മെഗഫോണിന്റെ ശബ്ദത്തിൽ വോട്ടുറപ്പിച്ച കാലം...
Sunday Mar 21, 2021
ഇന്നത്തെപൊലെ വാട്‌സ് ആപ്പും ഫെയിസ്‌ബുക്കും ഒന്നുമില്ല. എന്തിന് മൈക്കു പോലും വിരളം. ആദ്യകാലത്ത് തെരഞ്ഞെടുപ്പ്പ്രവർത്തനത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത് മെഗാഫോണാണ്. വൈകിട്ട് ഗ്രാമങ്ങൾതോറും പ്രവർത്തകർ മെഗാഫോണുമായി ഇറങ്ങും. സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉറക്കെ പറഞ്ഞുള്ള വോട്ടഭ്യർഥന. സ്ഥാനാർഥിയുടെ പേര് പരാമർശിച്ചും ആനുകാലികസംഭവം കോർത്തിണക്കിയുള്ള പാട്ടും ഉണ്ടാകും. ‘അരിതരാം കൂട്ടരേ... പണിതരാം കൂട്ടരേ.... അരിവാളും കതിരുമാണെന്റെ ചിഹ്നം... ’എന്ന് തുടങ്ങുന്ന ഗാനം ജനം കൈയടിയോടെയാണ് സ്വീകരിച്ചിരുന്നത്.
പ്രചാരണത്തിന് ചുണ്ണാമ്പും പഞ്ചസാരയും തുരിശുംചേർത്ത് ചൂടാക്കിയ മിശ്രിതമാണ് ഉപയോഗിക്കുക. പനയുടെ തണ്ട് ചതച്ച് റോഡിലും പാറകളിലും എഴുതും. ഏറ്റവും ഉയരത്തിൽ മലമുകളിലെ പാറപ്പുറത്ത് എഴുതുമ്പോൾ മാസങ്ങളോളം മായാതെ നിൽക്കും. മഷി ഗുളിക കലക്കിയാണ് പോസ്റ്റർ എഴുത്ത്. ചെറിയ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടാവും. 1980-ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അക്കാലത്ത് സ്ഥാനാർഥിക്ക് സഞ്ചരിക്കാനും പ്രചാരണത്തിനും ഒരു വാഹനമാണ് ഉണ്ടായത്. സ്ഥാനാർഥി സഞ്ചരിക്കുന്ന വാഹനത്തിൽത്തന്നെയാണ് മൈക്ക് കെട്ടി പ്രചാരണവും. അന്നത്തെ വോട്ടനുഭവത്തിൽനിന്ന് ഇന്ന് എല്ലാ മേഖലകളിലും എന്തെല്ലാം മാറ്റങ്ങൾ...എല്ലാം ഇന്നലെയെന്ന പോലെ ഓർമകളിൽ തെളിയുന്നു.
തയ്യാറാക്കിയത്
ശിവദാസ് തച്ചക്കോട്