞമ്മള് ജനിച്ച വളർന്ന നാടായിത്. കഷ്‌ടകാലത്ത് ചോറ് തന്ന സർക്കാരിനെ ഞമ്മള് ഒരു കാലത്തും മറക്കില്ല. റേഷൻ പീട്യേന്ന് കിട്ടുന്ന അരിയും കിറ്റും വല്യ സഹായാണ്. മോൾടെ മക്കൾക്ക് സ്‌കൂളിൽനിന്നും കിട്ടി കിറ്റ്. ന്റെ സ്‌കൂള്‌ന്ന് കിട്ട്യതാന്ന് പറഞ്ഞ് ചെലപ്പോ ഇവര് ബല്യ ഡയലോഗടിക്കും’’. സീനത്തിന്റെ പൊട്ടിച്ചിരിക്കിടയിൽ യുകെജിക്കാരി ആയിഷ മിന ഉമ്മൂമ്മയുടെ പിറകിലൊളിച്ചു. ഏട്ടൻ മുഹമ്മദ്‌നാദിലിനെ നോക്കി ഒരു കള്ളച്ചിരിയും.
‘‘ പണ്ട് ഒരു ക്വിന്റൽ അരിയെടുത്താൽ 100 രൂപയാണ് കമീഷൻ കിട്ടുക. ലോറി വാടക, കയറ്റിറക്ക് കൂലി, മുറി വാടക, കറന്റ്‌ചാർജ് ഇതെല്ലാം ഈ നൂറിൽനിന്ന് കൊടുക്കണം. സത്യം പറഞ്ഞാൽ വാങ്ങാത്ത അരിയുടെ ബിൽ മുറിച്ചും മറിച്ചുവിറ്റുമൊക്കെയാണ് പല കടക്കാരും ഈ പൈസ കണ്ടെത്തിയത്. ഇപ്പോൾ സർക്കാർ ചെലവിൽ അരി കടയിലെത്തിച്ച് കൺമുമ്പിൽ തൂക്കി അളവ് എഴുതും’’.
സ്ഥിരവരുമാനമുണ്ടാക്കിത്തന്ന സർക്കാരിനോടുള്ള നന്ദിയാണ് കണ്ണൂരിലെ ഏച്ചൂരിൽ റേഷൻ കട നടത്തുന്ന കെ രത്നാകരൻ പറഞ്ഞത്.‘‘ 45 ക്വിന്റൽ വരെ വിൽക്കുന്നവർക്ക് 18,000 രൂപ ശമ്പളമെന്നതും എൽഡിഎഫ് കൊണ്ടുവന്നതാണ്. അധികമായി വിൽക്കുന്ന ഓരോ കിലോവിനും 180 രൂപയും കിട്ടും. ആട്ടയും മറ്റ് സാധനങ്ങളും വിറ്റാൽ കിട്ടുന്ന തുകയും കൂട്ടി. ഇ പോസ് മെഷീൻ വന്നതോടെ ഒരു പാട് ബുക്കുകളിൽ കണക്കെഴുതേണ്ട കാര്യമില്ല. കള്ളത്തരങ്ങളും നടക്കില്ല. എത്ര വാങ്ങി, എത്രവാങ്ങാനുണ്ട് എന്ന കണക്കെല്ലാം ഓരോരുത്തരുടെയും മൊബൈൽ ഫോണിൽ നേരിട്ടെത്തുകയല്ലേ...’’ രത്നാകരൻ പറഞ്ഞു.
കോവിഡ്‌കാലം തുടങ്ങിയതിൽപിന്നെ റേഷൻ പീടികയിൽ സജീവമായി പോയി തുടങ്ങിയതിന്റെ അനുഭവങ്ങളാണ് അധ്യാപകൻ മധു പനക്കാട് പങ്കുവച്ചത്. ‘‘ഇതുവരെയുള്ള എല്ലാ കിറ്റും വാങ്ങിയ ആളാണ് ഞാൻ. സാധാരണക്കാരന്റെ ഒഴിഞ്ഞ കീശ മാത്രമല്ല സർക്കാർ കണ്ടത്. മുഴുവൻ ജനങ്ങളെയും പരിഗണിച്ചു.
പ്രതിസന്ധിക്കാലത്ത് അടിയന്തരമായി എടുത്ത തീരുമായിരുന്നു കിറ്റ്. വർഷങ്ങളായുള്ള ഒരു സർക്കാർ നടപടിപോലെ എത്ര അച്ചടക്കത്തോടെയാണ് അത് ജനങ്ങളിലേക്ക് നേരിട്ടെത്തിയത്. ഓർക്കുമ്പോൾ അഭിമാനംമാത്രം’’. മധു പറഞ്ഞു.